ന്യൂഡല്‍ഹി: പുതിയ പ്രസിഡന്റ് അധികാരം ഏറ്റെടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വിദേശകാര്യ മന്ത്രിയെ ശ്രീലങ്കയിലേക്കയച്ച് മോദി സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര് ഇന്നു രാത്രിയാണ് കൊളംബോയിലെത്തിയത്. ജയ്ശങ്കര് പുതിയ പ്രസിഡന്റ് ഗോദഭയ രജപക്ഷെയെ സന്ദര്‍ശിച്ചു. മുന്‍കൂട്ടി നിശ്ചയിക്കാത്ത സന്ദര്‍ശനമായിരുന്നു ജയ്ശങ്കറുടേതെന്ന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാളെ പുലര്‍ച്ചെ ജയശങ്കര്‍ തിരിച്ച് ഇന്ത്യയിലെത്തും. ഇന്ത്യ സന്ദര്‍ശിക്കുന്നതിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം അദ്ദേഹം ശ്രീലങ്കന്‍ പ്രസിഡന്റിനെ അറിയിച്ചു. ഈമാസം 29ന് രജപക്ഷെ ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സ്ഥാനമേറ്റ ശേഷം അദ്ദേഹം നടത്തുന്ന ആദ്യ ഔദ്യോഗിക വിദേശ സന്ദര്‍ശനമാണ് ഇത്.
കഴിഞ്ഞ ദിവസം മോദി രാജപക്സെയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇന്ത്യ സന്ദര്‍ശിക്കുന്നതിന് പ്രധാനമന്ത്രി ശ്രീലങ്കന്‍ പ്രസിഡന്റിനെ ക്ഷണിക്കുകയും ചെയ്തിരുന്നു. ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി ഗോദഭയ രജപക്ഷെ ഇന്നലെയാണ് സത്യപ്രതിജ്ഞ ചെയ്തത്. രുവാന്വെലിസെയ ബുദ്ധ ക്ഷേത്രത്തിലായിരുന്നു ചടങ്ങ്. ലങ്കയുടെ ഏഴാമത്തെ പ്രസിഡന്റായാണ് എഴുപതുകാരനായ ഗോദഭയ ചുമതലയേറ്റത്. മുന്‍ പ്രസിഡന്റ് മഹിന്ദ രജപക്ഷെയുടെ സഹോദരനാണ് ഗോദഭയ . പ്രധാനമന്ത്രിയായി മഹിന്ദ സ്ഥാനമേറ്റേക്കും എന്ന അഭ്യൂഹം ശക്തമാണ്.
ലങ്കന്‍ രാഷ്ട്രീയത്തില്‍ ഏറെ സ്വാധീനമുള്ള രജപക്ഷെ കുടുംബത്തില്‍ നിന്നുള്ള രണ്ടാമത്തെ പ്രസിഡന്റാണ് ഗോദഭയ . മഹിന്ദ പ്രസിഡന്റായിരുന്നപ്പോള്‍ പ്രതിരോധ സെക്രട്ടറിയായിരുന്ന ഗോദഭയ എല്‍ടിടിഇക്കെതിരായ ലങ്കന്‍ സൈന്യത്തിന്റെ അന്തിമവിജയത്തില്‍ നിര്‍ണായ വങ്കു വഹിച്ചിരുന്നു. ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ സജിത് പ്രേമദാസയെ പതിമൂന്നു ലക്ഷം വോട്ടുകള്‍ക്കാണ് ഗോദഭയ പരാജയപ്പെടുത്തിയത്. ഗോദഭയയ്ക്ക് 52.25 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ സജിത്തിന് 41.99 ശതമാനം വോട്ടുകളാണ് നേടാനായത്.
വോട്ടര്‍മാരില്‍ എഴുപതു ശതമാനത്തോളം വരുന്ന സിംഹളരുടെ വോട്ടു സ്വന്തമാക്കിയാണ് ഗോദഭയ വിജയിച്ചത്. പ്രാചീന സാമ്രാജ്യ നഗരമായ അനുരാധപുരയിലെ ബുദ്ധക്ഷേത്രത്തില്‍ ചീഫ് ജസ്റ്റിസ് ജയന്ത ജയസൂര്യ സത്യവാചകം ചൊല്ലിക്കൊടുത്തു, കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ ആക്രമണം പ്രചരണ വിഷയമാക്കിയ ഗോദഭയ രാഷ്ട്രത്തോടുള്ള ആദ്യ അഭിസംബോധനയിലും സുരക്ഷയ്ക്കു മുന്‍തൂക്കം കൊടുക്കുമെന്നാണ് പറഞ്ഞത്. തമിഴ് വംശജരും മുസ്ലീങ്ങളും വളരെ ആവേശത്തോടെ സജിത് പ്രേമദാസയെ വിജയിപ്പിക്കാനാണ് ശ്രമിച്ചത്.
ഇക്കാര്യവും ഗോദഭയ എടുത്തു പറഞ്ഞു. സിംഹളരുടെ വോട്ടു കിട്ടിയാണ് ജയിച്ചതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ എന്റെ വിജയത്തിന്റെ ഭാഗമാകാന്‍ തമിഴ് വംശജരോടും മുസ്ലീങ്ങളോടും അഭ്യര്‍ഥിക്കുന്നു. തെരഞ്ഞെടുപ്പിലെ അവരുടെ പ്രതികരണം ഞാന്‍ പ്രതീക്ഷിച്ചതല്ല. പക്ഷെ, ശ്രീലങ്കയുടെ നന്മയ്ക്കായി നമുക്ക് ഒന്നിച്ചു പ്രവര്‍ത്തിക്കാം, ഗോദഭയ പറഞ്ഞു.
അടുത്ത ഫെബ്രുവരിയിലെ പൊതു തെരഞ്ഞെടുപ്പു വരെ പാര്‍ലമെന്റില്‍ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി (യുഎന്‍പി) ക്കാണ് ഭൂരിപക്ഷമെന്നത് ഇനിയുള്ള ദിവസങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കും. യുഎന്‍പി നേതാവ് റനില്‍ വിക്രമസിംഗെയാണ് ഇപ്പോള്‍ പ്രധാനമന്ത്രി. മൂത്ത സഹോദരനും മുമ്പ് രണ്ടു വട്ടം പ്രസിഡന്റുമായിരുന്ന മഹിന്ദയെ പ്രധാനമന്ത്രിയാക്കാന്‍ ആഗ്രഹിക്കുന്നതായി ഗോദഭയ വ്യക്തമാക്കിക്കഴിഞ്ഞു. വിക്രമസിംഗെ രാജിവെച്ച് പുതിയ പ്രധാനമന്ത്രിയെ നിയമിക്കാന്‍ അവസരമൊരുക്കണമെന്ന് മന്ത്രിസഭയില്‍ത്തന്നെ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: