ചരിത്രാതീതകാലം മുതല്ക്കുതന്നെ ഭാരതം ഒരു മതേതര രാഷ്ട്രമായിരുന്നു. മതവും ഭരണവും ഇവിടെ ഒരിക്കലും കൂട്ടി കലര്ത്തപ്പെട്ടിട്ടില്ല. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ കശ്മീരില്‍ ഹിന്ദുരാജാവും ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ഹൈദരാബാദില്‍ മുസ്ലിം രാജാവും ഈ രാജ്യത്തിന്റെ പ്രത്യേകതയായിരുന്നു. കേരളത്തില്‍നിന്നുള്ള ഹിന്ദു സന്ന്യാസിവര്യനായ ശങ്കരാചാര്യര്‍ മുസ്ലിം ആധിപത്യമുള്ള കശ്മീരില്‍വച്ചാണ് സര്‍വ്വജ്ഞപീഠം കയറിയത്. അമര്‍നാഥ് യാത്രികര്‍ കശ്മീരിലൂടെ കടന്നുപോകുമ്പോള്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നത് മുസ്ലിം സഹോദരന്മാരായിരുന്നു.
ഭാരതത്തില്‍ ബ്രിട്ടീഷുകാര്‍ ഭരണം തുടങ്ങിയതിനുശേഷമാണ് ഈ സ്ഥിതിക്ക് മാറ്റം വന്നത്. വിഭജിച്ചു ഭരിക്കുക എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുവിനെയും മുസ്ലീമിനെയും അവര്‍ തമ്മിലടിപ്പിച്ചു. അവസാനം തികച്ചും മതത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് രാഷ്ട്രീയ സംഘടനകള്‍ നമ്മുടെ രാജ്യത്ത് രൂപീകരിക്കപ്പെട്ടു. ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗും ഹിന്ദുമഹാസഭയും. പൊതുവേ മതേതരത്വത്തില്‍ വിശ്വസിക്കുന്ന ഹിന്ദുക്കള്‍ക്കിടയില്‍ ഹിന്ദു മഹാസഭയ്ക്ക് സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ക്രമേണ മുസ്ലീമുകളുടെ വക്താവായി മാറി. മുസ്ലിങ്ങള്‍ക്ക് മാത്രമായി മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം വേണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം അവര്‍ക്കുണ്ടായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അന്ന് ജാതി മതഭേദങ്ങള്‍ ഇല്ലാതെ എല്ലാവരേയും പ്രതിനിധാനം ചെയ്യുന്ന ദേശീയ സംഘടനയായിരുന്നുവെങ്കിലും മതത്തിന്റെ പേരില്‍ മാത്രം രാജ്യം വിഭജിക്കുന്നതിനെ എതിര്‍ത്ത് തോല്‍പ്പിക്കാനുള്ള ഇച്ഛാശക്തി അവര്‍ കാണിക്കുകയുണ്ടായില്ല. അതിന്റെ ഫലം ഇന്നു നാം അനുഭവിക്കുന്നു. മതസ്പര്‍ധയും, തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും വര്‍ഗീയ ലഹളകളും, സംശയങ്ങളും ആശങ്കകളും ഭീതിയും സ്ഥിരമായി നിലനില്‍ക്കുന്ന അന്തരീക്ഷവും ഇവിടെ സംജാതമായി.
പാക്കിസ്ഥാന് രൂപീകരണത്തിനുശേഷം ഉത്തരേന്ത്യയില്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന് ഒരു പ്രവര്‍ത്തനവും നടത്താന്‍ ധൈര്യമുണ്ടായിരുന്നില്ല. അവര്‍ പ്രവര്‍ത്തനം തെക്കേ ഇന്ത്യയിലേക്ക് വ്യാപിച്ചു. കേരളത്തില്‍ പഴയ മലബാര്‍ പ്രദേശത്തിന്റെ മധ്യഭാഗത്തു മാത്രം. ജവഹര്‍ലാല്‍ നെഹ്റു 1952-ലെ ആദ്യ തെരഞ്ഞെടുപ്പ് സമയത്ത് അതിനെ ‘ചത്ത കുതിര’ എന്ന് വിശേഷിപ്പിച്ചു. ലീഗുമായി കൂട്ടുകൂടാന്‍ ഒരു രാഷ്ട്രീയ കക്ഷിക്കും ധൈര്യമുണ്ടായിരുന്നില്ല. പാക്കിസ്ഥാന് രൂപീകരണെത്ത സ്വാഗതം ചെയ്ത ഏക രാഷ്ട്രീയ കക്ഷിയായ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുപോലും ലീഗുമായി കൂട്ടുകൂടാന്‍ സങ്കോചമായിരുന്നു.
അധികാരമോഹവും അവസരവാദവും പിന്നീട് ഈ സ്ഥിതി ആകെ മാറ്റിമറിച്ചു. 1960-കളില്‍ തൊപ്പിയൂരിക്കൊണ്ട് ലീഗുമായി ചങ്ങാത്തം കൂടാന്‍ കോണ്‍ഗ്രസ്സ് തയ്യാറായെങ്കില്‍ 1967-ല്‍ തൊപ്പിയൂരാതെതന്നെ ഇടതുകക്ഷികള്‍ പ്രത്യേകിച്ച് സിപിഎം രണ്ട് കയ്യുംനീട്ടി ലീഗിനെ സ്വാഗതം ചെയ്ത് രാഷ്ട്രീയനേട്ടങ്ങള്‍ ഉണ്ടാക്കി. പിന്നീട് അങ്ങോട്ട് ലീഗിന്റെ സ്വാധീനം പ്രയോജനപ്പെടുത്താന്‍ മത്സരബുദ്ധിയോടെ രാഷ്ട്രീയകക്ഷികള്‍ വ്യഗ്രത കാണിക്കുന്നതാണ് കണ്ടത്. ചത്ത കുതിര ഊര്‍ജസ്വലനായ പടക്കുതിരയായി അവര്‍ക്ക്. ഇന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ രാജ്യസഭാ സീറ്റും മന്ത്രിപദവികളും പാര്‍ലമെന്റ്, നിയമസഭാ സീറ്റുകളും നിര്‍ണയിക്കുന്നത് പാണക്കാട് നിന്നായി മാറിയിരിക്കുന്നു. ഉത്തര്‍പ്രദേശില്‍ പരാജയം ഭയന്ന രാഹുല്‍ ഗാന്ധിക്ക്, മുസ്ലിം ഭൂരിപക്ഷമുള്ള വയനാട് വച്ചുനീട്ടിയത് ലീഗിന്റെ തന്ത്രമായിരുന്നു. പ്രതിഷേധവും നിരാശയും ദേഷ്യവും നിയന്ത്രിക്കാന്‍ ആവാതെ ഒരു കോണ്‍ഗ്രസ്സ് പ്രവര്ത്തകന് മലപ്പുറം ഡിസിസി ഓഫീസിന്റെ മുന്നിലുള്ള കോണ്‍ഗ്രസ്സ് പതാകയുടെ മുകളില്‍ ലീഗ് പതാക കൂട്ടിക്കെട്ടി പ്രതിഷേധം അറിയിച്ചു. ഇതൊക്കെയായിട്ടും ഇന്ന് കേരളത്തിലെ നിര്‍ണായക രാഷ്ട്രീയകക്ഷിയായ ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് മാറിക്കഴിഞ്ഞു.
അറുപതുകളില്‍ മഹാരാഷ്ട്രയില്‍, പ്രത്യേകിച്ചും മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ശക്തമായ ട്രേഡ് യൂണിയന് പ്രസ്ഥാനങ്ങള്‍ ഉണ്ടായിരുന്നു. അവയില്‍ പലതിനും കമ്യൂണിസ്റ്റ് തൊഴിലാളി സംഘടനയോട് ആഭിമുഖ്യവും ഉണ്ടായിരുന്നു. രാജ്യത്തെ ഏറ്റവും വലിയ വ്യവസായ നഗരമായ മുംബൈയില്‍ ഇത്രയും ശക്തമായ ട്രേഡ് യൂണിയന് പ്രസ്ഥാനം ഉണ്ടാകുന്നത് അപകടമാണെന്ന് വ്യവസായ പ്രമുഖര്‍ മണത്തറിഞ്ഞു. ഇവരുമായി മഹാരാഷ്ട്രയിലെ ശക്തനായ കോണ്‍ഗ്രസ്സ് നേതാവായിരുന്ന എസ്.കെ. പാട്ടീലിന് അടുത്ത ബന്ധമുണ്ടായിരുന്നു. തൊഴിലാളി പ്രസ്ഥാനത്തെ തകര്‍ക്കാന്‍വേണ്ടി ഇവരുടെ ബുദ്ധിയില്‍നിന്ന് ഉദിച്ച ആശയമാണ് ശിവസേന. മഹാരാഷ്ട്ര മറാത്തികള്‍ക്കു മാ്രതം എന്ന മുദ്രാവാക്യവുമായി 1966-ല്‍ രംഗത്തുവന്ന ശിവസേന ആദ്യം ലക്ഷ്യമിട്ടത് ബോംബെ നഗരത്തിന്റെ തെരുവുകൡല് ഇളനീരും മറ്റു ചെറിയ ഉപഭോഗവസ്തുക്കളും വിറ്റ് ഉപജീവനമാര്‍ഗം നടത്തുന്ന മുസ്ലിം കച്ചവടക്കാെരയായിരുന്നു. ഭൂരിപക്ഷവും മലബാര്‍, തെക്കന്‍ കാനറാ ജില്ലകളില്‍നിന്നു വന്നവര്‍. പലരും ജീവനില്‍ കൊതികൊണ്ട് നാട്ടിലേക്ക് തിരിച്ചുപോന്നു. പിന്നീട് ലക്ഷ്യമിട്ടത് മുംബൈ നഗരത്തില്‍ ആകെ പരന്നുകിടന്നിരുന്ന ഉടുപ്പി റസ്റ്റോറന്റുകളെയായിരുന്നു. ശിവസൈനികര്‍ സംഘം ചേര്‍ന്ന് ഉടുപ്പി റസ്റ്റോറന്റുകള്‍ തല്ലിത്തകര്‍ത്തു. തമിഴ്നാട്ടില്‍ ദ്രാവിഡ കഴകക്കാര്‍ ബ്രാഹ്മിണ്‍ ഹോട്ടലുകളെ ആക്രമിച്ച അതേ രീതിയില്‍. ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗമില്ലാതിരുന്ന ഇവരില്‍ പലരും ശിവസേനയുമായി സന്ധിയില്‍ ഏര്‍പ്പെട്ടു. ഗുണ്ടാപ്പിരിവുപോലെ നിര്‍ബന്ധമായും മാസവരിപ്പിരിക്കല് ശിവസേനയുടെ പ്രവര്‍ത്തന ശൈലിയായി മാറി. ക്രമേണ മുംൈബ നഗരത്തിലെ പ്രബല ശക്തിയായി ശിവസേന വളര്‍ന്നു. വന്‍കിട വ്യവസായികള്‍ ഉദാരമായി ധനസഹായവും നല്കി. വെറും ഒരു കാര്‍ട്ടൂണിസ്റ്റായിരുന്ന ബാല്‍ താക്കറെപോലും പ്രതീക്ഷിക്കാത്ത വളര്‍ച്ച ശിവസേനക്കുണ്ടായി. ആശയപരമായ എന്തെങ്കിലും നിലപാട് എടുക്കണമെന്ന കാഴ്ചപ്പാടില്‍ അവര്‍ ഒരു ദിവസം ഹിന്ദുത്വത്തിന്റെ വക്താക്കളായി മാറി. ”ഗൗരവ് സേ ഭോല്‍ രഹോ ഹം ഹിന്ദു ഹേ” എന്ന മുദ്രാവാക്യം മഹാരാഷ്ട്രയില്‍ മുഴങ്ങി. അയോധ്യയില്‍ തര്‍ക്കമന്ദിരത്തിന്റെ തകര്‍ച്ചയ്ക്കുശേഷം മുംബൈ നഗരത്തില്‍ ഉണ്ടായ കലാപത്തില്‍ ശിവസേന പ്രാകൃതമായ പങ്കുവഹിച്ചു. റംസാന്‍കാലത്ത് മുസ്ലിം പ്രദേശങ്ങളില്‍ തെരുവില്‍ നടത്തിയിരുന്ന നമാസ് ശിവസൈനികര്‍ അക്രമംപ്രവര്ത്തനങ്ങൡലൂടെ അലങ്കോലപ്പെടുത്തി. മുസ്ലിം വിരുദ്ധ സംഘടന എന്ന സ്ഥാനവും ഹിന്ദുത്വത്തിന്റെ വക്താക്കള്‍ എന്ന ബഹുമതിയും ഒരേസമയത്ത് നേടിയെടുക്കുകയായിരുന്നു ശിവസേനയുടെ ലക്ഷ്യം.
കോണ്‍ഗ്രസ്സിലെ ഹിന്ദുവികാരം ഉള്ളവര്‍ അണിയറക്ക് പുറകില്‍നിന്നുകൊണ്ട് അവരെ പ്രോത്സാഹിപ്പിച്ചു പ്രചോദനം കൊടുത്തു. കൈയയഞ്ഞ് സഹായിക്കുകയുംചെയ്തു. മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ശിവസേനയുടെ സഹായത്തോടെ കോണ്‍ഗ്രസ്സ് ഭരണവും പിടിച്ചെടുത്തു. എന്നാല്‍ പിന്നീട് തീവ്ര ഹിന്ദുത്വത്തിന്റെ വക്താവായി ശിവസേന മാറിയപ്പോള്‍ മുസ്ലിം വോട്ടുബാങ്കിനെ ബാധിച്ചാലോ എന്ന് ഭയപ്പെട്ട് കോണ്‍ഗ്രസ്സ് പിന്‍വാങ്ങി. ശിവസേന അങ്ങനെ ബിജെപിയുടെ പാളയത്തില്‍ എത്തി. മുസ്ലിം വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും വിദേ്വഷ പ്രസംഗങ്ങള്‍ക്കും ശിവസേന നേതാക്കന്മാരെ വോട്ടവകാശത്തില്നിന്നുപോലും വിലക്കി. മുംബൈ നഗരത്തില്‍ ചില ഒറ്റപ്പെട്ട പ്രദേശങ്ങളൊഴിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് ഉണ്ടായിരുന്ന മേല്‍ക്കോയ്മ ക്രമേണ നഷ്ടപ്പെട്ടു. ഈ സ്ഥിതിവിശേഷം മഹാരാഷ്ട്രയില്‍ ആകെ പടര്‍ന്നു. വര്‍ഷങ്ങളായി മഹാരാഷ്ട്ര ഭരിച്ചിരുന്ന കോണ്‍ഗ്രസ്സിന് ഭരണം നഷ്ടമായി. പക്ഷേ ശിവസേനയെ രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയകക്ഷിയെന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രമേയം പാസാക്കാന്‍ പോലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് തയ്യാറായി. വര്‍ഗ്ഗീയതക്ക് എതിരായി സന്ധിയില്ലാ സമരം വാഗ്ദാനം ചെയ്തിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഒന്നാം നമ്പര്‍ ശത്രു മഹാരാഷ്ട്രയില്‍ ശിവസേനയായി മാറി. ഈ നിലപാട് മുസ്ലിം വോട്ടര്‍മാരെ കോണ്‍ഗ്രസ്സ് പാളയത്തില്‍ എത്തിച്ചു. തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായിട്ടുപോലും വര്‍ഗീയതയോടുള്ള സമീപനത്തില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ്സ് നേതൃത്വം തയ്യാറായിരുന്നില്ല.
ചത്ത കുതിരയെന്നന് ജവഹര്‍ലാല്‍ നെഹ്റു വിശേഷിപ്പിച്ച ലീഗിനെ വെള്ളപൂശി മതേതര മുന്നണിയുടെ നേതൃസ്ഥാനത്ത് പ്രതിഷ്ഠിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്, കേരളത്തില്‍ സ്വന്തം അണികള്‍ കൊഴിഞ്ഞുപോയാലും നേതാക്കന്മാര്ക്ക് മന്ത്രിസ്ഥാനവും സാമാജിക സ്ഥാനവും ലഭിക്കാനുള്ള വ്യഗ്രതയില്‍ ആ സംഘടനയുടെ മഹത്തായ പാരമ്പര്യങ്ങള്‍ മറന്ന് ലീഗിന്റെ ചൊല്‍പ്പടിക്കു നില്ക്കുന്ന സംഘടനയായി തരംതാണു. എ.കെ. ആന്റണി, വി.എം. സുധീരന് എന്നിവര്‍ക്ക് ഈ ശൈലിയില്‍ ഇപ്പോഴും എതിര്‍പ്പുണ്ട്. പക്ഷെ അവര്‍ സംഘടനയ്ക്കകത്ത് നിസ്സഹായരാണ്. ഇന്ന് ഇപ്പോള്‍ ഇതേ മലക്കംമറിച്ചില്‍ മഹാരാഷ്ട്രയിലും സംഭവിച്ചിരിക്കുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, നിരുപം തുടങ്ങിയ പ്രമുഖ നേതാക്കളുടെയും രാഹുല്ഗാന്ധിവരെയുള്ളവരുടെയും എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് തീവ്ര ഹിന്ദു വര്‍ഗീയകക്ഷിയാണെന്ന് ഇതേവരെ വിശേഷിപ്പിച്ചിരുന്ന ശിവസേനയോടൊപ്പം മൂന്നാംസ്ഥാനത്ത് മന്ത്രിക്കസേരകള്‍ക്കുവേണ്ടി മുഖ്യമന്ത്രിസ്ഥാനം ഒരു തട്ടത്തില്വച്ച് കൊടുത്തുകൊണ്ട് മന്ത്രിസഭാ രൂപീകരണത്തിന് കോണ്‍ഗ്രസ്സ് സമ്മതം മൂളിയതായി അറിയുന്നു. മുസ്ലിം വോട്ടുബാങ്ക് പല സംസ്ഥാനങ്ങളിലും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഹിന്ദുവോട്ടെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ നീക്കം. രാജ്യവ്യാപകമായ പ്രത്യാഘാതങ്ങള്‍ ശിവസേനയുമായി കൂട്ടുകൂടുന്നതില്‍ ഉണ്ടാകുമെന്ന് ദീര്‍ഘദൃഷ്ടിയുള്ള, പ്രതിബദ്ധതയുള്ള േകാണ്ഗ്രസ്സ് നേതാക്കന്മാര് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. പക്ഷെ പ്രാദേശിക പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ പ്രത്യയശാസ്ത്രത്തേയും തത്വദീക്ഷയേയും പരിപൂര്‍ണമായും കീഴ്പ്പെടുത്തിക്കഴിഞ്ഞു.
കേരളത്തില്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗുപോലെ മറ്റൊരു മനോഹര മതേതര കക്ഷിയെ രാജ്യത്തിന് സമ്മാനിക്കാനാണ് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് തുനിയുന്നത്. ജയപ്രകാശ് നാരായണന് ഒരു അവസരത്തില്‍ പറഞ്ഞതുപോലെ ‘വിനാശകാലേ വിപരീത ബുദ്ധി.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: