കേരളം അഭിമാനം കൊള്ളുന്നത് വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും വന്‍ നേട്ടം കൈവരിച്ചു എന്നതിലാണ്. ഇതുവരെ ഭരിച്ചവരൊക്കെത്തന്നെ ഇക്കാര്യത്തില്‍ തങ്ങള്‍ കൂടുതല്‍ പ്രവര്‍ത്തിച്ച് നേട്ടംകൊയ്തു എന്നാണ് പ്രചരിപ്പിച്ചിരുന്നത്. അതിനാല്‍ തന്നെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കിട്ടാത്ത പദവിയും പത്രാസും കേരളത്തിന് ലഭിക്കുകയും ചെയ്തു.
ഈ രണ്ടു മേഖലയുമാണ് ജനസാമാന്യത്തെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്ന് വ്യക്തമാണ്. അതുകൊണ്ടുതന്നെ ഏറെ ശ്രദ്ധയും മേല്‍നോട്ടവും വേണ്ട മേഖലകളാണിവ. എന്നാല്‍ തികഞ്ഞ ലാഘവബുദ്ധിയോടെയാണ് ഇവ കൈകാര്യം ചെയ്യുന്നതെന്ന് ഓരോരോ സംഭവങ്ങളിലൂടെയും നമുക്കറിയാനാവുന്നു. ഏറ്റവുമൊടുവില്‍ വയനാട്ടിലെ ബത്തേരിയില്‍ ഒരു അഞ്ചാംക്ലാസുകാരിക്ക് ദാരുണമായി ജീവന് നഷ്ടപ്പെടുകയുണ്ടായി. ക്ലാസ്മുറിയിലിരിക്കെയാണ് കുട്ടിയെ പാമ്പുകടിച്ചതെന്നറിയുമ്പോള്‍ നമ്മുടെ ഭരണാധികാരികളും മറ്റും പറഞ്ഞ് പ്രചരിപ്പിച്ചതിന്റെ പൊള്ളത്തരം വെളിപ്പെടുകയാണ്. ജീവിതത്തിന്റെ സൂര്യോദയം പോലും ശരിക്കു കാണാന്‍ കഴിയാതെപോയ ഷഹ്ല ഷെറിന് നമ്മുടെ മനസ്സില്‍ എന്നെന്നും ഒരു മുറിവായി കിടക്കും.
വിദ്യാഭ്യാസ മേഖലയില്‍ കോടികള്‍ ചെലവഴിക്കുന്നുവെന്നാണ് കൊട്ടിഘോഷിക്കാറുള്ളത്. എന്നാല്‍ ആ പണമൊക്കെ എങ്ങോട്ടാണ് പോകുന്നത്? എന്തിനൊക്കെയാണ് ചെലവാക്കുന്നത്? ഇതിനെക്കുറിച്ചൊന്നും ബന്ധപ്പെട്ടവര്‍ക്ക് ഒരു രൂപവുമില്ല. എന്നാല്‍ കോടിക്കണക്കിന് രൂപ പലവഴിക്കും പോകുന്നു. അപ്പോഴും അടിസ്ഥാന സൗകര്യമില്ലാതെ അനവധി സ്ഥാപനങ്ങള്‍ നട്ടം തിരിയുകയാണ്. ചില സ്കൂളുകളില്‍ അധ്യാപകരുടെ പ്രത്യേക ശ്രദ്ധകൊണ്ടു മാത്രം കാര്യങ്ങള്‍ മുന്നോട്ടു പോകുന്നുവെന്നേയുള്ളൂ. ഏതെങ്കിലും സ്കൂളില്‍ അവരുടെ പരിശ്രമം കൊണ്ട് വല്ല നേട്ടവും ഉണ്ടായാല്‍ അത് സ്വന്തം അക്കൗണ്ടില്‍ വരവുവെക്കാന്‍ സര്‍ക്കാര്‍ ഉത്സാഹം കാണിക്കുകയും ചെയ്യുന്നു.
ബത്തേരിയിലെ ദാരുണ സംഭവത്തിനുശേഷം ചില കണ്ണില്‍പൊടിയിടല്‍ തന്ത്രങ്ങളുമായി സര്‍ക്കാര്‍ രംഗത്തെത്തിയതില്‍ എത്രമാത്രം ആത്മാര്‍ഥതയുണ്ടെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. മിക്ക സര്‍ക്കാര്‍ സ്കൂളുകളിലും സ്ഥിതി ദയനീയമാണ്. പൊളിക്കാനുള്ള കെട്ടിടത്തില്‍ ക്ലാസ് നടത്തുക, പൊളിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ മാറ്റാതിരിക്കുക, കാടും പടലും വെട്ടിമാറ്റാതിരിക്കുക തുടങ്ങി അനവധി പ്രശ്നങ്ങളാണുള്ളത്. ഇതൊക്കെ ഒറ്റ ദിവസം കൊണ്ട് മാറ്റാനാവില്ല എന്നറിയാം. എന്നാല്‍ ഒരു ദുരന്തം ഉണ്ടായ ശേഷമേ എന്തെങ്കിലും നടക്കൂ എന്നത് അങ്ങേയറ്റത്തെ ക്രൂരതയാണ്. ഭാവി പൗരന്മാരെ വാര്‍ത്തെടുക്കേണ്ട പരീക്ഷണശാലകള്‍ മരണദൂതന്മാര് സൈ്വരവിഹാരം ചെയ്യുന്ന ഇടങ്ങളായിക്കൂടാ. ജീവന്റെ വര്‍ണോത്സവങ്ങള്‍ക്കിടെ കണ്ണീര്‍മഴ പെയ്യാനുള്ള അന്തരീക്ഷം ഒരിക്കലും ഉണ്ടാവരുത്. വേണ്ടതൊക്കെ ഉദ്യോഗസ്ഥര്‍ ഫയലുകളില്‍ എഴുതിവെച്ചാല്‍ എല്ലാം ആയെന്ന് കരുതുന്നത് മൗഢ്യമാണ്.
കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് 141 സ്കൂളുകള്‍ തെരഞ്ഞെടുത്തിരുന്നു. കെട്ടിട നിര്‍മാണമടക്കമുള്ളവ ഇതില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതുവരെ എട്ടെണ്ണത്തിന്റെ നിര്‍മാണം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. പ്രചാരണക്കൊടുങ്കാറ്റെവിടെ, യാഥാര്‍ഥ്യമെവിടെ എന്നതിന്റെ വ്യക്തമായ ചിത്രമാണിത്. പ്രചരണങ്ങള്‍ക്കപ്പുറം ഒരു തലമുറയെ ദിശാബോധത്തോടെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നില്ലെന്നത് സ്പഷ്ടമല്ലേ? ഷഹ്ലയുടെ ദാരുണാന്ത്യത്തിന് ശേഷം ചില നടപടിക്രമങ്ങളൊക്കെ തിരക്കുപിടിച്ച് നടത്തുന്നുണ്ട്. അതിന്റെ ചൂടും ചൂരും തീര്‍ന്നാല്‍ തഥൈവ എന്നാവും. ഇക്കാര്യത്തില്‍ എല്ലാ രാഷ്ട്രീയ താല്പര്യങ്ങളും മാറ്റിവെച്ച് സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ മുന്നിട്ടിറങ്ങണം. ഉപായം കൊണ്ട് ഓട്ടയടച്ചാല്‍ ഇനിയും വിഷജന്തുക്കള്‍ പുറത്തുവരും, ഓമനകളുടെ ഉയിരെടുക്കും. ഏതെങ്കിലും ബലിയാടുകളുടെ തലയില്‍ കുറ്റം കെട്ടിവെച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യും. അതിന് അവസരം ഒരുക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: