ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞ് നാല് സൈനികരുള്‍പ്പെടെ ആറു പേര് മരിച്ചു. രണ്ടു പേരെ രക്ഷപെടുത്തി. ഇവരെ സമീപമുള്ള സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് മഞ്ഞിനടിയില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. രണ്ട് പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. കാണാതായവര്‍ക്കായി കരസേന തിരച്ചില്‍ തുടങ്ങി. ഇന്നലെ വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. സ്ഥലത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സൈനികരാണ് അപകടത്തില്‍പെട്ടത്.
ഹിമാലയന്‍ മലനിരയുടെ വടക്കന്‍ മേഖലയില്‍ സമുദ്രനിരപ്പില്‍നിന്ന് 18,000 അടി ഉയരത്തിലാണ് സംഭവം. ഹിമാലയന്‍ മലനിരകളില്‍ ചെങ്കുത്തായുള്ള ഈ പ്രദേശത്ത് പൂജ്യത്തിനുതാഴെ 21 ഡിഗ്രിയായിരുന്നു തിങ്കളാഴ്ചത്തെ തണുപ്പ്. കാറക്കോറം മലനിരകളിലാണു സിയാച്ചിന്‍ സൈനിക ക്യാംപ് സ്ഥിതി ചെയ്യുന്നത്.
ഹിമാലയന്‍ പര്‍വതനിരയില്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്ന വടക്കന്‍ സിയാച്ചിനില്‍ പട്രോളിങ്ങില്‍ ഏര്‍പ്പെട്ട കരസേനാ ജവാന്മാരും സംഘവുമാണ് അപകടത്തില്‍പ്പെട്ടത്. മഞ്ഞിടിച്ചില്‍ ആരംഭിച്ചപ്പോള്‍ അവിടെ ഉണ്ടായിരുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടവരാണ് മഞ്ഞിനടിയില്‍പ്പെട്ടത്.
1984ല്‍ ഇന്ത്യ-പാക് യുദ്ധത്തെത്തുടര്‍ന്നാണ് സിയാച്ചിനില്‍ സേനയെ വിന്യസിച്ചത്. ശൈത്യകാലത്ത് പൂജ്യത്തിനുതാഴെ 60 ഡിഗ്രിവരെ തണുപ്പ് ഇവിടെ അനുഭവപ്പെടാറുണ്ട്. ഈ സമയങ്ങളില്‍ പ്രദേശത്ത് മഞ്ഞുമലയിടിച്ചില്‍ പതിവാണ്. ഈയിടെ ഇവിടേക്ക് ടൂറിസ്റ്റുകളെ അനുവദിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇവിടത്തെ സൈനികര്‍ നേരിടുന്ന വിഷമം പൊതുജനം നേരിട്ടറിയുന്നതിന് വേണ്ടിയായിരുന്നു ഈ തീരുമാനം കേന്ദ്രം കൈക്കൊണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: