അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് ഇന്നലെ കണ്ണൂര്‍ സര്‍വകലാശാലാ മൈതാനത്ത് കൊടിയിറങ്ങി. അട്ടിമറികളൊന്നും സംഭവിക്കാതെ പാലക്കാടും എറണാകുളവും ഒന്നും രണ്ടും സ്ഥാനം നേടുകയും ചെയ്തു. എങ്കിലും അനായാസമായിരുന്നില്ല കിരീടധാരണം. രണ്ടാമതെത്തിയ എറണാകുളം കനത്ത വെല്ലുവിളി ഉയര്‍ത്തി.
മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചില പുതിയ സ്‌കൂളുകളുടെ മികച്ച പ്രകടനത്തിന് ഇത്തവണ കായികോത്സവം സാക്ഷിയായി. അതില്‍ പ്രധാനപ്പെട്ടത് കണ്ണൂര്‍ ജില്ലയിലെ സ്‌കൂളുകളുടെ പ്രകടനമാണ്. കണ്ണൂര്‍ ജില്ലയിലെ എളയാവൂര്‍ എസ്എംവിഎച്ച്എസ്എസ്, ജിവിഎച്ച്എസ്എസ് കണ്ണൂര്‍, കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി എച്ച്എസ്എസിന്റെയും പ്രകടനം എടുത്തുപറയേണ്ടതാണ്. കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും ശ്രദ്ധേയമായ ഒരു നേട്ടവും സ്വന്തമാക്കാതിരുന്ന സ്‌കൂളുകളായിരുന്നു ഇവയെല്ലാം. ഒരു കാലത്ത് സംസ്ഥാന സ്‌കൂള്‍ കായികമേളകളിലെ കരുത്തരായിരുന്ന കണ്ണൂര്‍ ഇടയ്‌ക്ക് ഏറെ പിന്തള്ളപ്പെട്ടിരുന്നു. ഇത്തവണ അവരുടെ നല്ല തിരിച്ചുവരവിനും കണ്ണൂര്‍ സര്‍വകലാശാല സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചു.
കായികോത്സവത്തില്‍ ഏറെ എടുത്തുപറയത്തക്ക പ്രകടനങ്ങള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവായിരുന്നു. എങ്കിലും ചിലത് വേറിട്ടുനിന്നു. സീനിയര്‍ പെണ്‍കുട്ടികളില്‍ മൂന്ന് റെക്കോഡോടെ ട്രിപ്പിള്‍ നേടിയ ആന്‍സി സോജന്‍, ലോങ്ജമ്പില്‍ ടി.ജെ. ജോസഫ്, ജൂനിയര്‍ പെണ്‍കുട്ടികളില്‍ പ്രതിഭ വര്‍ഗീസ്, കെ.പി.സനിക, ജൂനിയര്‍ ആണ്‍കുട്ടികളില്‍ അക്ഷയ്.എസ് തുടങ്ങിയവര്‍ മികച്ച ഭാവി വാഗ്ദാനങ്ങളാണെന്ന് െതൡയിക്കുന്ന പ്രകടനമാണ് നടത്തിയത്. എന്നാല്‍ ലോങ്ജമ്പ്, ഹൈജമ്പ്, ട്രിപ്പിള്‍ജമ്പ്, പോള്‍വോള്‍ട്ട്, ത്രോയിനങ്ങള്‍ എന്നിവയിലൊന്നും മികച്ച പ്രകടനങ്ങള്‍ ഉണ്ടായില്ല.
കാലം ഇത്രയേറെ പുരോഗമിച്ചിട്ടും ഫൈബര്‍പോള്‍ പോലുമില്ലാതെ മത്സരിക്കാനെത്തിയവര്‍ ഇത്തവണയും ഉണ്ടായി. മുളന്തണ്ടും ജിഐ പൈപ്പും കുത്തിയാണ് ചില താരങ്ങള്‍ പോള്‍വോള്‍ട്ടില്‍ മത്സരിക്കാനിറങ്ങിയത്. സംസ്ഥാന മീറ്റ് പോലുള്ള മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഫൈബര്‍പോള്‍ അനുവദിക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കേണ്ട കാലം അതിക്രമിച്ചു. സാമ്പത്തികമായി ഉന്നതിയില്‍ നി
ല്‍ക്കുന്ന സ്‌കൂളുകള്‍ക്ക് മാത്രമാണ് ഫൈബര്‍ പോള്‍ ഉള്ളത്. മിക്ക സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും മറ്റ് ചില സ്‌കൂളുകള്‍ക്കും അത് ഇന്നും കിട്ടാക്കനി.
കാര്യം കായികോത്സവം ഗംഭീരമായി നടന്നുവെങ്കിലും ചില പോരായ്മകള്‍ ബാക്കിനില്‍ക്കുന്നു. ചിലവു ചുരുക്കലിന്റെ പേരില്‍ റവന്യൂ ജില്ലാ മീറ്റില്‍ മൂന്നാം സ്ഥാനത്തുവന്നവരെ ഇത്തവണ സംസ്ഥാന കായികോത്സവത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല. ജില്ലയിലെ മൂന്നാം സ്ഥാനക്കാരൊക്കെ സംസ്ഥാന മീറ്റില്‍ ഒന്നാം സ്ഥാനക്കാരായി മാറിയ ചരിത്രം ഏറെയുണ്ട് കായികോത്സവത്തില്‍. പ്രളയത്തിന്റെ മറപിടിച്ച് സമയവും പണവും ലാഭിക്കാന്‍ അധികൃതര്‍ തീരുമാനിച്ചതോടെയാണ് മൂന്നാം സ്ഥാനക്കാര്‍ ട്രാക്കിനും
ഫീല്‍ഡിനും പുറത്തായത്. ഇതോടെ നിരവധി കൗമാര താരങ്ങളുടെ കണ്ണീരും വീണു. വിജയികളുടേത് മാത്രമല്ല പരാജിതരുടേത് കൂടിയാണ് ട്രാക്കും ഫീല്‍ഡുമെന്ന് കേരളത്തിലെ സ്‌കൂള്‍ കായികോത്സവ സംഘാടകരും സര്‍ക്കാരും മറന്നു പോവുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളില്‍ 2500ലേറെ താരങ്ങള്‍ മത്സരിച്ചിരുന്നിടത്ത് അധികൃതരുടെ തലതിരിഞ്ഞ സമീപനത്തില്‍ ഇത്തവണ മത്സരിക്കാനിറങ്ങിയത് വെറും 1904 പേര്‍. ദിവസവും സമയവും പണവും ലാഭിക്കാനിറങ്ങിയവര്‍ തകര്‍ത്തത് ട്രാക്കിലും ജമ്പിങ് പിറ്റിലും ത്രോയിനങ്ങളിലും കൂടുതല്‍ വേഗവും ദൂരവും ഉയരവും സ്വപ്നം കണ്ട കൗമാരത്തിന്റെ പ്രതീക്ഷകളേറെയാണ്. ഈ നിലപാട് ശരിയാണോയെന്ന് കായികോത്സവ സംഘാടകരും സര്‍ക്കാരും ചിന്തിക്കേണ്ടിയിരിക്കുന്നു.
കണ്ണൂര്‍ സര്‍വകലാശാല സ്‌റ്റേഡിയത്തിലെ പുതിയ സിന്തറ്റിക് ട്രാക്ക് വളരെ മികച്ചതാണെങ്കിലും മത്സരാര്‍ഥികള്‍ക്ക് വാം അപ്പ്ഏരിയ ഇല്ലാത്തതും കനത്ത തിരിച്ചടിയായി.സമീപകാലത്തെ സ്‌കൂള്‍ കായികോത്സവത്തിലെ ാന്നും കാണാത്ത തരത്തിലുള്ള പരിക്കുകളുടെ പ്രളയവും ഇത്തവണ
കണ്ടു. നാല് ദിവസത്തെ ചാമ്പ്യന്‍ഷിപ്പിനിടെ നൂറുകണക്കിന് മത്സരാര്‍ത്ഥികളാണ് കനത്ത ചൂടിന്റെ കാഠിന്യത്താല്‍ കുഴഞ്ഞുവീണും പേശിവലിവുമൂലവും മറ്റും ബുദ്ധിമുട്ടിയത്.
നടത്തിപ്പിലെ കൃത്യംകൊണ്ടും സംഘാടന മികവുകൊണ്ടും കായികോത്സവം ഗംഭീരമായി അവസാനിച്ചു. പരിമിതികള്‍ക്കുള്ളിലും ഒരാള്‍ക്കും ഒരുതരത്തിലുള്ള പരാതിക്കും ഇടനല്‍കാതെ മേള സുഗമമായി നടത്താന്‍ സംഘാടകര്‍ അക്ഷീണം പ്രയത്‌നിച്ചു. ഭക്ഷണക്കമ്മറ്റിയും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. അതുപോലെ ടെക്‌നിക്കല്‍ കമ്മറ്റിയും ഇതിനെല്ലാം ചുക്കാന്‍പിടിച്ച വിദ്യാഭ്യസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് സ്‌പോര്‍ട്‌സ് ഡോ. ചാക്കോ ജോസഫും ഏറെ അഭിനന്ദനമര്‍ഹിക്കുന്നു. കഴിഞ്ഞ 12 കൊല്ലത്തിലേറെയായി സ്‌കൂള്‍ കായികോത്സവം പരാതിക്കിടനല്‍കാത്ത വിധം നടത്താന്‍ ചുക്കാന്‍ പിടിച്ചത് ഇദ്ദേഹമായിരുന്നു. സ്‌കൂള്‍ കായികോത്സവ നടത്തിപ്പില്‍ സമൂലമായ പരിഷ്‌കാരങ്ങള്‍ വരുത്തിയ ഡോ. ചാക്കോ ജോസഫ് അടുത്ത വര്‍ഷം മെയ് 30ന് ഔദ്യോഗിക സ്ഥാനത്തുനിന്ന് വിരമിക്കുന്നത് ഏറെ ചാരിതാര്‍ഥ്യത്തോടെയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: