ന്യൂദല്‍ഹി: മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ നീക്കങ്ങളില്‍ തലയ്‌ക്കടിയേറ്റ് മരവിച്ച അവസ്ഥയിലാണ് കോണ്‍ഗ്രസ്. ആര്‍ക്കുമൊന്നും അറിയാത്ത അവസ്ഥ. ആരെന്തു പ്രതികരിക്കണമെന്ന് വ്യക്തമല്ലാത്ത സ്ഥിതി. ഇതായിരുന്നു ഇന്നലെ രാവിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെ കാഴ്ചകള്‍. മനോഹരം എന്നായിരുന്നു മഹാരാഷ്‌ട്രയിലെ ബിജെപിയുടെ ചടുല രാഷ്‌ട്രീയ നീക്കത്തെ പ്രശംസിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വിയുടെ രാവിലെ 8.45ന്റെ ട്വീറ്റ്. സഖ്യചര്‍ച്ചകള്‍ക്ക് മൂന്നുദിവസത്തിലേറെ എടുത്തതിനെയും സിങ്‌വി വിമര്‍ശിച്ചു.
ടെലിവിഷനില്‍ ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ കണ്ട ഉടന്‍ ശിവസേനയുമായി സഖ്യരൂപീകരണത്തിനായി ചുമതലപ്പെടുത്തി അയച്ച എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഹൈക്കമാന്‍ഡ് ബന്ധപ്പെട്ടപ്പോഴാണ് മുംബൈയിലുള്ള കെ.സി. വേണുഗോപാല്‍ പോലും വിവരമറിയുന്നത്. തലേരാത്രി ഒന്‍പതു മണി വരെ തങ്ങള്‍ക്കൊപ്പം സഖ്യചര്‍ച്ചയില്‍ പങ്കെടുത്ത അജിത് പവാര്‍ ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായെന്ന വാര്‍ത്ത മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ് നേതാക്കളെ നടുക്കി. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കടക്കം ഒരു നേതാവിനും എന്തു നിലപാട് സ്വീകരിക്കണമെന്നറിയാത്ത മണിക്കൂറുകള്‍. രാവിലെ പത്തിനും പിന്നീട് പന്ത്രണ്ടരയ്‌ക്കും വെച്ച പത്രസമ്മേളനങ്ങള്‍ മാറ്റി വെയ്‌ക്കേണ്ടിവന്നു. ഒടുവില്‍ വൈകിട്ട് നാലിനു ശേഷമാണ് പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജേവാല മാധ്യമങ്ങളെ കാണുന്നത്.
മഹാരാഷ്‌ട്രയിലെ വാര്‍ത്തകള്‍ കേട്ട് ദല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ രാവിലെ ഓടിയത് എഐസിസി ആസ്ഥാനത്തേക്കാണ്. ക്യാന്റീനിലെ തകര്‍പ്പന്‍ ചര്‍ച്ച ശിവസേനയെ കൂട്ടി കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട്. അവിടെ സത്യപ്രതിജ്ഞ രാവിലെ കഴിഞ്ഞെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ ചായ കുടിച്ചുകൊണ്ടിരുന്ന നേതാവിന്റെ പ്രതികരണം എഐസിസിയില്‍ അറിയിക്കാതെ ശിവസേന-കോണ്‍ഗ്രസ് സര്‍ക്കാര്‍ ചുമതലയേറ്റോ എന്നായിരുന്നു. ബിജെപി-എന്‍സിപി സഖ്യസര്‍ക്കാരാണ് സത്യപ്രതിജ്ഞ ചെയ്തതെന്നറിയിച്ചപ്പോള്‍ തലയ്‌ക്ക് കൈവെച്ചിരുന്നു നേതാവ്.
ഉദ്ധവ് താക്കറെയും ശരദ് പവാറും മാധ്യമങ്ങളെ കണ്ട ശേഷം മാത്രമായിരുന്നു മഹാരാഷ്‌ട്ര വിഷയത്തില്‍ ഔദ്യോഗിക നിലപാട് പറയാന്‍ കോണ്‍ഗ്രസ് തയ്യാറായത്. എന്‍സിപിയില്‍ പകുതി പേര്‍ മാത്രമേ അജിത് പവാറിനൊപ്പമുള്ളൂ എന്ന് മനസ്സിലാക്കിയതോടെ സ്വന്തം എംഎല്‍എമാരെ കൂടെ നിര്‍ത്താനുള്ള തത്രപ്പാടിലേക്ക് കോണ്‍ഗ്രസ് നേതൃത്വം മാറി. എല്ലാവരേയും മധ്യപ്രദേശിലെ ഏതെങ്കിലും റിസോര്‍ട്ടിലേക്ക് മാറ്റാനാണ് ഹൈക്കമാന്‍ഡ് ആലോചന. ശിവസേനയ്‌ക്കൊപ്പം സഖ്യസര്‍ക്കാരുണ്ടാക്കുന്നതില്‍ എതിര്‍പ്പുള്ള പത്തോളം പേര്‍ കോണ്‍ഗ്രസ്സിന് വിമത ഭീഷണി ഉയര്‍ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: