ന്യൂദല്‍ഹി: മഹാരാഷ്‌ട്രയില്‍ ഇന്നലെത്തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശം നല്‍കണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം തള്ളിയ സുപ്രീംകോടതി ഇന്ന് കേസ് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും എന്‍സിപി നേതാവ് അജിത് പവാറും ഗവര്‍ണര്‍ക്ക് നല്‍കിയ പിന്തുണക്കത്ത് ഇന്ന് ഹാജരാക്കാന്‍ നിര്‍ദേശിച്ച ജസ്റ്റിസ് എന്‍. വി. രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് രാവിലെ പത്തരയ്‌ക്കാണ്‌കേസ് പരിഗണിക്കുന്നത്.
ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ഇക്കാര്യങ്ങളല്ല കോടതി പരിഗണിക്കുന്നതെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് എന്‍.വി. രമണ പിന്തുണക്കത്തുകള്‍ ഹാജരാക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്‌ക്ക് നിര്‍ദേശം നല്‍കി. രേഖകള്‍ പരിശോധിച്ച ശേഷം ഇവ നല്‍കാമെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവര്‍ കൂടി ഉള്‍പ്പെട്ട ബെഞ്ചാണ് മഹാരാഷ്‌ട്ര കേസ് ഞായറാഴ്ച പ്രത്യേകമായി ചേര്‍ന്ന് പരിഗണിച്ചത്. ഗവര്‍ണറുടെ നടപടി റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ മുഖ്യആവശ്യം. അതല്ലെങ്കില്‍ 24 മണിക്കൂറിനകം ഫഡ്‌നാവിസ് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നേരിടണമെന്നും കോണ്‍ഗ്രസും ശിവസേനയും ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങളുടെ മുന്നിലുള്ള പരിഗണനാ വിഷയം ഇതല്ലെന്ന് വ്യക്തമാക്കിയ കോടതി, പിന്തുണക്കത്തുകള്‍ പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: