ന്യൂദല്‍ഹി : ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ വിവേകാനന്ദ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ദല്‍ഹി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജെഎന്‍യു സ്വാമി വിവേകാനന്ദ സ്റ്റാച്യു ഇന്സ്റ്റലേഷന് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഡോ.ബുദ്ധ സിങ് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
പൊതുമുതല്‍ നശിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ദല്‍ഹി വസന്ത് കുഞ്ജ് പോലീസാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. എന്നാല്‍ അധികൃതര്‍ ഇവരുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
സര്‍വകലാശാലയിലെ അഡ്മിനിസ്ട്രേഷന് ബ്ലോക്ക് മുഴുവന്‍ പെയിന്റടിച്ചതിന് പിന്നാലെ സ്വാമി വിവേകാനന്ദന്റെ പ്രതിമയിലും വിദ്യാര്‍ത്ഥികള്‍ പെയിന്റ് പൂശി. കൂടാതെ പ്രതിമയുടെ ചുവട്ടില്‍ പ്രകോപനപരമായ വാക്യങ്ങള്‍ എഴുതി വെക്കുകയും ചെയ്തതോടെയാണ് ഇത് വിവാദമായത്. അതേസമയം വിദ്യാര്‍ത്ഥികളുടെ ഈ നടപടി അംഗീകരിക്കാന്‍ ആകില്ലെന്നും ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജെഎന്‍യു അധികൃതരും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: