അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിലെ ഗോശാല ഗോക്കള്‍ക്ക് പീഡന കേന്ദ്രമായി. വൈദ്യുതാഘാതമേറ്റ് രണ്ട് പശുക്കള്‍ ചത്തത് അധികൃതരുടെ അനാസ്ഥയുടെ അവസാനത്തെ ഉദാഹരണമാണ്. ഗോശാലയിലെ വൈദ്യുതീകരണവുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് ഭക്തര്‍ ആരോപിക്കുന്നു.
അറുപത്തിരണ്ടോളം ചെറുതും വലുതുമായ പശുക്കള്‍ തിങ്ങിനിറഞ്ഞു നില്‍ക്കുന്ന ഗോശാലയ്‌ക്കുള്ളിലെ പഴകി ദ്രവിച്ച ഫാനാണ് അപകട കാരണം. അമിതമായി വൈദ്യുതി പ്രവഹിക്കുമ്പോള്‍ വൈദ്യുതി വിഛേദിക്കപ്പെടുന്ന ഇഎല്‍സിബിയും പ്രവര്‍ത്തനരഹിതമാണ്. വൈദ്യുതിപോസ്റ്റില്‍നിന്ന് നേരിട്ടു ഗോശാലയിലേക്ക് വൈദ്യുതി എത്തുന്ന തരത്തിലാണ് വൈദ്യുതി ജോലികള്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ യാതൊരു അറ്റകുറ്റ പണികളും ഇതുമായി ബന്ധപ്പെട്ട് നടത്തുവാന്‍ ദേവസ്വം ഇലക്ട്രിക്കല്‍ വിഭാഗം തയാറായിരുന്നില്ല.
ഗോശാലയുടെ പേരില്‍ വലിയ പണപ്പിരിവാണ് ദേവസ്വം ബോര്‍ഡ് നടത്തുന്നത്. എന്നിട്ടുപോലും പശുക്കള്‍ക്ക് കൃത്യമായി ഭക്ഷണം നല്‍കുവാനോ ഗോശാല കെട്ടിടം സംരക്ഷിക്കുവാനോ ബോര്‍ഡ് തയാറായിട്ടില്ല. ഗോശാലയുടെ നിര്‍മാണവും അശാസ്ത്രീയമായി തന്നെയാണെന്ന് ഭക്തര്‍ പറയുന്നു. മേല്‍ക്കൂര മുതല്‍ അടിത്തറവരെ ഇരുമ്പു പൈപ്പുകള്‍ മാത്രം ഉപയോഗിച്ച് നിര്‍മിച്ചതും വേണ്ടത്ര വെള്ളവും കാറ്റും ലഭിക്കുന്ന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെയുമാണ് ഗോശാലയുടെ നിര്‍മാണം. പശുക്കള്‍ക്കായി അനുവദിക്കുന്ന തുക വേണ്ട രീതിയില്‍ ചെലവഴിക്കുവാന്‍ ക്ഷേത്രം അധികൃതര്‍ തയാറാകുന്നുമില്ല.
















