കെഎസ്ആര്‍ടിസി എന്ന സ്ഥാപനം ആത്മഹത്യക്കും അന്ധകാരത്തിനുമിടയില്‍ കിടന്ന് ഊയലാടുകയാണെന്നത് അതിശയോക്തിയല്ല. ഒരു സര്‍ക്കാര്‍ ജോലി എന്ന സാധാരണക്കാരന്റെ എക്കാലത്തെയും മോഹം പൂവണിഞ്ഞുകൊണ്ട് ഒരാള്‍ കെഎസ്ആര്‍ടിസിയില്‍ ജോലി നേടിയാല്‍ ഇന്നത്തെ സ്ഥിതിയില്‍ ഫലം അധോഗതി എന്നായിരിക്കുന്നു. ശമ്പളം കിട്ടുമോ, എന്ന് കിട്ടും, എത്രകിട്ടും, പ്രതീക്ഷിക്കാമോ എന്നിങ്ങനെയുള്ള നൂറുകൂട്ടം പ്രശ്നങ്ങളുടെ നെരിപ്പോടും തലയിലേറ്റിയാണ് ഓരോ ജീവനക്കാരനും അതില്‍ ജോലിയെടുക്കുന്നത്. അന്നന്നത്തെ അന്നത്തിന് വക കണ്ടെത്തുന്ന സാധാരണ തൊഴിലാളിയുടെ പ്രതീക്ഷപോലും അനേകം വര്‍ഷത്തെ സര്‍വീസുള്ള ജീവനക്കാരന് ഇല്ലെന്നതത്രേ ദയനീയമായ കാര്യം.
കെഎസ്ആര്‍ടിസിയുടെ ഇന്നത്തെ ദുരവസ്ഥയ്ക്ക് ആരാണ് കാരണക്കാര്‍ എന്ന ചോദ്യത്തിന് ഉത്തരം ഒരുപാടുണ്ടാകാം. അതൊന്നും ഇപ്പോഴത്തെ പ്രതിസന്ധിക്ക് ന്യായീകരണമായി എടുക്കാന്‍ വയ്യ. അതേസമയം അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ആര്‍ക്കും കൈകഴുകാനുമാവില്ല. നൂറുകണക്കിന് ജീവനക്കാരുടെ കുടുംബങ്ങള്‍ അവരുടെ ഉറ്റവരും ഉടയവരുമായവരുടെ ശമ്പളവും ആനുകൂല്യവും മാത്രം ആശ്രയിച്ചു കഴിയുന്നവരാണ്. അവരെ വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് എടുത്തെറിയുന്ന തരത്തിലുള്ള നടപടിക്രമങ്ങളാണ് ഉത്തരവാദപ്പെട്ട സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഒരു സേവന മേഖലയായതിനാല്‍ കൊള്ളലാഭം ഉണ്ടാകാനുള്ള അവസരവും അന്തരീക്ഷവും കെഎസ്ആര്‍ടിസിക്ക് ഇല്ലെന്നത് വസ്തുതയാണ്. എങ്കില്‍ കൂടി ഇത് മുന്നോട്ടുകൊണ്ടുപോവണമെങ്കില്‍ നഷ്ടമില്ലാത്ത തരത്തിലുള്ള പ്രവര്‍ത്തനം അനിവാര്യമാണ്.
സര്ക്കാര്സ്വത്തല്ലേ എന്തുമായിക്കളയാം എന്ന മലയാളിയുടെ പൊതു ബോധം ഒരളവുവരെ ആ സ്ഥാപനത്തിനെതിരെയുള്ള നീക്കങ്ങള്‍ക്ക് ശക്തി കൂട്ടിയിട്ടുണ്ട്. ഓരോ സമരകാലത്തും തകര്‍ക്കപ്പെടുന്ന ബസ്സുകളുടെ എണ്ണം മാത്രം നോക്കിയാല്‍ മതി ഇത് ബോധ്യപ്പെടാന്‍. എത്രമാത്രം ആത്മാര്‍ത്ഥതയോടെ ജോലിചെയ്താലും അവഗണനയും മറ്റുമായി ജീവനക്കാരുടെ മനംമടുപ്പിക്കുന്ന സ്ഥിതിവിശേഷങ്ങള്‍ വേറെയുമുണ്ട്.ഈ വ്യവസായത്തിന്റെ യഥാര്‍ത്ഥമായ അവസ്ഥ മനസ്സിലാക്കാത്ത സിഎംഡിമാരും തകര്‍ച്ചക്ക് ഗതിവേഗം കൂട്ടുന്നു എന്ന് പറയാതെ വയ്യ. ഇത്തരം കാര്യങ്ങള്‍ ഒക്കെ നില്‍ക്കെയാണ് ഗതാഗതമന്ത്രിയും പരിവാരങ്ങളും ഈ മേഖലയിലെ കൂടുതല്‍ പഠനത്തിനായി ടോക്കിയോയിലേക്ക് പറന്നിരിക്കുന്നത്. നേരത്തെ സുശീല്‍കുമാര്‍ ഖന്നയുടെ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയ സര്‍ക്കാര്‍ അതൊക്കെ പരണത്ത് വെച്ച് കൂടുതല്‍ പഠനത്തിനായി ഇറങ്ങിത്തിരിക്കുകയാണ്. ഇവിടെ ശമ്പളം കിട്ടാതെ എന്ത് ചെയ്യേണ്ടൂ എന്നറിയാതെ ജീവനക്കാര്‍ നട്ടം തിരിയുമ്പോള്‍ ലക്ഷങ്ങള്‍ ചെലവാക്കിയുള്ള ടോക്കിയോയാത്ര എന്തിനാണെന്ന ചോദ്യത്തിനു പോലും പ്രസക്തിയില്ല. പാവപ്പെട്ട തൊഴിലാളിയുടെ പേരില്‍ കണ്ണീരൊഴുക്കുന്നവര്‍ തന്നെയാണ് അവരുടെ വയറ്റത്തടിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സൂത്രധാരത്വം വഹിക്കുന്നതെന്നത് അങ്ങേയറ്റത്തെ ക്രൂരതയല്ലേ?
കെഎസ്ആര്‍ടിസിയിലാണ് ജോലിയെങ്കില്‍ എട്ടു രൂപയുടെ ചായ പോലും കടം കിട്ടില്ലെന്ന സ്ഥിതിയിലേക്ക് കൂപ്പുകുത്തിയിരിക്കെ അതൊക്കെ അവഗണിച്ച് വകുപ്പു മന്ത്രി ശശീന്ദ്രനും സംഘവും മുഖ്യമന്ത്രിക്കൊപ്പം ജപ്പാന് യാത്ര നടത്തുകയാണ്. സാമാന്യ ബോധമുള്ള ആര്‍ക്കെങ്കിലും ഇത് ന്യായീകരിക്കാനാവുമോ? സുശീല്‍ ഖന്നയുടെ റിപ്പോര്‍ട്ട് പൂര്‍ണമായി കിട്ടിയില്ലെന്ന് കോര്പറേഷന് പറയുമ്പോള്‍ ധനകാര്യമന്ത്രിക്ക് അത് കൈമാറിയിട്ടുണ്ടെന്നാണ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. തൊഴിലാളികള്‍ക്കൊപ്പമാണ് എന്നഭിമാനിക്കുന്ന സര്‍ക്കാര്‍ നിരന്തരം തൊഴിലാളിദ്രോഹ നടപടികള്‍ സ്വീകരിക്കുന്നുവെങ്കില്‍ ഈ സ്ഥാപനം കുഴിച്ചുമൂടാന്‍ തത്വത്തില്‍ തീരുമാനിച്ചിരിക്കുന്നു എന്ന് കരുതേണ്ടിവരും. ഘട്ടം ഘട്ടമായി സ്വകാര്യമേഖലയ്ക്ക് കെഎസ്ആര്‍ടിസിയെ അടിയറവെച്ചാല്‍ പിന്നെയൊന്നും ചിന്തിക്കേണ്ടതില്ലല്ലോ എന്നാവാം അവരുടെ നിലപാട്.
ഈ സ്ഥാപനത്തെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന പരശ്ശതം ജീവനക്കാരും ഉദ്യോഗസ്ഥരും ഉള്ളതുകൊണ്ടാണ് ഊര്‍ധ്വന്‍ വലിച്ചു പോലും അത് മുന്നോട്ടുപോകുന്നത്. അതിന്റെ ആത്മാര്‍ഥത തെല്ലും ഉള്‍ക്കൊള്ളാതെ സ്ഥാപനത്തെ നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നവര്‍ക്ക് കൈത്താങ്ങ് നല്കുന്ന സമീപനമാണ് ഇത്. ഇതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. സ്ഥാപനത്തെ നേരെ ചൊവ്വെ മുന്നോട്ടുകൊണ്ടു പോകാനുള്ള വഴികളെക്കുറിച്ച് ആലോചിക്കണം. ഭാരിച്ച ചെലവുകളും കെടുകാര്യസ്ഥതയും ഒഴിവാക്കി കേരളത്തിന്റെ അഭിമാനമായി കെഎസ്ആര്‍ടിസിയെ മാറ്റിയെടുക്കണം. അതിന് ജീവനക്കാര്‍ ഒറ്റക്കെട്ടായി രംഗത്തുണ്ടാവുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ സര്‍ക്കാര്‍ അതിന് തയാറാവുമോ എന്നാണ് അറിയേണ്ടത്. ലോകമെങ്ങുമുള്ള ഗതാഗതസംവിധാനങ്ങള്‍ പഠിക്കുകയും കൊള്ളാവുന്നവ ഇവിടെ ഏര്‍പ്പെടുത്തുകയും ചെയ്യുന്നത് നല്ലതുതന്നെ. എന്നാല്‍ കഷ്ടകാലത്തിന്റെ നഷ്ടബോധം മാത്രമുള്ള ഇന്നത്തെ സ്ഥിതിവിശേഷത്തിന്റെ പശ്ചാത്തലത്തില്‍ വിദേശയാത്രയും പഠനപരിപാടികളും എല്ലാം കെഎസ്ആര്‍ടിസിയുടെ വളര്‍ച്ചയ്ക്കല്ല ഉദകക്രിയക്കായിരിക്കും ഉപകാരപ്പെടുക എന്നാണ് ഞങ്ങള്‍ക്കു പറയാനുള്ളത്. തകര്‍ച്ചയില്‍ നിന്ന് കരകയറുന്നതിനു പകരം കൂടുതല്‍ താഴ്ചയിലേക്ക് കെഎസ്ആര്‍ടിസിയെ കുടഞ്ഞെറിയരുത് എന്നൊരു അപേക്ഷയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: