കോഴിക്കോട്: ജോലിക്ക് മിനിമം വേതനം വേണമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കമന്റ് ചെയ്ത സിപിഎം ബ്രാഞ്ച് അംഗത്തിന്റെ ജോലി പാര്‍ട്ടി തെറിപ്പിച്ചു. വടകര എന്‍എംഡിസി ഓയില്‍ മില്ലിലെ ജനറല്‍ വര്‍ക്കര്‍ എം നസീറിനെതിരെയാണ് സോഷ്യമീഡിയയില്‍ മന്ത്രിക്കെതിരെ കമന്റ് ചെയ്തതിന് പിരിച്ചുവിട്ടത്. സിപിഎമ്മിന്റെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിന്റെ നടപടിക്കെതിരെ സിഐടിയു രംഗത്തെത്തിയിട്ടുണ്ട്. നടപടി പിന്‍വലിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കടക്കമുള്ള പ്രക്ഷോഭത്തിലേക്ക്് കടക്കുമെന്ന് അവര്‍ അറിയിച്ചു.
മിനിമം വേതനനിര്‍ണയത്തെക്കുറിച്ച് ഒക്ടോബര്‍ 22ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്റെ ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റില്‍ വടകര എന്‍എംഡിസി ജനറല്‍ വര്‍ക്കര്‍ എം നസീര്‍ ഒരു കമന്റിട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ‘വടകര ഓയില്‍ മില്ലിലെ തൊഴിലാളികള്‍ക്കും മിനിമം വേതനം ഉറപ്പാക്കണം സഖാവേ’…’ എന്നായിരുന്നു നസീറിന്റെ കമന്റ്. പക്ഷേ കമന്റ് ചെയ്തതിന് പിന്നാലെ ഒക്ടോബര്‍ മാസത്തെ നസീറിന്റെ ശമ്പളത്തില്‍ നിന്ന് 4400 രൂപ സ്ഥാപനം പിടിച്ചു. തുടര്‍ന്ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നു.

എന്നാല്‍, സിഐടിയു പ്രവര്‍ത്തകനും സിപിഎം ബ്രാഞ്ച് അംഗവുമായ നസീര്‍ ഇക്കാര്യം ട്രേഡ് യൂണിയന്‍ ഭാരവാഹികളെ അറിയിച്ചു. യൂണിയന്‍ നേതൃത്വം ഇടപെട്ടു. ഇതോടെ സ്ഥാപനം നിലപാട് കടുപ്പിച്ചു. സമൂഹമാധ്യമങ്ങളിലൂടെ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തി എന്നതടക്കം ഏഴ് ആരോപണങ്ങള്‍ ഉന്നയിച്ച വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇതിനു കൃത്യമായി മറുപടി നല്‍കിയിട്ടും ചൊവ്വാഴ്ച മുതല്‍ ജോലിയില്‍ നിന്ന് താല്‍കാലികമായി നീക്കുകയായിരുന്നു. നസീറിനെ പിരിച്ചുവിട്ടതിനെതിരെ സിഐടിയു നേതൃത്വത്തില്‍ സ്ഥാപനത്തില്‍ പ്രതിഷേധ പ്രകടനം നടന്നു. മിനിമം വേതനം ചോദിച്ച തൊഴിലാളിയെ പിരിച്ചുവിട്ട നടപടി അനീതിയാണെന്ന് സിഐടിയു പറഞ്ഞു.
















