അയ്യപ്പനോട് ഏറ്റുമുട്ടാന്‍ നോക്കി വക്കും മൂലയും പൊട്ടി, ഉടലാകെ ഞണുങ്ങി ഓട്ടക്കലമായിപ്പോയ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പുതിയ കോളാമ്പിയാണ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്. നിക്കറുടുത്ത് നടക്കുന്ന കാലം മുതലേ മാസ്റ്ററാണ് മോഹനനെന്നാണ് പാര്‍ട്ടിക്കാരുടെ പാട്ടെഴുത്തുകാര്‍ പറയുന്നത്. 76 മുതല്‍ സഖാക്കന്മാര്ക്ക് അടവുനയം പഠിപ്പിച്ചുകൊടുത്തയാളാണ് പോലും അദ്ദേഹം. ഏഴ് കൊല്ലം ലീവെടുത്തും പിന്നെ രാജിവെച്ചും പാര്‍ട്ടിക്ക് വേണ്ടി ഇതേ കോളാമ്പിപ്പണി എടുത്താണ് പി. മോഹനന്, മോഹനന് മാസ്റ്ററായി കോഴിക്കോട്ടെ സി.എച്ച് കണാരന് മന്ദിരത്തില്‍ വാഴുന്നത്.
പിണറായി മനസ്സില്‍ കാണുന്നത് മോഹനന് മാനത്ത് കാണും. പണ്ട് അഞ്ഞൂറാന്റെ തുപ്പല് ഏറ്റുവാങ്ങി മുറ്റത്തേക്ക് നീട്ടിത്തുപ്പിയ അതേ കോളാമ്പിയുടെ റോള്‍…. ടി.പി. ചന്ദ്രശേഖരനെ അമ്പത്തൊന്ന് വെട്ട് വെട്ടി കൊന്ന കാലത്ത് ആ കൊലപാതകത്തെ ന്യായീകരിച്ച് ആദ്യം രംഗത്തുവന്നത് അന്നത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്. ചന്ദ്രശേഖരന് കുലംകുത്തിയാണെന്നായിരുന്നല്ലോ വിജയന്റെ പ്രസ്താവന. മാഷാ അള്ളാ സ്റ്റിക്കര്‍ പതിച്ച വാഹനവും അതിന്റെ പിന്നിലെ കുബുദ്ധിയുമൊക്കെ അന്നേ വാര്‍ത്തകളിലിടം പിടിച്ചതാണ്. ചന്ദ്രശേഖരന് വധം അന്വേഷിച്ച എസ്ഐടി തുമ്പ് പിടിച്ചുപോയിരുന്നെങ്കില് സംശയത്തിന്റെ പേരിലെങ്കിലും ചെന്ന് കയറേണ്ടിയിരുന്നത് പിണറായിയുടെ തിരുനടയിലേക്കാണ്. എന്നിട്ടും അന്വേഷണം കറങ്ങി മോഹനന്റെ മുന്നില്‍ നിന്നു. മോഹനനെ കയ്യാമം വെച്ചു. അതാണ് പാര്‍ട്ടിയില്‍ പി. മോഹനനുള്ള സ്ഥാനം. പിണറായിക്ക് അസുഖം വന്നാല്‍ മോഹനനെ ചികിത്സിച്ചാല്‍ മതിയെന്ന മട്ടിലാണ് അവര്‍ തമ്മിലുള്ള ഇരുപ്പുവശം.
കോഴിക്കോട് കെഎസ്കെടിയുവിന്റെ ജില്ലാസമ്മേളനത്തില്‍ പ്രസംഗിക്കാന്‍ കയറുമ്പോള്‍ മോഹനന് സഖാവ് പിണറായിയുടെ മുഖം മിനുക്കണമെന്നേ ഉണ്ടായിരുന്നുള്ളൂ. മാവോയിസ്റ്റ് വാവകളെ വീട്ടില്‍ കയറി പൊക്കിയതും മഞ്ചിക്കണ്ടിയില്‍ മറ്റ് ചില വാവകളെ വെടിവെച്ചുതള്ളിയതുമെല്ലാം കൂടി വിജയേട്ടനെതിരെയുള്ള ആക്ഷേപങ്ങളാക്കി കാനവും മറ്റും തള്ളിമറിക്കുന്നതിനിടെയാണ് മോഹനന്റെ ഒരുകൈ സഹായം. മോഹനന് ഇതിനുമുമ്പും ഇമ്മാതിരി സഹായം വിജയേട്ടന് ചെയ്തുകൊടുത്തിട്ടുണ്ട്.
ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നും ചെയ്തിട്ടുണ്ടെന്നുമൊക്കെ ഒരുളുപ്പുമില്ലാതെ മോഹനന് വിളിച്ചുപറഞ്ഞത് അക്കാര്യത്തില്‍ ആര്‍ക്കും ഒരു സംശയത്തിന് അവകാശമില്ലെന്ന് ഓര്‍മ്മിപ്പിക്കാനായിരുന്നു. ഇക്കാലമത്രയും മോഹനന് പറഞ്ഞതൊന്നും തിരുത്താന്‍ വിജയന് മെനക്കെട്ടിട്ടില്ലെന്ന് കൂടി ഓര്‍ക്കണം. ഈ പശ്ചാത്തലത്തിലാണ് മുസ്ലീം തീവ്രവാദ സംഘടനകളാണ് സിപിഎമ്മിലെയും പുറത്തെയും മാവോയിസ്റ്റ് വാവകള്‍ക്ക് ഇങ്ക് കൊടുക്കുന്നതെന്ന മോഹനന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നത്. മോഹനനും പി. ജയരാജനുമൊക്കെ സ്റ്റാന്റില്‍ ഉറച്ചുനിന്നാണ് ഇസ്ലാമിക്, മാവോയിസ്റ്റ് അച്ചുതണ്ടിനെക്കുറിച്ച് ശബ്ദമുയര്‍ത്തുന്നത്.
കേരളത്തില്‍ ശരണം വിളിക്കാന്‍ തുടങ്ങിയ ആദ്യത്തെ സിപിഎം ജില്ലാ ഘടകം ജയരാജന് നയിച്ച കണ്ണൂരിലേതാണല്ലോ. ശരണം വിളി മാത്രമല്ല, ജന്മാഷ്ടമി ശോഭായാത്രയും വിനായകചതുര്‍ത്ഥി ആഘോഷവുമെല്ലാം ജയരാജന്റെ മാര്‍ക്സിസ്റ്റ് ലീലകളുടെ ഭാഗമാണ്. അതിന് ശേഷം ഇപ്പോഴാണ് സിപിഎമ്മില്‍ ആര്‍എസ്എസുകാര്‍ പിടിമുറുക്കുന്നു എന്ന പരാതി ഉയരുന്നത്. ആര്‍എസ്എസുകാര്‍ പറയും പോലെയാണത്രെ മോഹനന് മുസ്ലീം തീവ്രവാദത്തെ വിമര്‍ശിച്ചത്. പറഞ്ഞത് വാസ്തവമാണെങ്കില്‍ മുസ്ലീം തീവ്രവാദത്തിന് തെളിവ് വേണമെന്നാണ് മതേതരമാധ്യമങ്ങളും മുസ്ലീം വോട്ട് തിന്ന് കൊഴുത്ത രാഷ്ട്രീയക്കാരും ആവശ്യപ്പെടുന്നത്. അവര്‍ക്ക് മോഹനന്റെയോ വിജയേട്ടന്റെയോ അടവ് നയം അറിയില്ല.
കേരളത്തിലെ മുസ്ലീം തീവ്രവാദം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കേരളം ഭീകരസംഘടനകളുടെ താവളമാണെന്ന് മോഹനന് പറയുന്നതിന് എത്രയോ മുമ്പേ കേരളത്തിലെ ആര്‍എസ്എസുകാര്‍ പറഞ്ഞു. എത്രയോ കാമ്പയിനുകള്‍ കേരളത്തിലെ മുസ്ലീം തീവ്രവാദത്തിനെതിരെ നടന്നിരിക്കുന്നു. അതെല്ലാം മോഹനന് കേട്ടുപഠിച്ച് പറഞ്ഞ സ്ഥിതിക്ക് ഒരു കാര്യം കൂടി പറയണം. മാവോയിസ്റ്റുകള്‍ക്ക് കൊടുക്കാന്‍ പാകത്തിന് ഇത്രയും തോനെ വെള്ളവും വളവും ഇസ്ലാമിക തീവ്രവാദികള്‍ക്ക് എവിടുന്ന് കിട്ടിയെന്ന കാര്യം. വിജയേട്ടനോട് കൂടിയാലോചിച്ച്, പഴയ കണക്ക് പുസ്തകമൊക്കെ ഒന്ന് തപ്പിയെടുത്തിട്ട് പറഞ്ഞാല്‍ മതി.
കാറ്റും വെളിച്ചവും കയറാത്ത മുറിയിലിരുന്ന് എടുത്ത പാര്‍ട്ടിക്ലാസുകളില്‍ കാണാത്ത കുറേ കാഴ്ചകള്‍ അണികള്‍ക്ക് മോഹനന് മാസ്റ്റര്‍ കാണിച്ചു കൊടുക്കണം.കേരളത്തില്‍ ഗവ. മാപ്പിള സ്കൂളുകള്‍ ഉണ്ടായതെങ്ങനെയെന്ന്, മലപ്പുറം ജില്ല രൂപീകരിച്ചതെങ്ങനെയെന്ന്,മാറാട് കൂട്ടക്കൊല നടന്നതെങ്ങനെയെന്ന്, മദനി മഹാത്മാവായതെങ്ങനെയെന്ന്, മദനിയുടെ പടം മാര്‍ക്സിസ്റ്റ് സ്ഥാനാര്‍ഥിയുടെ പോസ്റ്ററില്‍ വന്നതെങ്ങനെയെന്ന്, സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കുമൊക്കെ ഐഎസുകാരായി മലയാളികള്‍ പോയതെങ്ങനെയെന്ന്, കശ്മീരിലെ ഭീകരര്‍ക്കെതിരെ സൈന്യം ഉതിര്‍ത്ത വെടിയുണ്ട കണ്ണൂര്‍ക്കാരന്റെ നെഞ്ചിന്‍കൂട് തുളച്ചതെങ്ങനെയെന്ന്….. അങ്ങനെ കേരളത്തില്‍ മുസ്ലീം ഭീകരശക്തികള്‍ തഴച്ചുവളര്ന്നതെങ്ങനെയെന്ന് ഒക്കെ മോഹനന് തുറന്നുപറയണം. അപ്പോഴറിയാം മാവോയിസ്റ്റുകളെ വളര്‍ത്തിയ ഇസ്ലാമിസ്റ്റുകള്‍ക്ക് വെള്ളവും വളവും നല്‍കിയതാരാണെന്ന്. കോടിയേരി ഇരിക്കുന്ന എകെജി സെന്ററില്‍ മാത്രമല്ല, മോഹനന് ഇരിക്കുന്ന സി.എച്ച്. കണാരന് മന്ദിരത്തിലും ഒന്ന് വിസ്തരിച്ച് പരതിയാലറിയാം ഇസ്ലാമിസ്റ്റുകളും മാവോയിസ്റ്റുകളുമൊക്കെ വന്ന വഴി.
മാവോയിസ്റ്റുകളുടെ ഭീഷണിയെന്നൊക്കെ പറഞ്ഞ് വിജയേട്ടന് ബുള്ളറ്റ്പ്രൂഫും സ്പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്സുമൊക്കെയായി ഉലകം ചുറ്റാനുള്ള പുറപ്പാടിലാണ്. കമലേടത്തിയെയും കൂട്ടി കൊറിയയും ജപ്പാനുമൊക്കെ ചുറ്റി കിട്ടാനുള്ള പിഞ്ഞാണങ്ങളും വാങ്ങി തിരിച്ചുവരുന്നതിന് മുമ്പായിട്ടെങ്കിലും മോഹനന് കണ്ടതും കേട്ടതുമെല്ലാം നാട്ടുകാരോട് പറയണം. കേരളത്തില്‍ മോഹനന്റെ പാര്‍ട്ടി പാലുകൊടുത്ത് വളര്‍ത്തിയവരുടെ കണക്ക് ജനങ്ങളുടെ പക്കലുണ്ട്. അത് പാര്‍ട്ടിക്കാര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുക്കാനുള്ള ബാധ്യത മാസ്റ്റര്‍ മോഹനനുണ്ട്. ഉറപ്പായും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: