വാരണാസി: ബനാറസ് ഹിന്ദു സര്‍വകലാശാല ക്യാമ്പസില്‍ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ക്യാമ്പസിലെ സവര്‍ക്കരുടെ ഫോട്ടോ ഉള്‍പ്പെടെ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. സര്‍വകലാശാലയിലെ സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ പഴയ പിജി കെട്ടിടത്തിലെ മുറിയില്‍ സ്ഥാപിച്ചിരുന്ന ചിത്രത്തിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയാണ് ക്യാമ്പസില്‍ ആക്രമണം ഉണ്ടായത്. എംഎ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി എത്തിയതിന് പിന്നാലെ കാമ്പസിലെ എബിവിപി പ്രവര്‍ത്തകരും രംഗത്തുവന്നു. ക്യാമ്പസിലെ ജിഹാദി ഇടതുപക്ഷ അനുകൂല സംഘടനകളാണ് ചിത്രം തകര്‍ത്തതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എബിവിപി പ്രവര്‍ത്തര്‍ക്ക് നേരെ ഇവര്‍ അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു.
സവര്‍ക്കറുടെ ചിത്രത്തിന് സമീപമായി ഡോ. ബിആര്‍ അംബേദ്കറുടെയും ആചാര്യ നരേന്ദ്രദേവിന്റെയും പ്രതിമകള്‍ ഉണ്ടായിരുന്നു. ഈ പ്രതിമകള്‍ക്ക് നേരെ ആക്രമണമുണ്ടാകാതെ സവര്‍ക്കറുടെ ചിത്രത്തെ മാത്രം ലക്ഷ്യം വെച്ചാണ് ആക്രമണം ഉണ്ടായതെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സര്‍വകലാശാലയില്‍ സ്ഥാപിച്ചിരുന്ന ഹൈന്ദവബിംബങ്ങള്ക്കെതിരെയും ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ അക്രമികള്‍ വിവേകാനന്ദ പ്രതിമ തകര്‍ത്തിരുന്നു. ഇതില്‍ ദല്‍ഹി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ജെഎന്‍യു സ്വാമി വിവേകാനന്ദ സ്റ്റാച്യു ഇന്സ്റ്റലേഷന് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഡോ.ബുദ്ധ സിങ് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. പൊതുമുതല്‍ നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ദല്‍ഹി വസന്ത് കുഞ്ജ് പോലീസാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ അധികൃതര്‍ ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
സര്‍വകലാശാലയിലെ അഡ്മിനിസ്ട്രേഷന് ബ്ലോക്ക് മുഴുവന്‍ പെയിന്റടിച്ചതിന് പിന്നാലെ സ്വാമി വിവേകാനന്ദന്റെ പ്രതിമയിലും വിദ്യാര്‍ത്ഥികള്‍ പെയിന്റ് പൂശി. കൂടാതെ പ്രതിമയുടെ ചുവട്ടില്‍ പ്രകോപനപരമായ വാക്യങ്ങള്‍ എഴുതി വെക്കുകയും ചെയ്തതോടെയാണ് ഇത് വിവാദമായത്. അതേസമയം വിദ്യാര്‍ത്ഥികളുടെ ഈ നടപടി അംഗീകരിക്കാന്‍ ആകില്ലെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജെഎന്‍യു അധികൃതരും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: