കൊല്ലം: പ്രകൃതിദുരന്തങ്ങളില്‍ കാണാതായവര്‍ക്ക് മരണസര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള നടപടികളിലേക്ക് സംസ്ഥാനവും. ഇത് സംബന്ധിച്ച് ജനന മരണ ചീഫ് രജിസ്ട്രാറുടെ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാ ജില്ലാ ജനനമരണ രജിസ്ട്രാര്‍മാര്‍ക്കും ലഭിച്ചു.
കേരളത്തില്‍ ഓഖി ദുരന്തത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ എണ്ണം നൂറ്റെട്ടും മഹാപ്രളയത്തില്‍ നൂറ്റിനാല്‍പ്പതും പേരാണ്. ഏറെക്കാലമായി ഇവരുടെ ഉറ്റവര്‍ അനുഭവിക്കുന്ന പ്രയാസങ്ങളാണ് പുതിയ നീക്കത്തിലൂടെ പരിഹരിക്കപ്പെടുന്നത്.
പ്രകൃതിദുരന്തങ്ങളില്‍ കാണാതായതും എന്നാല്‍, മൃതദേഹം കണ്ടെത്താനാകാത്തതുമായ വ്യക്തികള്‍ ആ ദുരന്തത്തില്‍ മരിച്ചതായി ഉറപ്പാക്കാന്‍ എല്ലാശ്രമവും നടത്തണമെന്നാണ് സര്‍ക്കുലര്‍. ഇത്തരം വ്യക്തികളുടെ പട്ടിക തയാറാക്കി ദിനപത്രത്തിലും ഔദ്യോഗിക ഗസറ്റിലും സര്‍ക്കാര്‍ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കണം. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കണം. ഇത് മലയാളത്തിലും ഇംഗ്ലീഷിലും വേണം. ഇതിന്റെ മറുപടിക്കായി 30 ദിവസം സമയവും നല്‍കണം.
ഈ സമയപരിധിക്കു ശേഷം മരണസര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ വിശദവിവരങ്ങളടക്കം ഉത്തരവ് തഹസില്‍ദാറോ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റോ ജനനമരണ രജിസ്ട്രാര്‍ക്ക് നല്‍കണം. അതിന്റെ അടിസ്ഥാനത്തില്‍ രജിസ്ട്രാര്‍ മരണം രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് അനുവദിക്കണം. വ്യക്തിയെ കാണാതായതായി ഏറ്റവും അടുത്ത ബന്ധു നല്‍കിയതും നോട്ടറി സാക്ഷ്യപ്പെടുത്തിയതുമായ സത്യവാങ്മൂലം സ്ഥിരം രേഖയായി സൂക്ഷിക്കണമെന്നും മരണസര്‍ട്ടിഫിക്കറ്റ് സൗജന്യമായി ഈ ബന്ധുവിനും എഫ്‌ഐആര്‍ ഫയല്‍ ചെയ്ത പോലീസ് സ്റ്റേഷനും അയച്ചുകൊടുക്കണമെന്നും നിര്‍ദേശിക്കുന്നു.
രജിസ്ട്രാര്‍ ജനറല്‍ ഇന്ത്യ പുറപ്പെടുവിച്ച 2014 സപ്തംബറിലെ സര്‍ക്കുലറാണ് സംസ്ഥാനത്തിന് സഹായകമായത്. ഇതിന് വ്യക്തത ആരാഞ്ഞ് ചീഫ് രജിസ്ട്രാര്‍ക്ക് ഈ വര്‍ഷം ജൂലൈയില്‍ ലഭിച്ച മറുപടിയും സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നു. ഉത്തരാഖണ്ഡിലും ജമ്മു കശ്മിരീലും 2013, 2014 വര്‍ഷങ്ങളില്‍ ഉണ്ടായ പ്രകൃതിദുരന്തങ്ങളില്‍ കാണാതായ വ്യക്തികളുടെ മരണസര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ഏകീകൃതനടപടിക്രമം രൂപീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് പ്രകൃതിദുരന്തങ്ങളുടെ ഫലമായി മരിച്ചതും മൃതശരീരം ലഭ്യമാകാത്തതുമായ വ്യക്തികളുടെ മരണ രജിസ്‌ട്രേഷന്‍ നടത്തുന്നതിന് കൃത്യമായ മാനദണ്ഡങ്ങളാണ് കേന്ദ്രം പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: