ദുബായ്: മോഹന്‍ലാലും കൂട്ടുകാരും ഒരുങ്ങിക്കഴിഞ്ഞു. ഒപ്പം നിരവധി കലാകാരന്മാരും. ഇന്നു വൈകിട്ട് ഏഴിന് ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടില്‍ അവര്‍ ഒന്നിക്കുന്നു. ജന്മഭൂമി ഒരുക്കുന്ന മോഹന്‍ലാലും കൂട്ടുകാരും @ 41 എന്ന മെഗാ ഷോ ദുബായ് കണ്ട ഏറ്റവും വലിയ ആഘോഷത്തിലേക്ക് നീങ്ങുകയാണ്, ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി….
ഷോയുടെ കേന്ദ്രബിന്ദുവായ മോഹന്‍ലാല്‍ ഇന്നലെ രാവിലെ മുതല്‍ വേദിയിലും പരിശീലന സ്ഥലങ്ങളിലും നിറഞ്ഞുനിന്നു. തയാറെടുപ്പുകളെല്ലാം നേരിട്ടു വിലയിരുത്തി, നിര്‍ദേശങ്ങള്‍ നല്കി. പരിശീലനത്തില്‍ പങ്കെടുത്തു. ഒരുക്കങ്ങളില്‍ ലാല്‍ പൂര്‍ണ സംതൃപ്തി പ്രകടിപ്പിച്ചു.
താരങ്ങളെല്ലാം ഇന്നലെയെത്തി. മഞ്ജു വാര്യര്‍ ഇന്നെത്തും. മുപ്പതു മീറ്റര്‍ പടുകൂറ്റന്‍ വേദിയിലാണ് അഞ്ചു മണിക്കൂര്‍ ഷോ അരങ്ങേറുക. ഇന്നുച്ചയ്ക്ക് താരങ്ങള്‍ക്കും വിശിഷ്ടാതിഥികള്‍ക്കുമായി പ്രത്യേക വിരുന്ന് ഒരുക്കിയിട്ടുണ്ട്. വ്യത്യസ്തമായ അവതരണവും അനുഭവവുമായിരിക്കും ഷോ എന്ന് സംവിധായകന് ടി.കെ.രാജീവ് കുമാര്‍ പറഞ്ഞു.
മോഹന്‍ലാലിന്റെ സുഹൃത്തുക്കളായ പ്രിയദര്ശന്, ജി. സുരേഷ്കുമാര്‍, അശോക് കുമാര്‍, മണിയന് പിള്ള രാജു, എസ്. കുമാര്‍, എം.ജി ശ്രീകുമാര്‍, കിരീടം ഉണ്ണി, സനല്‍കുമാര്‍ എന്നിവര്‍ കുടുംബസമേതം പങ്കെടുക്കുന്നു എന്നതാണ് പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: