കട്ടപ്പന: ബത്തേരി ഇവിടെയും ആവര്‍ത്തിക്കുമോ എന്ന ഭയത്തിലാണ് വാത്തിക്കുടി അങ്കണവാടിയിലെ അധ്യാപകരും കുട്ടികളെ ഇവിടെയ്ക്ക് വിടുന്ന രക്ഷിതാക്കളും. അങ്കണവാടി പരിസരം കാട് കയറി കിടക്കുന്നതിനാല്‍ ഇഴ ജന്തുക്കളുടെ ശല്യം ഏറി വരികയാണ്.
കഴിഞ്ഞ ദിവസം അങ്കണവാടിയില്‍ കുട്ടിയെ കൊണ്ടുവിട്ട് മടങ്ങുന്നതിനിടെ അമ്മയ്ക്ക് പാമ്പുകടിയേറ്റിരുന്നു. തക്ക സമയത്ത് ചികിത്സ നല്കിയതിനാല് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. വാത്തിക്കുടി പഞ്ചായത്തില്‍ ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ് നല്കിയ സ്ഥലത്താണ് വാത്തിക്കുടി 85-ാം നമ്പര്‍ അങ്കണവാടി സ്ഥിതി ചെയ്യുന്നത്. മുമ്പ് ട്രൈബല്‍ ബാലവേദി ആയിരുന്ന സ്ഥാപനത്തെ 1985ല്‍ അങ്കണവാടിയായി ഉയര്‍ത്തുകയായിരുന്നു.
ഓടുമേഞ്ഞ സാധാരണ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന അങ്കണവാടി 10 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജില്ലാ പഞ്ചായത്തും ഗ്രാമപഞ്ചായത്തും മുന്‍കൈയെടുത്ത് പുതുക്കി നിര്‍മിച്ചത്. ഇരുപതിലധികം കുരുന്നുകളാണ് ഇവിടെ പഠിക്കുന്നത്. അതില്‍ ഏറെയും പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ടവരാണ്. അങ്കണവാടിയോട് ചേര്‍ന്ന് ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ രണ്ടേക്കറോളം സ്ഥലം കാടുപിടിച്ച് കിടക്കുകയാണ്. ഇതുകാരണം ഇഴജന്തുക്കളുടെ ശല്യവും ഏറെയാണ്. മിക്ക ദിവസങ്ങളിലും അങ്കണവാടിക്കുള്ളിലും സമീപത്തും ഇഴജന്തുക്കളെ കാണാറുള്ളതായി അങ്കണവാടി വര്‍ക്കര്‍ റോസിലി വി.എം. പറയുന്നു. അങ്കണവാടിയുടെ പുറകുവശത്ത് നിറയെ എലിപ്പൊത്തുകളാണുള്ളത്. അതുകൊണ്ട് തന്നെ വളരെ കരുതലോടെയാണ് അധ്യാപകര്‍ കുട്ടികളെ അങ്കണവാടിക്ക് പുറത്ത് ഇറക്കുന്നത്. ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സ്ഥലത്തെ കാട് നീക്കം ചെയ്യണമെന്ന് നിരവധി തവണ അങ്കണവാടി അധികൃതര്‍ അറിയിച്ചെങ്കിലും ഇതുവരെയും നടപടിയൊന്നും കൈക്കൊണ്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: