കേരളത്തില്‍ മികച്ച ആരാധകവൃന്ദമുള്ള ഒരു നടനെ വിമര്‍ശിച്ചാല്‍ അവരുടെ ആരാധകരില്‍ നിന്ന് അധിക്ഷേപവും ഭീഷണിയും നേരിടേണ്ടി വരുമെന്നും മലയാളികളുടെ താരാരാധന നിരാശാജനകമാണെന്നും നടന് പൃഥ്വിരാജ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പൃഥ്വിയുടെ പരാമര്‍ശം.
നിലവില്‍ കേരളത്തില്‍ യുക്തിയോടെ ചിന്തിക്കുന്ന ആരാധകര്‍ ഉണ്ടെന്ന് അവകാശപ്പെടാന്‍ സാധിക്കില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍ നടന്ന സംഭവങ്ങളില്‍ നിന്നും കേരളത്തിലെ ആരാധകവൃന്ദം എന്ന് വിളിക്കപ്പെടുന്നവര്‍ വല്ലാതെ നിരാശപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഒരു ജനക്കൂട്ടം എന്ന നിലയില്‍ കേരളത്തിലെ ജനങ്ങള്‍ എല്ലാത്തരം ഭാഷകളിലുള്ള സിനിമകളേയും സ്വാഗതം ചെയ്യുന്നവരാണ്, പൃഥ്വിരാജ് പറഞ്ഞു.
പുരുഷാധിപത്യപരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സിനിമകളില്‍ അഭിനയിക്കുന്നതില്‍ തനിക്ക് പ്രശ്നമില്ല എന്നാല്‍, അതാണ് ശരിയെന്ന് പറഞ്ഞുവയ്ക്കുന്നതാവരുത് ആ സിനിമയെന്നും പൃഥ്വിരാജ് പറഞ്ഞു. സിനിമയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി ശരിയാകുകയും അതൊരു പ്രത്യേക പക്ഷം പിടിക്കുന്നതാകുകയും ചെയ്യണമെന്നില്ലെന്നും, കലയുടെ കാര്യത്തില്‍ നമുക്ക് അത്തരം നിര്‍ബന്ധങ്ങള്‍ വയ്ക്കാന്‍ സാധിക്കില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
‘അനാര്‍ക്കലി’ എന്ന ചിത്രത്തിനു ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചന നിര്‍വഹിക്കുന്ന ‘അയ്യപ്പനും കോശിയും’ എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് ഇപ്പോള്‍ പൃഥ്വിരാജ്. അട്ടപ്പാടിയിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. പൃഥ്വിരാജിനൊപ്പം ബിജു മേനോനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: