കൊല്ലം: പാമ്പു കടിയേറ്റ് സ്‌കൂള്‍ വിദ്യാര്‍ഥിഷെഹ്‌ല മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പാളിനെ ബലിയാടാക്കിയതാണെന്ന ആരോപണവുമായി ഒരുവിഭാഗം അധ്യാപകര്‍ രംഗത്ത്. ഹെഡ്മാസ്റ്റര്‍ ചുമതലക്കാരനായ ഹൈസ്‌കൂള്‍ വിഭാഗത്തിലുണ്ടായ വീഴ്ചയ്‌ക്ക് ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പാളിനെതിരെ നടപടിയെടുത്തതും കേസെടുത്തതും അന്യായമാണെന്ന് അധ്യാപകര്‍ പറയുന്നു.
സ്‌കൂള്‍ വിദ്യാഭ്യാസപരിഷ്‌കരണത്തിന്റെ ഭാഗമായി ഒന്നു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായി ഏറ്റവും ഉന്നതപദവി വഹിക്കുന്നത് പ്രിന്‍സിപ്പാളാണെന്ന കാരണത്താലാണ് ബത്തേരി സര്‍വജന സ്‌കൂളിലെ പ്രിന്‍സിപ്പാളായ കരുണാകരനെതിരെ കേസെടുത്തത്. ഇദ്ദേഹം ഇപ്പോള്‍ ഒളിവിലാണ്. ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്ക് ഹൈസ്‌കൂള്‍ ക്ലാസുകളില്‍ യാതൊരു പങ്കുമില്ലെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍, അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക് ക്ലാസില്‍ വച്ച് പാമ്പുകടിയേറ്റതും കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതും മരിച്ചതും വലിയ വിവാദത്തിന് വഴിവച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് സ്വന്തം കോട്ടങ്ങള്‍ മൂടിവച്ചാണ് സര്‍ക്കാരും വിദ്യാഭ്യാസവകുപ്പും നടപടികളെടുത്തത്. അധ്യാപകനും ഹെഡ്മാസ്റ്റര്‍ക്കും എതിരെ മാത്രം നടപടി സ്വീകരിക്കേണ്ട സ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പാളിനെയും കൂടി പ്രതിയാക്കിയത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനവും മാനസികപീഡനവുമാണെന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ ചൂണ്ടിക്കാട്ടി.
നിലവില്‍ യുപി സ്‌കൂളുകളുടെ ഭരണത്തലവന്‍ ഹെഡ്മാസ്റ്റര്‍ ആയിരിക്കെ പ്രൈമറി, ഹൈസ്‌കൂള്‍ ഭരണത്തിലോ ദൈനംദിന പ്രവര്‍ത്തനത്തിലോ വരുന്ന കൃത്യവിലോപത്തിനും വീഴ്ചകള്‍ക്കും പ്രിന്‍സിപ്പാള്‍ എങ്ങനെ ഉത്തരവാദിയാകുമെന്നാണ് ഉയരുന്ന ചോദ്യം. ഒന്നു മുതല്‍ 12 വരെ ക്ലാസുകളുടെ ലയനം പൂര്‍ണമാക്കി ഒറ്റ കുടക്കീഴില്‍ വരുത്താനുള്ള ചര്‍ച്ചകള്‍ എങ്ങുമെത്തിയിട്ടില്ല. സ്വതവേ അക്കാദമി മികവും ഭരണപരവുമായ ജോലിഭാരത്താല്‍ ഉഴലുകയാണ് ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പാള്‍മാരും അധ്യാപകരും. ഇതിനിടയിലാണ് ഷെഹ്‌ല സംഭവത്തിന്റെ പേരിലുള്ള വേട്ടയാടല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: