ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) നേതാവ് ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്നു ഉച്ചയ്ക്ക് രണ്ടിന് കുടിക്കാഴ്ച നടത്താനാണ് ശരദ് പവാര്‍ മോദിയോട് അനുമതി തേടിയിരിക്കുന്നത്. പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ചാണ് കൂടിക്കാഴ്ച നടക്കുന്നത്. കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം നേടാനാവാത്തതിനെ തുടര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള തീവ്രമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കിടയിലാണ് ഇരുവരും തമ്മില്‍ കാണുന്നത്. മഹാരാഷ്ട്രയിലെ കര്‍ഷകരുടെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ മോദിയെ കാണുന്നതെന്നാണ് പവാര്‍ നല്കുന്ന വിശദീകരണം.
നേരത്തെ, എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കാത്ത ശിവസേനയ്ക്ക് പ്രതിപക്ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ സീറ്റ് മാറ്റി നല്‍കിയിരുന്നു. പാര്‍ലമെന്റിലെ കോണ്‍ഗ്രസിനൊപ്പം അഞ്ചാംനിരയിലേക്കാണ് സീറ്റുമാറ്റി നല്‍കിയത്. ഇനിമുതല്‍ സേനാ എം.പിമാര്‍ക്കു പ്രതിപക്ഷത്തായിരിക്കും സീറ്റെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. നാളെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നതിന്റെ മുന്നോടിയായാണ് സീറ്റുകള്‍ മാറ്റി നല്‍കിയത്. ശിവസേനയുടെ ഏക കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവെച്ചതും കോണ്‍ഗ്രസും എന്‍.സി.പിയുമായും ചേര്‍ന്നു മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്നതും കണക്കിലെടുത്താണ് ഇതെന്നും ഇനി ചര്‍ച്ചകളില്ലെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.
അതേസമയം, നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സി(എന്‍.ഡി.എ)ല്‍ നിന്ന് തങ്ങളെ പുറത്താക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന വാദവുമായി ശിവസേന രംഗത്തെത്തി. എന്‍.ഡി.എയുടെ തുടക്കം മുതല്‍ പിന്തുണച്ചിരുന്ന പാര്‍ട്ടിയാണ് ശിവസേന. എന്‍ഡിഎയില്‍ നിന്ന് പുറത്താക്കുന്ന കാര്യം രേഖമൂലം ആരും അറിയിച്ചില്ലെന്നും ശിവസേന പരിതപിക്കുന്നു. ഏത് യോഗത്തിലാണ് നിങ്ങള്‍ എന്‍.ഡി.എയില്‍ നിന്ന് ശിവസേനയെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്, എന്തുകൊണ്ടാണ് ഈ വിഷയം ഇത്രയും തീവ്രതയിലെത്തിയത്, യോഗത്തില്‍ പങ്കെടുക്കാത്ത തങ്ങളെ പ്രതിപക്ഷത്തേക്ക് മാറ്റിയത് ആരും അറിയിച്ചില്ലെന്നും ശിവസേന പറയുന്നു.
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപികരിക്കാന്‍ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന നേതാക്കള്‍ ഒരുമിച്ച് കഴിഞ്ഞ ദിവസം ഗവര്‍ണറെ കാണാനുള്ള നീക്കം അവസാന നിമിഷം പൊളിഞ്ഞിരുന്നു. ഔദ്യോഗിക പ്രഖ്യാപനം നടക്കാത്തതിനാല്‍ ഉടന്‍ നീക്കം വേണ്ടെന്നാണ് തീരുമാനം. മഹാരാഷ്ട്രയില്‍ സഖ്യം രൂപീകരിച്ചിട്ടില്ലെന്നാണ് മൂന്ന് പാര്‍ട്ടികളുടെയും ഔദ്യോഗിക നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: