ഒറ്റപ്പെട്ടല്‍ ദുഃഖകരമാണ്. അത് വാര്‍ദ്ധക്യത്തിലാകുമ്പോള്‍ അതിന്റെ കാഠിന്യം വര്‍ദ്ധിക്കും. ആ സമയത്ത് തേടിയെത്തുന്ന സൗഹൃദങ്ങള്‍ക്ക് തന്റെ ജീവനേക്കാള്‍ വില നല്‍കും. വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടലും സൗഹൃദവും നര്‍മ്മത്തില്‍ പൊഞ്ഞിച്ച് പറയുകയാണ് നവാഗതനായ രാജേഷ് ബാലകൃഷ്ണ പൊതുവാള് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് വേര്‍ഷന്‍ 2.5 വിലൂടെ. ചിത്രത്തിന്റെ തിരക്കഥയും സംവിധായകന്റേതു തന്നെ.
സുരാജ് വെഞ്ഞാറമ്മൂടും സൗബിന് താഹിറും അച്ഛന്-മകന് വേഷങ്ങളിലെത്തുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് പ്രമേയത്തേക്കാള്‍ അവതരണത്തിലെ പുതുമകൊണ്ട് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച് കഴിഞ്ഞു. മകന്റെ സാമീപ്യം എപ്പോഴും ആഗ്രഹിക്കുന്ന അച്ഛന്, അതിനാല്‍ തന്നെ മകനെ ദൂരെ ജോലിക്കയയ്ക്കാന്‍ പോലും ആ അച്ഛന് സമ്മതമല്ല. എന്ത് ചെറിയ കാര്യത്തിനും മകന്റെ സാന്നിധ്യം ആ അച്ഛന് ആവശ്യമാണ്. എന്നാല്‍ ഒരു വീട്ടുജോലിയും മകനെക്കൊണ്ട് എടുപ്പിക്കുകയുമില്ല. വെറുതെ അടുത്തു വേണം അത്രമാത്രം.
നല്ല ഭാവി സ്വപ്നം കാണുന്ന എഞ്ചിനീയറിങ് ബിരുദധാരിയായ മകന് അച്ഛന്റെ ആഗ്രഹങ്ങളെ നിഷേധിച്ച് റഷ്യയിലേക്ക് ജോലിക്ക് പോകുന്നു. അച്ഛനെ നോക്കാനായി ഹോം നേഴ്സിനെ നിര്‍ത്തുന്നുണ്ടെങ്കിലും ആരും അച്ഛനുമായി പൊരുത്തപ്പെടുന്നില്ല. റഷ്യയില്‍ വച്ച് പരിചയപ്പെടുന്ന ജപ്പാന്കാരിയില് നിന്നും കിട്ടുന്ന അറിവ് പ്രകാരം ഒരു റോബോട്ടിനെ അച്ഛന്റെ കൂട്ടിനായി എത്തിക്കുന്നു.
ആദ്യമൊക്കെ റോബോട്ടിനോട് കലഹിക്കുന്ന ഭാസ്കര പൊതുവാള് പതുക്കെ പതുക്കെ അതുമായി ഇണങ്ങുന്നു. റോബോട്ടുമായുള്ള സൗഹൃദം ഭാസ്കര പൊതുവാളില് മാറ്റങ്ങള്‍ വരുത്തുന്നു. താന്‍ ആരോടും ഇതുവരെ പറയാത്ത പല സത്യങ്ങളും റോബോട്ടുമായി പങ്കുവെയ്ക്കാന്‍ പൊതുവാള് തയ്യാറാകുന്നു. അതില്‍ യുവത്വത്തിലെ പ്രണയവും. റോബോട്ടിന്റെ സഹായത്തോടെ പ്രണയിനിയുടെ ഇപ്പോഴത്തെ നമ്പര്‍ കണ്ടെത്തി അവരോട് അപരിചിതനെപ്പോലെ സംസാരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ പൊതുവാളിന് മകനേക്കാള്‍ പ്രിയങ്കരനാണ് റോബോട്ട്. റോബോട്ടില്‍ ബാലകൃഷ്ണ പൊതുവാള് ഒരു മനുഷ്യനെ തന്നെയാണ് കാണുന്നത്. സ്വന്തം മകനെപ്പോലെ അതിനെ സ്നേഹിക്കുന്നു.
നാലുമാസത്തെ പരീക്ഷണാടിസ്ഥാനത്തില്‍ വികസിപ്പിച്ച റോബോട്ടിനെ കമ്പനി തിരിച്ച് ആവശ്യപ്പെടുന്നു. റോബോട്ടിനെ തിരികെക്കൊണ്ടുപോകാന്‍ മകനെത്തുമ്പോള്‍ അതിന് അച്ഛന് സമ്മതിക്കുന്നില്ല.അച്ഛന്റെയും മകന്റെയും ഇടയില്‍ വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടലും ഏകാന്തതയും ചര്‍ച്ചയാകുന്നു. അതിനൊപ്പം ഇന്നത്തെ ജാതിചിന്തയേയും സമകാലിക രാഷ്ട്രീയത്തേയും സ്പര്‍ശിക്കുന്നുണ്ട്. സംഘര്ഷഭരിതമാക്കേണ്ട കഥാതന്തുവിനെ സാമൂഹ്യവിമര്‍ശനത്തിലൂടെ ഹാസ്യവല്ക്കരിച്ചപ്പോള് അത് ജനകീയമായി.വാര്‍ദ്ധക്യത്തിലെ ഒറ്റപ്പെടല്‍ മലയാള സിനിമയില്‍ പലതവണ ചര്‍ച്ചചെയ്തിട്ടുണ്ടെങ്കിലും ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് അതില്‍നിന്നെല്ലാം വ്യത്യസ്തമാണ്.
ബാലകൃഷ്ണ പൊതുവാളായി സുരാജും, സുബ്രഹ്മണ്യനായി സൗബിനും മത്സരിച്ചഭിനയിക്കുമ്പോള്‍ ചിത്രം ഒരു നിമിഷംപോലും അലോസരപ്പെടുത്തുന്നില്ല. മികവാര്‍ന്ന തിരക്കഥയും, കുറ്റമറ്റ സംവിധാനവും ചേരുമ്പോള്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന് കണ്ടിരിക്കേണ്ട ചിത്രമായി മാറുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: