കാര്‍ഷികവൃത്തികഴിഞ്ഞാല്‍ ഭാരതീയരുടെ പ്രധാനവ്യവസായം വസ്ത്രവ്യാപാരമായിരുന്നു. ലോകത്ത് മറ്റൊരിടത്തും ഇത്രയും വൈവിധ്യമാര്‍ന്ന നെയ്ത്തു രീതികളും ചായം പൂശി തുണിത്തരങ്ങള്‍ പരുവപ്പെടുത്തുന്നതിലുള്ള വൈദഗ്ധ്യവും ഉണ്ടായിരുന്നില്ല. ബോധപൂര്‍വവും അല്ലാതെയുമുള്ള അവഗണനയാല്‍ കാലാന്തരത്തില്‍ നമ്മുടെ തുണിവ്യവസായം തകര്‍ന്നു.
ബ്രിട്ടീഷ്ഭരണത്തിനു കീഴില്‍ ഇക്കാര്യങ്ങളിലെല്ലാം നമുക്ക് ഗത്യന്തരമില്ലാതെയായി. നമ്മുടെ തുണിവ്യവസായം നശിപ്പിക്കുകയെന്നത് അവരുടെ ലക്ഷ്യങ്ങളിലൊന്നായി. ഈയൊരു രംഗത്ത് മാഞ്ചസ്റ്ററിനെ വെല്ലാന്‍ മറ്റാരുമുണ്ടാകരുതെന്ന ധാര്‍ഷ്ട്യമായിരുന്നു അതിനു പിറകില്‍. കോയമ്പത്തൂര്‍ ഒരു കാലത്ത് അറിയപ്പെട്ടിരുന്നത് ഇന്ത്യയിലെ മാഞ്ചസ്റ്റര്‍ എന്നായിരുന്നു. യഥാര്‍ഥത്തില്‍ മാഞ്ചസ്റ്റര്‍ അറിയപ്പെടേണ്ടിയിരുന്നത് യു. കെ. യിലെ കോയമ്പത്തൂര്‍ എന്നായിരുന്നു.
കാരണം നമ്മള് പഞ്ഞി കൃഷിചെയ്ത്, വസ്ത്രങ്ങളുണ്ടാക്കി, ആയിരത്തോളം വര്‍ഷങ്ങളായി കയറ്റുമതി ചെയ്തുകൊണ്ടിരുന്നു. ഇന്ത്യന്‍ വസ്ത്രങ്ങള്‍, ലോകത്തിനെ തുണിയുടുപ്പിച്ചിരുന്നതിന് തെളിവ്, ഈജിപ്തിലെയും സിറിയയിലെയും പുരാവസ്തുകേന്ദ്രങ്ങളില്‍ കാണാം.
അസംസ്കൃതവസ്തുക്കള്‍ ഇന്ത്യയില്‍ നിന്ന് ശേഖരിച്ച് കൊണ്ടുപോയി അവരുടെ ഉല്പന്നങ്ങള് തിരികെതള്ളുകയായിരുന്നു ബ്രിട്ടീഷുകാര്‍. കാരണം അന്ന് സമ്പദ്വ്യവസ്ഥ അവരുടെ കൈയിലായിരുന്നല്ലോ. തുണിവ്യവസായം പോലെ തന്നെ ഈ ഉപഭൂഖണ്ഡത്തിന്റെ വാസ്തുശില്പ വിദ്യയും പ്രകീര്‍ത്തിക്കപ്പെട്ടതാണ്. ഇവിടെ ലഭ്യമായ വസ്തുക്കളാല്‍, അത് കല്ലായാലും, മണ്ണായാലും, അവയിലൂടെ നമ്മള് സൃഷ്ടിച്ചതെന്തും ആശ്ചര്യകരമായിത്തീര്ന്നു.
പുരാതന ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഭാഗമായി ബന്ധപ്പെടുത്തി നേപാളിലെ ഭക്താപൂരിനെ ഇക്കാര്യത്തില്‍ ഉദാഹരിക്കാം. ഭൂചലനങ്ങളാല്‍ അവിടുത്തെ വാസ്തു ശില്പചാതുരിക്ക് കോട്ടം തട്ടിയെങ്കിലും വൈകാതെയവ പുനര്‍നിര്‍മിക്കപ്പെടും ഗതകാലപ്രൗഢിയോടെ ജീവന് തുടിക്കുന്ന നഗരമാണത്. പുരാതന ഇന്ത്യയുടെ ഭൂരിഭാഗവും ഇങ്ങനെയായിരുന്നു. അവിടെ ഓരോപടിയിലും കലാസൗന്ദര്യമുണ്ട്. ജലമുള്ള സ്ഥലങ്ങള്‍ പോലും ശില്പചാതുരിയാല് ദേവാലയത്തെപോലെയാണ് രൂപകല്ന ചെയ്തിട്ടുള്ളത്. തറയിലും ചുമരിലുമെല്ലായിടത്തും അലങ്കരണമുണ്ട്. എല്ലാം കൈകള്‍ കൊണ്ടുള്ള സൃഷ്ടികള്‍. ഏത് തരത്തിലുള്ള കലാസൗന്ദര്യബോധമായിരിക്കും അവരെയതിന് പ്രേരിപ്പിച്ചതെന്നും, അതിനായവര്‍ വിനിയോഗിച്ച പണവും, അദ്ധ്വാനവും, സമയവും എത്രയെന്നും നിങ്ങള്‍ക്ക് ഊഹിച്ചു നോക്കുക. നിങ്ങള്‍ എല്ലോറയിലെ കൈലാസക്ഷേത്രവും തമിഴ്നാട്ടിലെ ക്ഷേത്രങ്ങളും കണ്ടാല്‍, മനുഷ്യനായി പിറന്നതില്‍ നിങ്ങള്‍ക്ക് അഭിമാനം തോന്നും. നമ്മുടെ രേഖാഗണിതത്തിലെ രൂപകല്‍പ്പനയും കൃത്യതയും, കലാസൗന്ദര്യവും നിര്‍മ്മാണവൈദഗ്ദ്ധ്യവും ആശ്ചര്യകരമാണ്. അവയെല്ലാം മനുഷ്യന്റെ കൈകളാല്‍ ചെയ്യപ്പെട്ടിരിക്കുന്നു എന്നത് അദ്ഭുതാവാഹമാണ്.
നമ്മളുടെ കലാസൗന്ദര്യബോധം നഷ്ടമായിക്കഴിഞ്ഞു. വീടുകളില്‍ പകുതിയും പല നിറത്തിലുള്ള അക്രിലിക് പെയിന്റാണ് പൂശിയിരിക്കുന്നത്. വര്ഷങ്ങളോളമുള്ള ദാരിദ്ര്യത്തിന്റെ പരിണതഫലമാണിത്. അവയെല്ലാം പുനഃസ്ഥാപിക്കാന്‍, സമ്പദ്വ്യവസ്ഥ നന്നാവണം.
മനുഷ്യനില്ലായിരുന്നെങ്കില്‍, ഈ ഗ്രഹം സമ്പന്നമാവും. നമ്മളെത്ര ഉപയോഗമുള്ളവരാണെന്നതല്ല പ്രസക്തം. എത്ര മനോഹരമായി നമ്മള് ജീവിക്കുന്നു എന്നതാണ്. വേറൊരു പ്രാണിയും പ്രകൃതിസൗന്ദര്യത്തെ നശിപ്പിക്കുന്നില്ല. മനുഷ്യനെന്ന നിലയില്‍, പ്രകൃതിയെ നമ്മള് വളരെയധികം തകര്‍ക്കുന്നു. അക്കാര്യത്തില്‍ ഇനിയെങ്കിലും നമ്മള് ഉത്തരവാദിത്വമുളളവരാകണം. നമ്മള് സൃഷ്ടിക്കുന്നതെല്ലാം സുന്ദരമായിരിക്കണം. അത് പാര്‍പ്പിടമോ, മറ്റേതെങ്കിലും കെട്ടിടമോ, സ്വന്തം ശരീരമോ, വസ്ത്രമോ, നമ്മളുണ്ടാക്കുന്ന എന്തുമാവട്ടെ നമ്മളുടെ പരിധിയിലുള്ളതിലെല്ലാം നമ്മള് പ്രകൃതിയുടെ വശ്യത പുനഃസ്ഥാപിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: