കേരളത്തിലെ മാവോയിസ്റ്റുകള്‍ക്ക് ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന തന്റെ പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇസ്ലാമിക തീവ്രവാദികള്‍ എന്നുദ്ദേശിച്ചത് എന്‍ഡിഎഫിനെയും പോപ്പുലര്‍ ഫ്രണ്ടിനെയുമാണെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. മാവോയിസ്റ്റ്-ഇസ്ലാമിക തീവ്രവാദ ബന്ധം ആത്യന്തികമായി സിപിഎം-ജിഹാദി ബന്ധം കൂടിയാണെന്ന് വെളിവാകുന്നു എന്നാണ് മോഹനന്റെ വിശദീകരണത്തില്‍ നിന്നു മനസ്സിലാക്കേണ്ടത്. മുമ്പ് എന്‍ഡിഎഫ് എന്ന പേരിലും പിന്നീട് പോപ്പുലര്‍ ഫ്രണ്ട് എന്ന പേരിലും കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ഇസ്ലാമിക തീവ്രവാദി സംഘവുമായി സിപിഎമ്മിന് തുടക്കം മുതല്‍ തന്നെ അവിഹിത ബന്ധമുണ്ടെന്നത് പുതിയ അറിവല്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐയുമായി കേരളത്തില്‍ പലയിടത്തും സിപിഎം തെരഞ്ഞെടുപ്പ് ബന്ധങ്ങളുണ്ടാക്കിയതും എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. മറ്റൊരു ജിഹാദിപ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയുമായും സിപിഎമ്മിന് ദീര്‍ഘകാലത്തെ ബാന്ധമുണ്ട്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ നിരവധി പേര് സിപിഎമ്മിനകത്ത് പ്രവര്‍ത്തിക്കുന്നു. മാവോയിസ്റ്റ് ഗ്രൂപ്പുകളുടെ കാര്യത്തിലും ഇതു തന്നെയാണവസ്ഥ എന്ന് കോഴിക്കോട്ടെ അലന്, ത്വാഹ എന്നിവരുടെ അറസ്റ്റിലൂടെയും വ്യക്തമായിക്കഴിഞ്ഞു. മാവോയിസ്റ്റ് സംഘടനകളുമായി നേരിട്ട് ബന്ധമുള്ള നിരവധിപേര്‍ സിപിഎമ്മിനകത്തുണ്ട്. അപ്പോള്‍, മോഹനന് വിളിച്ചുപറയുന്നതിന് മുമ്പു തന്നെ രഹസ്യാന്വേഷണ വിഭാഗത്തിലുള്ളവര്‍ക്കും ചില മാധ്യമപ്രവര്‍ത്തകര്‍ക്കും ബോധ്യപ്പെട്ട മാവോയിസ്റ്റ്-മുസ്ലിം ഭീകരത ബന്ധം മാവോയിസ്റ്റ്-മുസ്ലിം ഭീകരത-സിപിഎം ബന്ധം എന്നായി മാറുന്നു.
പല കാലങ്ങളിലായി മുസ്ലിം ഭീകരവാദത്തെ വളര്‍ത്താന്‍ സിപിഎം കൈയയച്ചു സഹായിച്ചിട്ടുണ്ടെന്നത് ചരിത്രസത്യമാണ്. അബ്ദുള്‍ നാസര്‍ മദനിയെയും അയാളുടെ പാര്‍ട്ടിയെയും രാഷ്ട്രീയ ലാഭങ്ങള്‍ക്കായി കൂട്ടുപിടിച്ചവരാണ് സിപിഎം. ഇഎംഎസ് നമ്പൂതിരിപ്പാട് ഒരു ഉപതെരഞ്ഞെടുപ്പ് കാലത്ത് മദനിയെ മഹാത്മാഗാന്ധിയോട് ഉപമിക്കുക പോലുമുണ്ടായി. ഇന്നും മദനിക്കു വേണ്ടി വാദിക്കാന്‍ സിപിഎം നേതാക്കള്‍ക്ക് ഒരു മടിയുമില്ല. മാപ്പിളകലാപത്തെ സ്വാതന്ത്ര്യസമരമായി അവതരിപ്പിച്ച വ്യാജചരിത്രരചന, മലപ്പുറം ജില്ലാ വിഭജന വാദത്തിനുള്ള പിന്തുണ തുടങ്ങി നിരവധി വസ്തുതകള്‍ സിപിഎമ്മിന്റെ ഇസ്ലാമിക തീവ്രവാദ പിന്തുണയ്ക്ക് ഉദാഹരണമായി പറയാന്‍ കഴിയും.
മോഹനന്റെ പരാമര്‍ശം സിപിഎം കേന്ദ്ര നേതൃത്വവും സിപിഐയും തള്ളിക്കളഞ്ഞത് സ്വാഭാവികമാണ്. തീവ്രവാദികളുടെയും രാജ്യവിരുദ്ധരുടെയും കൂടെ എന്നും നില്‍ക്കുകയും പ്രത്യക്ഷത്തില്‍ അത് പുറത്തുകാണിക്കാതിരിക്കുകയും ചെയ്യുന്ന നിലപാടാണ് സിപിഎമ്മും സിപിഐയും എന്നും സ്വീകരിച്ചത്. മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ യുഎപിഎ കുറ്റം ചമുത്തി അറസ്റ്റ് ചെയ്യപ്പെട്ട സിപിഎം അംഗങ്ങളായ അലന് ഷുഹൈബ്, ത്വാഹ ഫസല്‍ എന്നിവര്‍ക്കെതിരെ പാര്‍ട്ടി തലത്തില്‍ ഒരു നടപടിയും സിപിഎം ഇതുവരെ എടുത്തിട്ടില്ലെന്ന് ഓര്‍ക്കണം.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിക്കുന്ന ഈ നിലപാട് തീവ്രവാദ ഗ്രൂപ്പുകളുള്‍പ്പെടെയുള്ള നവകമ്മ്യൂണിസ്റ്റ് സംഘടനകള്‍ പിന്തുടരുന്ന ആശയത്തിന്റെ ഭാഗമാണ്. ലോകം മുഴുവന്‍ കമ്മ്യൂണിസമെന്ന ആശയത്തെ വലിച്ചെറിഞ്ഞെങ്കിലും ഇസ്ലാമിക തീവ്രവാദത്തിനൊപ്പം ചേര്‍ന്ന് ചില രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന കമ്മ്യൂണിസ്റ്റ് സംഘടനകള്‍ അതത് രാജ്യങ്ങളിലെ തനത് സംസ്കാരത്തെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ സിപിഐ, സിപിഎം, സിപിഐ എംഎല്, സിപിഐ മാവോയിസ്റ്റ് തുടങ്ങിയ സംഘടനകളുടെയെല്ലാം ലക്ഷ്യം ഒന്നു തന്നെയാണ്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഈ ലക്ഷ്യത്തിലേക്കുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നീക്കം ജിഹാദികള്‍ക്കൊപ്പമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ സിപിഎമ്മിനും സിപിഐക്കും ഇസ്ലാമിക തീവ്രവാദികളുടെ സഹായങ്ങള്‍ ലഭിക്കുന്നു എന്ന പ്രസ്താവനയില്‍ അതിശയോക്തിയൊന്നുമില്ല. സിപിഎമ്മിന്റെ ഒരു നേതാവ് തന്നെ അക്കാര്യം സമ്മതിച്ചു എന്നതു മാത്രമാണ് ഇന്ന് പ്രസക്തമായ കാര്യം.
സിപിഐ (മാവോയിസ്റ്റ്) ജനറല്‍ സെക്രട്ടറിയായിരുന്ന ഗണപതി ബിബിസിക്ക് നല്കിയ ഒരു അഭിമുഖത്തില്‍ ഇന്ത്യയില്‍ മാവോയിസ്റ്റുകള്‍ക്ക് ഇസ്ലാമിക തീവ്രവാദ സംഘടനകളില്‍ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ നിരവധി സന്ദര്‍ഭങ്ങളില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചുവപ്പ്-ജിഹാദി ബന്ധത്തിന്റെ തെളിവുകള്‍ നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നു. എല്ലാവര്ക്കും അറിയാവുന്നതും ആരും പുറത്തു പറയാത്തതുമായ ഒരു രഹസ്യം ആണ് ചുവപ്പ്-ജിഹാദി ബന്ധം. ഇത് നേരത്തെ വിളിച്ചുപറയാന്‍ തയാറായത് സംഘപരിവാര്‍ സംഘടനകള്‍ മാത്രമാണ്. ഇന്ന് സിപിഎം നേതാവ് തന്നെ ഇക്കാര്യം വിളിച്ചുപറഞ്ഞ സ്ഥിതിക്ക് ഇനിയെങ്കിലും ജനങ്ങളെ വിഡ്ഢികളാക്കുന്ന നിലപാടുകളില്‍ നിന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പിന്മാറണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: