തൃശ്ശൂര്‍, തിരുനാവായ യോഗങ്ങളിലെ വേദജ്ഞര്‍ തമ്മില്‍ രൂക്ഷമായ മത്സരമാണ് കടവല്ലൂരില്‍ നടന്നുവരുന്നത്. വൃശ്ചികം ഒന്നാം തീയതി, മത്സരത്തലേന്ന് ഇരുയോഗക്കാരും കടവല്ലൂരില്‍ എത്തിയിരിക്കണം. ഇവിടെവെച്ച് ബന്ധുക്കളാണെങ്കില്‍ പോലും പരസ്പരം മിണ്ടോനോ, പരിചയം നടിക്കാനോ പോകാറില്ല. തൃശ്ശൂര്‍ യോഗക്കാര്‍ക്ക് അച്ച്യുതത്ത്മൂസിന്റെ ഇല്ലത്തും, തിരുനാവായ യോഗക്കാര്‍ക്ക് പക്ഷിയില്‍മൂസിന്റെ ഇല്ലത്തുമാണ് ഭക്ഷണവും താമസവും പതിവ് (അ
ന്യോന്യം പുനരാരംഭിച്ച ശേഷം ഇതില്‍ ഒരു വിഭാഗം അന്യോന്യപരിഷത്തിന്റെ ഓഫീസിലും മറുവിഭാഗം അവര്‍ക്കായി സജ്ജീകരിച്ച വീട്ടിലുമായാണ് താമസിക്കുന്നത്). കുളിക്കാനായി ക്ഷേത്രക്കുളത്തിന്റെ കിഴക്കേകടവ് തിരുനാവായക്കാരും പടിഞ്ഞാറെകടവ് തൃശ്ശൂര്‍ക്കാരും ഉപയോഗിക്കും. തിരുനാവായ യോഗക്കാരുടെ വേദപരിശീലനം കടവല്ലൂര്‍ ക്ഷേത്രത്തില്‍ നടക്കുമ്പോള്‍ തൃശ്ശൂര്‍ യോഗക്കാര്‍ കടവല്ലൂരില്‍ നിന്നും കുറച്ച് മാറി കാട്ടമ്പലം എന്ന പേരിലറിയപ്പെടുന്ന എടയൂര്‍ നരസിംഹമൂര്‍ത്തീക്ഷേത്രത്തില്‍ നടത്തുന്നു.
സന്ധ്യാവന്ദനശേഷമാണ് വേദപരീക്ഷകള്‍ ആരംഭിക്കുക. തൃശ്ശൂര്‍, തിരുനാവായ യോഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ”കിഴക്ക് പടിഞ്ഞാറ്” എന്ന പേരില്‍ അവരവരുടെ യോഗങ്ങളിലെ പരീക്ഷ കഴിഞ്ഞ് ഭഗവത് സമക്ഷത്തില്‍ പോയശേഷം വാരമിരിക്കല്‍, ജടചൊല്ലുക, രഥചൊല്ലുക എന്നിവയാണ് മത്സര പരീക്ഷയുടെ രീതി. പതിനായിരത്തിലധികം വരുന്ന ഋക്കുകളാണ് ചൊല്ലേണ്ടത്. ഋഗ്വേദത്തിലെ ഏതെങ്കിലും അഷ്ടകത്തില്‍ വര്‍ഗാദി തുടങ്ങി 10 ഋക്കുകള്‍ ക്രമരൂപത്തില്‍ ചൊല്ലുന്നതാണ് വാരം. ഈ ചൊല്ലുന്നതില്‍ തെറ്റിയാല്‍ മറുവിഭാഗം വിരല്‍മിടിക്കും. പിന്നീട് ആദ്യം മുതല്‍ ചൊല്ലണം. പിഴയ്‌ക്കാതെ ചൊല്ലിയാല്‍ ജയിച്ചു. മൂന്നുതവണ പിഴച്ചാല്‍ ”കലമ്പി”. ക്ഷേത്രത്തിലെ വലിയമ്പലത്തിലെ കൂത്തമ്പലത്തില്‍ വെച്ചാണ് പരീക്ഷകള്‍ നടക്കുക. തൃശ്ശൂര്‍ യോഗക്കാര്‍ക്കും, തിരുനാവായ യോഗകാര്‍ക്കും വാരം ഇരിക്കാനും ജട, രഥ എന്നിവ പ്രയോഗിക്കാനും പ്രത്യേക സ്ഥാനങ്ങള്‍ ഉണ്ട്.
ആദ്യ ദിവസം ഒന്നാന്തി മുന്‍പിലിരിക്കലും ഒന്നാന്തി രണ്ടാംവാരവും ആണ്. പിന്നീട് അത്താഴപൂജയ്‌ക്ക് ശേഷം ഒന്നാന്തി ജടയും മൂന്നാന്തി രഥയുമാണ്. തുടര്‍ന്നുളള ദിവസങ്ങളില്‍ മുക്കിലെ ജടയും, മുക്കിലെ രഥയും നടക്കുന്നു. ജടയും രഥയും രണ്ട്‌പേര്‍ ചേര്‍ന്നാണ് ചൊല്ലുക. ഊഴവും സന്ധിയും തെറ്റാതെ ചൊല്ലണം. സംഹിത, പദം എന്നിവയിലുളള പരിചയം, ശബ്ദത്തിലെ യോജിപ്പ്, വേഗം ഇവയെല്ലാം പിഴയ്‌ക്കാതെ ചൊല്ലുന്നതിന് അത്യാവശ്യമാണ്. വര്‍ഷങ്ങളോളമുളള കഠിനമായ അഭ്യാസവും സാധനയുമുണ്ടെങ്കിലേ പിഴയ്‌ക്കാതെ ചൊല്ലാന്‍ സാധിക്കുകയുളളൂ. വാരത്തി
നും അത്താഴപൂജക്കും ശേഷം നടക്കുന്ന സദ്യക്കിടയിലാണ് ജടയും രഥയും പ്രയോഗിക്കാറുളളത്. രഥ പ്രയോഗങ്ങളിലെ കൃത്യതയ്‌ക്കനുസരി ച്ചാണ് തുടര്‍ന്നുളള കടന്നിരിക്കലും, വലിയ കടന്നിരിക്കലും. രഥ ചൊല്ലുന്നതില്‍ വളരെ കൃത്യതയുളളവരും പിഴവുണ്ടാവില്ല എന്ന് ഉറപ്പുളളവരുമാണ് കടന്നിരിക്കലിന് തയ്യാറാവുക.
തൃശ്ശൂര്‍ ബ്രഹ്മസ്വം മഠത്തിലെ സെക്രട്ടറിയും അധ്യാപകനുമായിരുന്ന മൂക്കുതല പന്താവൂര്‍ പരേതനായ സുബ്രഹ്മണ്യന്‍ നമ്പൂതിരിയാണ് ഇക്കഴിഞ്ഞ നൂറ്റാണ്ടില്‍ ”വലിയ കടന്നിരിക്കല്‍” കൈവരിച്ച ഏകവ്യക്തി. അന്യോന്യം പുനരാരംഭിച്ചശേഷം തിരുനാവായ യോഗക്കാരനായ ഡോ.മണ്ണൂര്‍ ജാതവേദന്‍ നമ്പൂതിരിക്കും നാറാസ് നാരായണന്‍ നമ്പൂതിരിക്കും മാത്രമേ ”കടന്നിരിക്കല്‍”-ന് സാധിച്ചിട്ടുളളൂ എന്നത് കടന്നിരിക്കലിന്റെ പാണ്ഡിത്യത്തെ തെളിയിക്കുന്നു. കടന്നിരിക്കലിലെയും വലിയ കടന്നിരിക്കലിലെയും വിജയം ഒരു വൈദിക വിദ്യാര്‍ത്ഥിയെ സംബന്ധിച്ച് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ്.
(തുടരും)
9495026834
പ്രതികരിക്കാൻ ഇവിടെ എഴുതുക: