ന്യൂദല്‍ഹി: പിണറായി സര്‍ക്കാരിന്റെ നടപടികളില്‍ കൃത്യമായ നിലപാട് എടുക്കാന്‍ കഴിതെ സിപിഎം കേന്ദ്ര നേതൃത്വം. രാജ്യത്ത് സിപിഎം മുഖ്യമന്ത്രിയുള്ള ഏക സംസ്ഥാനമാണ് കേരളം. ഇവിടുത്തെ സര്‍ക്കാരിനെ സംബന്ധിച്ച് ഇത്തരമൊരു പ്രതിസന്ധിയിലാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയുടെ പ്രഖ്യാപി
ത നിലപാടിന് വിരുദ്ധമാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം. എന്നാല്‍ കേന്ദ്ര കമ്മിറ്റി ഓഫീസുള്‍പ്പെടെ നടത്തിക്കൊണ്ടുപോകുന്നത് കേരളത്തിലെ സഹായം കൊണ്ടും. പിണറായിയെ തള്ളാനും കൊള്ളാനുമാകാത്ത അവസ്ഥയിലാണ് ദേശീയ നേതൃത്വം.
പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം ഇന്നലെ നിലപാട് വിശദീകരിക്കാന്‍ വിളിച്ച പത്രസമ്മേളനം നിലപാടില്ലാതെ വിയര്‍ത്തു കുളിച്ചാണ് യെച്ചൂരി അവസാനിപ്പിച്ചത്. യുഎപിഎ, ശബരിമല, മാവോയിസ്റ്റ് വേട്ട തുടങ്ങിയവയില്‍ പത്രലേഖകരുടെ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ യെച്ചൂരി പ്രതിരോധത്തിലായി. യുഎപിഎ കരിനിയമമാണെന്നതില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുന്നുവെന്ന് പറഞ്ഞ യെച്ചൂരി, കേരളത്തില്‍ ഇതേ നിയമം ചുമത്തി കേസെടുക്കുന്നതില്‍ വിശദീകരണം തേടിയപ്പോള്‍ ഉരുണ്ടുകളിച്ചു. കേരളത്തിലെ സിപിഎമ്മിന് ഭിന്ന നിലപാടാണോ ഉള്ളതെന്ന ചോദ്യത്തിന് രാജ്യത്ത് പാസാക്കിയ നിയമം അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന മറുപടി നല്കി ഒഴിഞ്ഞുമാറാനായിരുന്നു ശ്രമം.
നിലപാടിലെയും പ്രയോഗത്തിലെയും വൈരുധ്യം ചൂണ്ടിക്കാട്ടിയപ്പോള്‍ താന്‍ പാര്‍ട്ടി നിലപാടാണ് പറയുന്നതെന്ന് ചൂണ്ടിക്കാട്ടി യെച്ചൂരി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. പാര്‍ട്ടിയുടെ നിലപാട് കേരളത്തിലെ നേതാക്കള്‍ക്കും അറിയാമെന്ന മുനവച്ച പരാമര്‍ശവും ഇതിനിടെയുണ്ടായി. നിങ്ങളുടെ സര്‍ക്കാരെന്ന് മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ ക്ഷുഭിതനായ അദ്ദേഹം മലയാളിയായതിനാനാല് താങ്കളുടെ സര്‍ക്കാരെന്ന് എനിക്കും പറയാമല്ലോയെന്ന വിചിത്ര വാദവും ഉന്നയിച്ചു. മാവോയിസ്റ്റ് വേട്ട സംബന്ധിച്ച് പ്രതികരിക്കാനും തയ്യാറായില്ല. നിങ്ങള്‍ കേരള സര്‍ക്കാരിനോട് ചോദിച്ചാല്‍ മതിയെന്നായിരുന്നു മറുപടി. ഒരു സംസ്ഥാനത്തെ എല്ലാ ക്രമസമാധാന പ്രശ്നങ്ങള്‍ക്കും മറുപടി പറയലല്ല തന്റെ ചുമതലയെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ വിഭാഗത്തിലുമുള്ള ആരാധാനാലയങ്ങളിലും സ്ത്രീകള്‍ക്ക് തുല്യ പരിഗണന വേണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന് ശബരിമല യുവതീ പ്രവേശനത്തെ പിന്തുണച്ച് യെച്ചൂരി വിശദീകരിച്ചു. വിധിയില്‍ കൂടുതല്‍ വ്യക്തത തേടേണ്ടതുണ്ട്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തിന് താനത് കേട്ടില്ലെന്നും മലയാളം അറിയില്ലെന്നുമായിരുന്നു മറുപടി. ദല്‍ഹിയില്‍ താമസിക്കുന്ന മലയാളികളായ പിബി അംഗങ്ങളോട് ചോദിച്ചാല്‍ മനസിലാകുമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ തിരിച്ചടിച്ചു. ഇതോടെ സുപ്രീംകോടതി ഉത്തരവിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത തേടിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ് യെച്ചൂരി ഒഴിവായി. പ്രായോഗികമായി സ്റ്റേയുണ്ടെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയപ്പോഴാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: