ന്യൂദല്‍ഹി: ശബരിമല യുവതിപ്രവേശന വിധിയില്‍ കേരള സര്‍ക്കാര്‍ എത്രയും വേഗം വ്യക്തത വരുത്തണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാല്‍, മുസ്ലീം പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന്റെ വിഷയം ഇപ്പോള്‍ ഉദിക്കുന്നില്ല. ശബരിമല കേസ് പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് മുസ്ലീം സമുദായത്തിന്റെ കാര്യം പരാമര്‍ശിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലന്നും യെച്ചൂരി പറഞ്ഞു. സ്ത്രീ പുരുഷ സമത്വമെന്നതാണ് സിപിഎം നിലപാട്. ശബരിമല കേസില്‍ കൃത്യമായ വിധിയിലേയ്ക്ക് സുപ്രീംകോടതി എത്രയും വേഗം എത്തിച്ചേരണം . നിലവിലെ വിധിയില്‍ അവ്യക്തത ഉണ്ട്.
2018 ലെ യുവതി പ്രവേശന വിധി പുനഃപരിശോധിക്കുന്നതിന് പകരം, മറ്റ് മതങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും എന്തിനാണ് സുപ്രീംകോടതി പരിശോധിക്കുന്നത്. ശബരിമല കേസില്‍ കേസില്‍ വ്യക്തത വരുത്തിയില്ലെങ്കില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം തുടരും . വിധിയില്‍ നിരവധി ചോദ്യങ്ങള്‍ക്കുള്ള സാദ്ധ്യതയാണുള്ളതെന്നും യെച്ചൂരി പറഞ്ഞു.
അയോധ്യക്കേസില്‍ സുപ്രീം കോടതി പ്രസ്താവിച്ചത് വിധിയാണെന്നും നീതിയല്ലെന്നും രണ്ടു ദിവസമായി ദല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടി പോളിറ്റ് ബ്യൂറോ പറഞ്ഞു. യോഗത്തിനു ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സിപിഎം ഇക്കാര്യം വ്യക്തമാക്കിയത്. അയോധ്യ തര്‍ക്കം ഒത്തുതീര്‍പ്പ് ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാന്‍ സാധിക്കൂ എന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. എന്നാല്‍, ഇപ്പോള്‍ വിഷയത്തില്‍ കോടതിയില്‍ നിന്ന് അന്തിമവിധി വന്നിരിക്കുന്നു. എന്നാല്‍, വിധി സംബന്ധിച്ച് ചില ഗുരുതര സംശയങ്ങളും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. ഭരണഘടനയെ മുന്‍നിര്‍ത്തി മതേതരമായി മാത്രം പരിഹരിക്കേണ്ട സിവില്‍ തര്‍ക്കമാണ് അയോധ്യയില്‍ ഉയര്‍ന്നുവന്നത്. വിശ്വാസത്തിന്റേയും ആരാധാനയുടേയും പ്രധാന്യത്തില്‍ പ്രശ്നപരിഹാരമല്ല ആവശ്യം. എന്നാല്‍, അന്തിമവിധയില് ഏറെ സ്വാധീനിക്കപ്പെട്ട് വിശ്വാസവും മതവികാരങ്ങളുമാണ്. സിവില്‍ തര്‍ക്കം എന്നതിലുപരി, കേസിന്റെ അന്തിമഘട്ടത്തില്‍ അതു ഹിന്ദു-മുസ്ലിം തര്‍ക്കാമായി പരിണമിച്ചു.
വിധിയില്‍ ഉടനീളം അയോധ്യയിലെ പള്ളിയില്‍ നടന്ന കൈയേറ്റങ്ങളെ നിശിതമായ വിമര്‍ശിച്ചിരുന്നു. പുരാവസ്തു ഗവേഷകരുടെ റിപ്പോര്‍ട്ട് പ്രകാരവും അവിടെ ക്ഷേത്രം തകര്‍ത്താണ് പള്ളി നിര്മിച്ചതെന്നതിനു തെളിവുണ്ടായിരുന്നില്ല. നിരവധി ആള്‍ക്കാരുടെ ജീവന് നഷ്ടപ്പെടാന്‍ ഇടയായ ക്രിമിനല്‍ കുറ്റങ്ങള്‍ കൂടി ഉള്‍പ്പെട്ടതാണ് ഈ തര്‍ക്കം. മതേതരത്വം ഉയര്‍ത്തിയുള്ള വിധിയാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇപ്പോഴത്തേത് കോടതിയുടെ വിധി മാത്രമാണെന്നും നീതി അല്ലെന്നും സിപിഎം പിബി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: