കൊച്ചി: പാലാരിവട്ടം പാലത്തിന്റെ അറ്റകുറ്റപണികള്‍ സിപിഎമ്മിന്റെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ ഏല്‍പ്പിച്ചു. അറ്റകുറ്റപ്പണിയുടെ ചുമതല ഡിഎംആര്‍സിയ്‌ക്കായിരുന്നു. ഇത് 22 ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കിയാണ് ഇപ്പോള്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് കൈമാറിയിരിക്കുന്നത്.
പതിനെട്ടര കോടിരൂപയ്‌ക്കാണ് അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കേണ്ടത്. പാലം പൊളിക്കുന്നത് തത്കാലം തടഞ്ഞു കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. അതുകൊണ്ട് പണികള്‍ ഇപ്പോള്‍ തുടങ്ങാനാവില്ല. പാലത്തില്‍ ഭാരപരിശോധന നടത്തണമെന്നാവശ്യപ്പെട്ട് എഞ്ചിനീയര്‍മാരുടെ സംഘടനയടക്കമുള്ളവര്‍ നല്‍കിയ വിവിധ ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലാണ്.
എന്നാല്‍ ഈ ഹര്‍ജികളില്‍ തീരുമാനമാകുന്നതിന് മുമ്പ് തന്നെ പണിതുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ഡിഎംആര്‍സിയുടെ ലക്ഷ്യം. ഈ ലക്ഷ്യത്തോടെയാണ് ഡിഎംആര്‍സി കരാര്‍ ഊരാളുങ്കലിന് ഏല്‍പ്പിച്ചിരിക്കുന്നത്.
പോലീസിന്റെ ഡാറ്റാബേസില്‍ പ്രവേശിക്കാന്‍ ഊരാളുങ്കലിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിയസഭയില്‍ കത്തിനില്‍ക്കുന്നതിനിടെയാണ് പാലാരിവട്ടം പാലത്തിന്റേയും അറ്റകുറ്റപണികള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ ഏല്‍പ്പിച്ചിരിക്കുന്നത്.
















