കൊച്ചി: അപകടത്തില്‍ മരിച്ച ബിഎസ്എഫ് ജവാന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനിടയിലും പള്ളിയില്‍ അവകാശത്തര്‍ക്കവുമായി ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍. രാജസ്ഥാനില്‍ വാഹനാപകടത്തില്‍ മരിച്ച ബിഎസ്എഫ് ജവാന്‍ ബിനോയ് എബ്രഹാമിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനിടയിലാണ് ഈ രംഗങ്ങള്‍ അരങ്ങേറിയത്.
ബിനോയിയുടെ മൃതദേഹം പള്ളിയുടെ അകത്ത് കയറ്റുന്നത് സംബന്ധിച്ച് യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കത്തിലേക്ക് എത്തി. അതോടെ സൈന്യം ഔദ്യോഗിക ബഹുമതികള്‍ നല്‍കി മൃതദേഹം സംസ്‌കരിക്കുകയായിരുന്നു.
ശനിയാഴ്‌ച്ച രാവിലെ രാജസ്ഥാനിലെ ബാര്‍മീറില്‍ ബിനോയ് ഓടിച്ചിരുന്ന മിലിട്ടറി ട്രക്ക് എതിരെ വന്ന ടൂറിസ്റ്റ് ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം യാക്കോബായ വിഭാഗത്തിന്റെ പള്ളിയില്‍ പ്രാര്‍ത്ഥനകള്‍ നടത്തിയതിന് ശേഷം ബിനോയിയുടെ ഇടവക പള്ളിയില്‍ സംസ്‌കരിക്കാനായി എത്തിച്ചപ്പോഴാണ് അവകാശത്തര്‍ക്കം ഉണ്ടായത്.
മൃതദേഹം പിറവം പള്ളിയുടെ അകത്ത് കയറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടു. പള്ളിക്കകത്തുണ്ടായിരുന്ന ഓര്‍ത്തഡോക്‌സ് വിഭാഗവുമായി സംസാരിച്ച് പോലീസ് ജവാന്റെ മൃതദേഹം പള്ളിയുടെ അകത്ത് കയറ്റാന്‍ അവസരമൊരുക്കിയെങ്കിലും യാക്കോബായ വിശ്വാസികള്‍ കൂടുതലായി പ്രവേശിക്കാന്‍ തുടങ്ങിയതോടെയാണ് പ്രശ്‌നം ഉണ്ടായി. ഇതോടെ പോലീസ് ക്രമസമാദാനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ആളുകള്‍ കൂടുതലായി പള്ളിക്കുള്ളില്‍ പ്രവേശിക്കുന്നത് നിയന്ത്രിക്കുകയും ചെയ്തു.
അതേസമയം സൈനികന്റെ മൃതദേഹം പള്ളിയുടെ അകത്ത് കയറ്റിയില്ലെന്നാരോപിച്ച് യാക്കോബായ വിഭാഗം പ്രതിഷേധ മാര്‍ച്ച് നടത്തി. കൂടാതെ പിറവത്ത് സൈനികന്റെ മൃതദേഹം അപമാനിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പിറവം നഗരസഭാ കൗണ്‍സിലര്‍ സോജന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു. സെക്രട്ടറിയേറ്റിന് മുന്നില്‍ മറ്റ് കൗണ്‍സില്‍ അംഗങ്ങളും യാക്കോബായ വിഭാഗം പ്രതിനിധികളും പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു.















