തിരുവനന്തപുരം: മാവോയിസ്റ്റുകളും ചുവപ്പ് ജിഹാദി തീവ്രവാദികളും ചങ്ങാതിമാരാണെന്ന കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്റെ തുറന്ന് പറച്ചില്‍ ഒരു കുറ്റസമ്മതമാണെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സന്ദീപ് ജി. വാര്യര്‍.
മോഹനന്‍ മാസ്റ്ററെ പോലെ ജില്ലാതലം വരെ പ്രവര്‍ത്തിക്കുന്ന സിപിഎം നേതാക്കള്‍ക്ക് സ്വാഭാവികമായും താഴെ തട്ടില്‍ നടക്കുന്നത് എന്താണെന്ന് സംബന്ധിച്ച് കൃത്യമായ ബോധ്യം ഉണ്ടാകും. മോഹനന്‍ മാസ്റ്റര്‍ നടത്തിയിരിക്കുന്നത് ഒരു കുറ്റസമ്മതമാണ്.
സിപിഎമ്മിലും ഡിവൈഎഫ്‌ഐയിലും മാവോയിസ്റ്റ്- മത തീവ്രവാദികള്‍ നുഴഞ്ഞു കയറിയിരിക്കുന്നു എന്ന യുവമോര്‍ച്ചയുടെ വിമര്‍ശനം ശരിവയ്‌ക്കുന്നതാണ് മോഹനന്‍ മാസ്റ്ററുടെ തുറന്നുപറച്ചില്‍. ഡിവൈഎഫ്‌ഐ സമ്മേളനങ്ങള്‍ കഴിഞ്ഞ് വന്ന ഭാരവാഹി ലിസ്റ്റുകള്‍ ഒന്ന് പരിശോധിച്ചാല്‍ മോഹനന്‍ മാസ്റ്ററുടെ തുറന്നുപറച്ചില്‍ യാഥാര്‍ഥ്യമാണെന്ന് ബോധ്യപ്പെടുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
മാവോയിസ്റ്റുകളും ജിഹാദി ഭീകരവാദികളും തമ്മില്‍ രാജ്യത്തെമ്പാടും കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടുണ്ട്. മാവോയിസ്റ്റ് പ്രസ്ഥാനം കാശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജെഎന്‍യുവിലെ കമ്യൂണിസ്റ്റുകാരും കേരളത്തിലെ ഇടതുപക്ഷക്കാരും കാശ്മീരിലെ തീവ്രവാദ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. തിരികെ മാവോയിസ്റ്റുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കുമ്പോള്‍ ഇര വാദവുമായി അവരെ ന്യായീകരിക്കാന്‍ ഇറങ്ങുന്നത് ജിഹാദി ഭീകരവാദികളാണെന്നും കേരളത്തിലും ഇക്കൂട്ടരുടെ പരസ്പരസഹകരണം കാണാവുന്നതാണെന്നും യുവമോര്‍ച്ച സെക്രട്ടറി ചൂണ്ടിക്കാട്ടി.
കേന്ദ്ര-സംസ്ഥാന നേതൃത്വം കണ്ണുരുട്ടിയാല്‍ ഒരുപക്ഷേ മോഹനന്‍ മാസ്റ്റര്‍ പറഞ്ഞതില്‍ നിന്ന് പിന്നോട്ട് പോയേക്കാം. എന്നാല്‍ യുവമോര്‍ച്ച അതിനു തയ്യാറല്ലെന്നും മാര്‍ക്‌സിസ്റ്റ് മാവോയിസ്റ്റ് മതഭീകരവാദ കൂട്ടുകെട്ടിനെതിരെ ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുമെന്നും സന്ദീപ് വാര്യര്‍ ഫെയ്‌സ്ബുക്കിലൂടെ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: