കൊച്ചി: നോട്ടു നിരോധന സമയത്ത് ചന്ദ്രിക പത്രത്തിന്റെ ബാങ്ക് അക്കൗണ്ടിലൂടെ മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തില്‍ കേന്ദ്രഎന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണം വരും. ഹര്‍ജിയില്‍ എന്‍ഫോഴ്‌സ്‌മെന്റിനെ കക്ഷിയാക്കാന്‍ ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടു. കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിയിലാണ് കോടതി നടപടി.
ഇക്കാര്യം വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നത്. ഇന്നലെ ഹര്‍ജി പരിഗണിക്കവെ പ്രാഥമിക പരിശോധനയില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്ന് വ്യക്തമായെന്നും കൂടുതല്‍ അന്വേഷിക്കാന്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള പ്രോസിക്യൂഷന്‍ അനുമതിക്ക് സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും വിജിലന്‍സിന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചു. അഴിമതിക്കേസുകളല്ലേ വിജിലന്‍സിന്റെ പരിധിയില്‍ വരികയെന്നും കള്ളപ്പണം വെളുപ്പിക്കല്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റല്ലേ പരിശോധിക്കേണ്ടതെന്നും സിംഗിള്‍ ബെഞ്ച് ചോദിച്ചു.
പാലാരിവട്ടം ഫ്‌ളൈ ഓവര്‍ നിര്‍മാണമുള്‍പ്പെടെയുള്ള പദ്ധതികളില്‍ അഴിമതി കാട്ടിയുണ്ടാക്കിയ പണമാണിതെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. കള്ളപ്പണം സംബന്ധിച്ച അന്വേഷണം എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ ചുമതലയാണ്. ആ നിലയ്‌ക്ക് ഹര്‍ജിക്കാരന്‍ ഇവരെക്കൂടി കക്ഷി ചേര്‍ക്കണം, സിംഗിള്‍ബെഞ്ച് പറഞ്ഞു. 2016 നവംബര്‍ 16ന് ചന്ദ്രിക ഡയറക്ടര്‍ ബോര്‍ഡംഗമായ പി.എ. അബ്ദുള്‍ സമീര്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലുള്ള പത്രത്തിന്റെ അക്കൗണ്ടിലേക്ക് പത്ത് കോടി രൂപയും എസ്ബിഐ കലൂര്‍ ശാഖയില്‍ മറ്റൊരു വന്‍തുകയും നിക്ഷേപിച്ചെന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. ഹര്‍ജി അടുത്ത ബുധനാഴ്ച പരിഗണിക്കാനായി മാറ്റി.
















