ന്യൂദല്‍ഹി : ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് കേന്ദ്ര ഭരണ പ്രദേശമാക്കിയതോടെ സംസ്ഥാനത്തെ അക്രമ സംഭവങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ പ്രതിപക്ഷം ഉള്‍പ്പടെയുള്ളവര്‍ എതിര്‍പ്പുമായി എത്തിയെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ശരിയായിരുന്നെന്ന് ഉറപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. സൈന്യത്തിനു നേരെ ഇതിനു മുമ്പ് 2700 തവണ കല്ലെറിയല്‍ ഉണ്ടായിട്ടുള്ളത് 550 ആയി കുറഞ്ഞിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ സ്കൂളുകളിലെ ഹാജര്‍ നിലയും വര്‍ധിപ്പിക്കാനായിട്ടുണ്ട്.
കേന്ദ്ര അഭ്യന്തരമന്ത്രാലയം ലോക്സഭയില്‍ അറിയിച്ചതാണ് ഇക്കാര്യങ്ങള്‍. ആഗസ്റ്റ് അഞ്ചാം തീയതി നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതിന് ശേഷം സൈന്യത്തിന് നേര്‍ക്ക് കല്ലെറിയുന്ന സംഭവങ്ങള്‍ 190 എണ്ണം മാത്രമാണ് ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് 765 പേര് അറസ്റ്റിലായെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന് റെഡ്ഡി വ്യക്തമാക്കി. ജനുവരി മുതല്‍ ഓഗസ്റ്റ് നാല് വരെയുള്ള കാലയളവില്‍ സമാനമായ 361 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആഗസ്റ്റ്- ഒക്ടോബര്‍ കാലയളവില്‍ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും 950 തവണ വെടിനിര്‍ത്തല്‍ ലംഘനമുണ്ടായതായും കേന്ദ്രമന്ത്രി സഭയെ അറിയിച്ചു. കരുതല്‍ തടവുകളും അറസ്റ്റുകളും കൃത്യമായി രേഖപ്പെടുത്തപ്പെടാറുണ്ടെന്നും അതിന്റെ ഫലമായി ജമ്മു കശ്മീരിലെ അക്രമ സംഭവങ്ങളുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം സംസ്ഥാനത്തെ കല്ലെറിയല്‍ സംഭവങ്ങള്‍ക്ക് പിന്നില്‍ വിഘടനവാദികളും, ഹുറീയത്ത് നേതാക്കളാണെന്നും ദേശ താത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനും ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയതിനുമായി 18 പേര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചതായും റെഡ്ഡി ലോക്സഭയില്‍ അറിയിച്ചു.
സ്കൂളുകളില്‍ ഹാജര്‍ നില ഗണ്യമായി വര്‍ദ്ധിച്ചു. 99.7 ശതമാനമാണ് നിലവില്‍ ജമ്മു കശ്മീര്‍ സ്കൂളുകളിലെ ഹാജര്‍ നിലയെന്നും ലോക്സഭയില്‍ രേഖാമൂലം നല്കിയ മറുപടിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി വ്യക്തമാക്കി. ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്കായി സര്‍ക്കാര്‍ പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് മാസങ്ങള്‍ക്കിടെ 35 ലക്ഷത്തോളം വിനോദസഞ്ചാരികള്‍ കശ്മീര്‍ സന്ദര്‍ശിച്ചതായും അതില്‍ പതിമൂവായിരത്തോളം പേര് വിദേശ വിനോദസഞ്ചാരികളാണെന്നും കേന്ദ്രം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: