ഉത്തരാഖണ്ഡ്: ശൈത്യകാലത്തിനുമുന്നോടിയായി ബദരിനാഥ് ക്ഷേത്രം ഇന്നടയ്ക്കും. മനഗ്രാമക്കാര് കൈകൊണ്ടു തുന്നിയ കമ്പിളി ഭഗവാനെ അണിയിച്ചശേഷം ആറുമാസത്തേക്കാണ് ക്ഷേത്രം അടക്കുന്നത്. ഈ സമയം ശ്രീകോവിലിനുള്ളില്‍ ആറുമാസം പൂജചെയ്യാന്‍ നാരദമഹര്‍ഷി എത്തുമെന്നാണ് വിശ്വാസം. അതിനാല്‍ത്തന്നെ ക്ഷേത്രത്തിനുള്ളില്‍ പൂജാസാധനങ്ങള്‍ സൂക്ഷിക്കുകയാണ് പതിവ്. കൂടാതെ ബദരിയിലെ രണ്ടു പ്രതിഷ്ഠകളായ ഉദ്ധവനെയും കുബേരനെയും ക്ഷേത്രത്തില്‍ നിന്നും ഇരുപതു കിലോമീറ്റര്‍ അകലെയുള്ള പാണ്ഡുവേശ്വര ഗ്രാമത്തിലേക്ക് കൊണ്ടുപോകുകയും ആറുമാസം അവിടെ വച്ചു പൂജിക്കുകയും ചെയ്യും.
സമുദ്രനിരപ്പില്‍ നിന്ന് 10,585 അടി മുകളിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രം ഇന്നടച്ചാല് മെയ്മാസത്തിലായിരിക്കും തുറക്കുന്നത്. അതുവരെ ക്ഷേത്രത്തിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല. ബദരിനാഥിലെ പ്രധാനപൂജാരി കണ്ണൂര്‍ സ്വദേശി പയ്യന്നൂര്‍ ചെറുതാഴം വടക്കേ ചന്ദ്രമന ഇല്ലത്തെ ഈശ്വരപ്രസാദ് നമ്പൂതിരിയാണ്. റാവല്‍ എന്നാണ് ഇദ്ദേഹത്തിന്റെ സ്ഥാനപ്പേര്. ബദരീനാഥ് റാവല്‍ജിക്ക് ഉത്തരാഖണ്ഡില്‍ കാബിനറ്റ് പദവി നല്‍കിയാണ് ആദരിക്കുന്നത്. പ്രതിഷ്ഠ നടത്തിയ ശങ്കരാചാര്യര്‍ തന്നെയാണ് വടക്കന്‍ കേരളത്തില്‍ നിന്നുള്ള നമ്പൂതിരിയാകണം ക്ഷേത്രത്തില്‍ പൂജ നടത്താനെന്നും വിധിച്ചത്.
ബദരിനാഥ് ക്ഷേത്രത്തിലെ പൂജയ്ക്കു നിയോഗിക്കപ്പെടുമ്പോള്‍ ആദ്യം വളരെയധികം യാതനകള്‍ അനുഭവിച്ചുവെന്ന് റാവല്‍ ഈശ്വരപ്രസാദ് നമ്പൂതിരി പറയുന്നു. പക്ഷേ പിന്നീട് ശൈത്യം ശീലമായി. അഭിഷേകത്തിനു ശ്രീകോവിലില്‍ വയ്ക്കുന്ന വെള്ളം പോലും ഐസാകുന്ന കാലവസ്ഥയാണിവിടെയെന്ന് ഈശ്വരപ്രസാദ് പറയുന്നു. 25 വര്‍ഷം ഇദ്ദേഹത്തിന്റെ മുത്തച്ഛന് ആയിരുന്നു ക്ഷേത്രത്തിലെ റാവല്‍. ആദിശങ്കരന്റെ നാട്ടുകാരന് അങ്ങനെയാണ് രാജ്യത്തെ ഏറ്റവും വലിയ ക്ഷേത്രത്തില്‍ പൂജാരിയാകാന്‍ ഭാഗ്യം ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: