കഴിഞ്ഞ ശനിയാഴ്ച, നവംബര്‍ പത്താം തീയതി അയോധ്യ വിധിപ്രസ്താവം ടിവിയില്‍ തത്സമയം കേട്ടു(കണ്ടു)കൊണ്ടിരിക്കുകയായിരുന്നു. അതവസാനിച്ച് ചര്‍ച്ചകള്‍ തുടങ്ങും മുന്‍പ് ഫോണ്‍ കാള്‍ എത്തി. ‘ജന്മഭൂമി’യുടെ തുടക്കക്കാലത്ത് ന്യൂസ് എഡിറ്ററായി ഏതാനും കൊല്ലക്കാലം പ്രവര്‍ത്തിച്ച പുത്തൂര്‍മഠം ചന്ദ്രനായിരുന്നു അന്ന്. പിന്നീടദ്ദേഹം പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ജോലി കിട്ടി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി വിരമിച്ചു. ഡപ്യൂട്ടി ഡയറക്ടറായോ എന്ന് ഓര്‍മയില്ല. തുടര്‍ന്ന് മാതൃഭൂമി പത്രത്തില്‍ ഏതോ ചുമതല വഹിച്ചുവരികയാണ്. തന്റെ ജീവിതകാലത്ത് അയോധ്യയില്‍ ശ്രീരാമക്ഷേത്രം ഉയരുമെന്നു വിചാരിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നായിരുന്നു ചന്ദ്രന് അഭിപ്രായപ്പെട്ടത്. ഇതേ അഭിപ്രായം പ്രകടിപ്പിച്ച സംഘ സ്വയംസേവകരും അല്ലാത്തവരുമായ ധാരാളം പേരെക്കാണാനിടയായി. ഇക്കാര്യത്തില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് ഏകകണ്ഠമായ വിധി നല്കിയെന്നതും ശ്രദ്ധേയമാണ്.
പുത്തൂര്‍മഠം ചന്ദ്രനും ഞാനും മാത്രമുള്‍പ്പെട്ട ഒരു സവിശേഷ സംഗതി അയോധ്യയും കേരളത്തിലെ പത്രങ്ങളുമായും ബന്ധപ്പെടുണ്ടായത് വെളിപ്പെടുത്താനാണിതെഴുതുന്നത്. 1980 ലോ 81 ലോ എന്നോര്‍മയില്ല, ജന്മഭൂമി എറണാകുളത്തുനിന്ന് പ്രസിദ്ധീകരണം തുടങ്ങി ഏതാനും വര്‍ഷങ്ങളേ ആയിരുന്നുള്ളൂ, അവിടത്തെ ഏതാനും ജീവനക്കാര്‍ക്ക് പത്രപ്രവര്‍ത്തക യൂണിയനില്‍ അംഗത്വം ലഭിച്ചുകഴിഞ്ഞിരുന്നു. ആ വര്‍ഷത്തെ ദേശീയ പത്രപ്രവര്‍ത്തക സമ്മേളനം സംഘടിപ്പിക്കപ്പെട്ടത് ഫൈസാബാദിലായിരുന്നു. ഫൈസാബാദിന് സമീപമാണ് അയോധ്യ എന്ന് തത്സംബന്ധമായ നിര്‍ദേശ പത്രികയിലുണ്ടായിരുന്നു.
സമ്മേളനത്തിന് പോകുമ്പോള്‍ അയോധ്യയില്‍ പോകണമെന്നും, അവിടെ രാമജന്മസ്ഥാനത്തുണ്ടായിരുന്ന ക്ഷേത്രം പൊളിച്ച് കളഞ്ഞ്, അതിന്റെ ഉരുപ്പടികള്കൊണ്ടു പണിത പള്ളിയാണെന്നും, പള്ളിക്കുള്ളില്‍ ശ്രീരാമ-സീതാ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു പൂജ നടത്തുന്നുണ്ടെന്നും, അതു സംബന്ധമായ വിവരങ്ങള്‍ കിട്ടുന്നത്ര സമ്പാദിച്ചു വരണമെന്നും ചന്ദ്രനോടു പറഞ്ഞു ചുമതലപ്പെടുത്തി. അതു പറയുമ്പോള്‍ സംഘവുമായി ബന്ധപ്പെട്ട് പാടിക്കൊണ്ടിരുന്ന ഒരു ഗണഗീതം ഓര്‍മ്മ വന്നതും ചൊല്ലികേള്‍പ്പിച്ചു. ഇന്നും അതു മറന്നിട്ടില്ല.
”ജയചന്ദ്ര, തുനേ ദേശ്കോ ബര്ബാദ് കര്ദിയാ
ഗൈരോംകോ ലേക്കര്‍ ഹിന്ദ്മേ ആബാദ് കര്ദിയാ
കാശീ ബനാബനാറസ് പ്രയാഗ
ഇലാഹബാദ് ബനാ
പ്രഭുരാമകീ അയോധ്യാപുരികോ തൂനേ
ഫൈസാബാദ് കര് ദിയാ”
എന്നായിരുന്നു ഗണഗീതത്തിലെ ഒരു ചരണം. ആര്‍എസ്എസിന്റെ തൃതീയ വര്‍ഷ ശിക്ഷണത്തിന് പോയപ്പോള്‍ ഒരു അനൗപചാരിക പരിപാടിയില്‍ ആ ഗീതം കുറേപ്പേര് ചേര്‍ന്നു ഖവാലിയായി പാടുന്നതു കേട്ടു.
ഏതായാലും ചന്ദ്രന് ഫൈസാബാദില്‍ പോയപ്പോള്‍ തന്റെ കാര്യം ഭംഗിയായി ചെയ്തു. സമ്മേളന നടത്തിപ്പിന് സഹായം ചെയ്ത യുപി പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ അയോധ്യാ സംബന്ധമായ ഒട്ടേറെ പ്രസിദ്ധീകരണങ്ങള്‍ സമ്പാദിച്ചു. ‘ഉ.പ്ര. സമാചാര്‍’ എന്ന പ്രതിമാസ പത്രികയും ലഭിക്കാന്‍ ഏര്‍പ്പാടുകള്‍ ചെയ്തു. കേരളത്തില്‍ നിന്നുള്ള ചില പത്രപ്രവര്‍ത്തക സുഹൃത്തുക്കളുമായി ജന്മസ്ഥാനത്തെ ബാബറുടെ നിര്‍മിതിയും, ഉള്ളിലെ രാംലല്ലാ വിഗ്രഹങ്ങളും കണ്ടു. അവിടം കമ്പിയഴിയടിച്ച് താഴിട്ടുപൂട്ടിയിരിക്കുകയായിരുന്നു. പൂജ കഴിക്കാന്‍ ഭക്തര്‍ എത്തുന്നുമുണ്ടായിരുന്നു. അവര്‍ ഉപയോഗിക്കുന്ന സ്ഥലത്തു രാമ, സീത, ലക്ഷ്മണ, ഹനുമാന് ചിത്രങ്ങളോടൊപ്പം ഒരുദ്യോഗസ്ഥന്റെ ചിത്രവുമുണ്ടായിരുന്നു. അമ്പലപ്പുഴക്കാരന്‍, കരുണാകരന് നായര്‍ കൃഷ്ണന് നായരുടെ ചിത്രം. 1949 കാലത്ത് ബാബര്‍ നിര്‍മിതിക്കുള്ളില്‍ വിഗ്രഹങ്ങള്‍ വെച്ചതിനെത്തുടര്‍ന്നുണ്ടായ വ്യവഹാരത്തില്‍ തല്‍സ്ഥിതി തുടരാന്‍ വിധി നല്കിയ ഫൈസാബാദ് കളക്ടറും, ജില്ലാ മജിസ്ട്രേറ്റുമായിരുന്ന കെ.കെ. നായര്‍ ഐസിഎസ് ആയിരുന്നു അന്നാട്ടുകാരായ ശ്രീരാമഭക്തരുടെ ആരാധനാപാത്രം.
തിരിച്ചെത്തിയ ചന്ദ്രന് തന്റെ അയോധ്യാ വിവരണം ‘ജന്മഭൂമി’യില്‍ തുടര്‍ച്ചയായി എഴുതിയിരുന്നു. മുപ്പതില്‍ ഏറെ ഭാഗങ്ങള്‍ അതിനുണ്ടായിരുന്നുവെന്നാണോര്മ്മ. അയോധ്യയുടെ ചരിത്രവും പശ്ചാത്തലവും നല്കി സമഗ്രമായ ആദ്യത്തെ യാത്രാവിവരണം അതായിരുന്നു. ചിത്രങ്ങള്‍ അച്ചടിക്കാനുള്ള അന്നത്തെ സാങ്കേതിക-സാമ്പത്തിക പ്രയാസങ്ങള്‍ മൂലം ലഭ്യമായിരുന്നവപോലും കൊടുക്കാന്‍ സാധിച്ചില്ല. പിന്നീട് ചന്ദ്രന് കേസരി വാരികയിലും ഏതാനും ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.
പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷമാണ് രാമജന്മഭൂമി മുക്തിയജ്ഞ സമിതി രൂപീകൃതമായതും, അശോക് സിംഗാള്‍ജി വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തിലെത്തിയതും. ഭാരതമെങ്ങുമുള്ള ഹിന്ദുജനതയുടെ ഹൃദയവികാരങ്ങളെ ഉത്തേജിപ്പിച്ച് ഇളക്കിമറിച്ച് രാജ്യം കണ്ട ഏറ്റവും വ്യാപകമായ ജനകീയ പ്രക്ഷോഭത്തിനാണ് പിന്നീട് രംഗമൊരുങ്ങിയത്. അതേസമയത്തു തന്നെ ഈ പരിശ്രമം പരാജയപ്പെടുത്താനായി അത്യന്തം ആസൂത്രിതമായ ശ്രമവും നടന്നുവന്നു. അതിലെ ഏറ്റവും വിഷലിപ്തമായ പ്രചാരണം നടത്തപ്പെട്ടത് പത്രങ്ങളിലൂടെയായിരുന്നു. ‘ഹിന്ദു’ പത്രാധിപര്‍ എന്‍. റാം എല്ലാ പ്രസിദ്ധീകരണ കേന്ദ്രങ്ങളിലും എത്തി പത്രാധിപന്മാരെയും, മുതിര്‍ന്ന പത്രപ്രവര്‍ത്തകരെയും വിളിച്ചുകൂട്ടി അയോധ്യ ശ്രീരാമക്ഷേത്ര നിര്‍മാണത്തെ ഒരിക്കലും ഇന്ത്യയിലെ പത്രലോകം അനുവദിക്കരുതെന്ന് ആഹ്വാനം നല്കി. ആ പരിപാടിയില്‍ പങ്കെടുക്കാനും, പങ്കെടുത്ത ഓരോ പത്രത്തിന്റെയും നയം എന്താണെന്ന് നേരിട്ടു മനസ്സിലാക്കാനും എനിക്കു കഴിഞ്ഞിരുന്നു. ക്ഷേത്രനിര്‍മാണത്തെ തടയാന്‍ എന്തെല്ലാം തലത്തിലുള്ള തന്ത്രങ്ങള്‍ പ്രയോഗിക്കണമെന്നും റാം നിര്‍ദ്ദേശിച്ചിരുന്നു.
അയോധ്യയിലെ ആദ്യത്തെ ബഹുജന പ്രകടന സമയത്ത് ഹിന്ദുവും, ടൈംസ് ഓഫ് ഇന്ത്യയും, ഇന്ത്യന്‍ എക്സ്പ്രസുമടക്കമുള്ള എല്ലാ പത്രങ്ങളും ഹിന്ദുക്കളുടെ ഹൃദയത്തില്‍ വ്രണം സൃഷ്ടിച്ചുണങ്ങാതെ കിടക്കുന്ന ശ്രീരാമജന്മഭൂമിക്കാര്യത്തില് മുസ്ലിം ഭാഗത്തുനിന്ന് പരിഗണന വേണമെന്ന അഭ്യര്‍ത്ഥനയുണ്ടായിരുന്നു. റാം നടത്തിയ തീവ്രപ്രചാരണമാണതിന് തിരിച്ചടി സൃഷ്ടിച്ചത്.
ഭാരതീയ ജനതാ പാര്‍ട്ടി 1989 വരെ അയോധ്യാ പ്രശ്നത്തില്‍ ഔപചാരിക നിലപാട് സ്വീകരിച്ചിരുന്നില്ല. രാജമാതാ വിജയരാജേ സിന്ധ്യയും വിനയ കട്യാറും സ്വന്തം നിലയ്ക്കു വിശ്വഹിന്ദു പരിഷത്ത് നടത്തിവന്ന പരിപാടികളില്‍ ചേര്‍ന്നുവെന്നേയുള്ളൂ. അയോധ്യാ പ്രശ്നത്തില്‍ വ്യക്തവും നിര്‍മാണാത്മകവുമായ നിലപാട് സ്വീകരിക്കണമെന്ന്, യഥാര്‍ത്ഥ മതനിരപേക്ഷതയും സാംസ്കാരിക ദേശീയതയും നിലനില്ക്കാന് അതുകൂടാതെ കഴിയില്ലെന്നും 1989 ജൂണില്‍ ഹിമാചല്‍പ്രദേശിലെ പാലംപൂരില്‍ ചേര്‍ന്ന ബിജെപി ദേശീയകാര്യ സമിതിയില്‍ തീരുമാനിച്ചിരുന്നു.
ജന്മസ്ഥാനത്ത് പള്ളിയാണെന്ന് തോന്നിപ്പിക്കുന്ന ബാബര്‍ നിര്മിതിയുള്ളതായിരുന്നു പ്രശ്നം. ഹിന്ദു നേതാക്കളും മുസ്ലിം നേതാക്കളും ചര്‍ച്ച ചെയ്ത് പൊതു സമ്മിതിയുണ്ടാക്കി പ്രസ്തുത നിര്‍മിതിയെ അതേപോലെ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാമെന്ന നിര്‍ദേശം അദ്വാനിജിയും അടല്‍ജിയും ഉന്നയിച്ചിരുന്നു. 1614 മുതല്‍ 1915 വരെ റഷ്യന്‍ അധീനതയില്വെച്ചിരുന്ന പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സയിലെ പൗരസ്ത്യ ഓര്‍ത്തഡോക്സ് സിംഹാസനപ്പള്ളി, അതിനു മുന്‍പ് റോമന്‍ കത്തോലിക്കാപ്പള്ളിയായിരുന്നു. 1915-ല്‍ പോളണ്ട് റഷ്യന്‍ അധീനതയില്‍നിന്ന് സ്വതന്ത്രമായപ്പോള്‍ അതു പൊളിച്ചുകളഞ്ഞു. എന്നാല്‍ ഹിന്ദുക്കള്‍ അയോധ്യയിലെ നിര്‍മിതിയെ അതേപോലെ മാറ്റി സ്ഥാപിക്കാന്‍ തയാറാണ് എന്ന് പ്രസ്താവിക്കപ്പെട്ടു. കൂടിയാലോചനയിലൂടെയുള്ള പരിഹാരം, അതാണ് അത്യുത്തമം. അതല്ലെങ്കില്‍ നിയമനിര്‍മാണത്തിലൂടെ, അതുമല്ലെങ്കില്‍ കോടതി നിര്‍ണയത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്നായിരുന്നു അദ്വാനിജിയുടെ അഭിപ്രായം. ആ അഭിപ്രായം ജനങ്ങളിലെത്തിക്കാനായി അദ്ദേഹം സോമനാഥ്-അയോധ്യാ രഥയാത്ര നടത്തി. എത്രയും സമാധാനപരമായി നടത്താന്‍ ആസൂത്രണം ചെയ്ത രഥയാത്രയെ അലങ്കോലപ്പെടുത്താന്‍ കപടമതേതരവാദികളും ഇസ്ലാമിക ഭീകരവിഭാഗവും നേരത്തെ പരാമര്‍ശിച്ച പത്രമേധാവിമാരും ഒരേപോലെ നടത്തിയ ശ്രമത്തിന്റെ ഫലമായി രാജ്യമാകെ ഉദ്വേഗജനകമായ അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു. ദല്‍ഹിയിലെ ഭരണനേതൃത്വം കൂടി അതിന് ചൂട്ടുപിടിച്ചു പ്രോത്സാഹിപ്പിച്ചു. ബിജെപിക്കു ഭൂരിപക്ഷമുണ്ടായിരുന്ന നാലു സംസ്ഥാന മന്ത്രിസഭകള്‍ക്കെതിരെ 356-ാം വകുപ്പു പ്രയോഗിച്ചതും, നിയമസഭകള്‍ പിരിച്ചുവിട്ടതും ജനായത്തത്തിന്റെ കറുത്ത പാടുകളാണ്.
അതിനെല്ലാം ഇപ്പോള്‍ സമാശ്വാസമായി. സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് അന്തിമവിധി നല്‍കിക്കഴിഞ്ഞു. അയോധ്യയിലെ വിവാദസ്ഥലം രാമജന്മസ്ഥാനമാണെന്നും അവിടെ ക്ഷേത്രം നിര്‍മിക്കാന്‍ ട്രസ്റ്റ് രൂപീകരിക്കണമെന്നും, പള്ളി പണിയാന്‍ അഞ്ചേക്കര്‍ സ്ഥലം സുന്നി വക്കഫ് ബോര്‍ഡിന് ലഭ്യമാക്കണമെന്നും കോടതി കല്‍പ്പിക്കുകയായിരുന്നു. നീതിപീഠ വിധിയെന്ന അദ്വാനിജിയുടെ അഭിപ്രായത്തിന് സാധൂകരണം വന്നു.
ഇനി ക്ഷേത്രമുയരാന്‍ നമുക്കു കാത്തിരിക്കാം. കന്യാകുമാരിയില്‍ വിവേകാനന്ദ സ്മാരകമുയര്ന്നതുപോലെ അയോധ്യയിലെ ജന്മസ്ഥാനത്ത് രാമമന്ദിരവും ഉയര്‍ന്ന് നമുക്ക് അനുഗ്രഹ വര്‍ഷം ലഭിക്കാറായി. ആദ്യം കേരളത്തിലെ വായനക്കാര്‍ക്ക് ജന്മസ്ഥാനത്തെ പരിചയപ്പെടുത്തിയ ജന്മഭൂമിക്ക് തികച്ചും ചാരിതാര്‍ത്ഥ്യത്തിനു വകയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: