ന്യൂദല്‍ഹി: ലോക്‌സഭാ ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിവസവും ഹാജരാകാതിരുന്ന കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയുടെ സീറ്റില്‍ കയറിയിരുന്ന് മാവേലിക്കര എം.പി കൊടിക്കുന്നില്‍ സുരേഷ്. എം.പി. ശൂന്യവേളയിലാണ് ലോക്‌സഭയില്‍ കൊടിക്കുന്നില്‍ സുരേഷ് രാഹുല്‍ ഗാന്ധിയുടെ സീറ്റില്‍ ഇരിക്കുന്നതായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് രാഹുല്‍ ഗാന്ധി എവിടെയെന്നും അദ്ദേഹത്തിന് ഒരു ചോദ്യം ചോദിക്കാന്‍ അവസരം കൊടുക്കാനുണ്ടായിരുന്നല്ലോ എന്നും സ്പീക്കര്‍ ചോദിച്ചു. ചോദ്യോത്തരവേളയില്‍ രാഹുല്‍ ഗാന്ധിയുടെ ചോദ്യം ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇക്കാരണം കൊണ്ടാണ് സ്പീക്കര്‍ രാഹുലിനെ അന്വേഷിച്ചത്.
ലോക്‌സഭയില്‍ എത്തിയിരുന്നിലെങ്കിലും ചോദിക്കാനുള്ള ചോദ്യം രാഹുല്‍ നല്‍കിയിരുന്നു. പ്രധാനമന്ത്രി ഗ്രാമ സടക്ക് യോജനയുടെ കേരളത്തിലെ പ്രവര്‍ത്തനം സംബന്ധിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ചോദ്യം. 28ആം നമ്പര്‍ ചോദ്യമായിട്ടായിരുന്നു രാഹുലിന്റെ ചോദ്യം ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ അവസരമെത്തും മുന്‍പേ തന്നെ സ്പീക്കര്‍ രാഹുലിന്റെ അസാന്നിധ്യം ചൂണ്ടിക്കാട്ടുകയായിരുന്നു. തുടര്‍ന്ന് രാഹുലിന്റെ സീറ്റിലിരുന്ന കൊടിക്കുന്നിലിനെ സ്പീക്കര്‍ മാറ്റിയിരുത്തി. ലോക്‌സഭാ സ്പീക്കര്‍ പാനലിലുള്ള ഏക കോണ്‍ഗ്രസ് അംഗമാണ് കൊടിക്കുന്നില്‍ സുരേഷ്. ബിജെപി എംപിമാരായ മീനാക്ഷി ലേഖി, രമാദേവി, കിരീത് പി.സോളങ്കി, രാജേന്ദ്ര അഗര്‍വാള്‍ എന്നിവരാണ് പാനലിലുള്ള മറ്റുള്ളവര്‍.
















