കൊല്‍ക്കത്ത : ഹെലിക്കോപ്ടറില്‍ സഞ്ചരിക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് 600 കിലോമീറ്റര്‍ കാറില്‍ സഞ്ചരിക്കുമെന്ന് ബംഗാള്‍ ഗവര്‍ണര്‍. കൊല്‍ക്കത്തയില്‍ നിന്നും മുര്‍ഷിദാബാദ് അതിര്‍ത്തിയിലുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായാണ് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖാര്‍ ഹെലിക്കോപ്ടറില്‍ അനുമതി തേടിയത്.
ഗവര്‍ണറുടെ ചുമതലയില്‍ സ്ഥല സന്ദര്‍ശനങ്ങള്‍ ഉള്‍പ്പെടുന്നില്ല. ദുരിത ബാധിത പ്രദേശങ്ങള്‍ ധന്‍ഖാര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ മനസ്സിലാക്കുന്നതിലുള്ള എതിര്‍പ്പാണ് ഇത്തരത്തില്‍ ഹെലിക്കോപ്ടര്‍ പറത്താനുള്ള അനുമതി നിഷേധിക്കാന്‍ കാരണമെന്നും ആരോപണം ഉയരുന്നുണ്ട്. രാജ്ഭവന് വൃത്തങ്ങളാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും മുര്‍ഷിദാബാദ് സര് സയ്യിദ് നൂറുല്‍ ഹസന് കോളജിന്റെ രജതജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാനാണ് ഗവര്‍ണര്‍ പോകുന്നത്. കോപ്റ്റര്‍ കിട്ടില്ലെന്നായതോടെ 600 കിലോമീറ്റര്‍ കാറില്‍ സഞ്ചരിക്കാനാണ് ഗവര്‍ണറുടെ തീരുമാനം.
എന്നാല്‍ സംസ്ഥാനത്തെ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ ഗവര്‍ണര്‍ക്ക് ഹെലിക്കോപ്ടര്‍ എന്തിനാണെന്നാണ് മമത സര്‍ക്കാര്‍ ചോദിക്കുന്നത്. മുഖ്യമന്ത്രി ഹെലിക്കോപ്ടറില്‍ യാത്ര ചെയ്യുന്നത് ചുഴലിക്കാറ്റ് തുടങ്ങിയ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായാണ്. സാഹചര്യങ്ങള്‍ക്ക് അനുസൃതമായാണ് യാത്രാ സംവിധാനം തെരഞ്ഞെടുക്കുന്നത്. അത്തരത്തില്‍ ഗവര്‍ണറുടെ ആവശ്യം എന്തായിരുന്നെന്നും സര്‍ക്കാര്‍ ചോദിച്ചു. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടെത്തിയ ചിലര്‍ ആവശ്യത്തിലധികം ഇടപെടുന്നുവെന്നായിരുന്നു മമതയുടെ വിഷയത്തില്‍ പ്രതികരിച്ചത്. ഗവര്‍ണറുടെ ഓഫീസിന്റെ പവിത്രത കാക്കാന്‍ ധന്ഖാറിന് സാധിക്കുന്നല്ല. ഗവര്‍ണറുടെ ഈ പെരുമാറ്റങ്ങള്‍ ഭരണഘടന അനുവദിക്കുന്നുണ്ടോയെന്നു പോലും സംശയമാണ്. അദ്ദേഹം ഒരു രാഷ്ട്രീയക്കാരനെപ്പോലെ പെരുമാറുന്നെന്നും സര്‍ക്കാര്‍ ആരോപിച്ചു.
അതേസമയം ടാറ്റ മോട്ടോഴ്സിനെതിരെ മമത ബാനര്‍ജി പ്രക്ഷോഭം നടത്തിയ സിംഗൂരില്‍ തിങ്കളാഴ്ച ഗവര്‍ണര്‍ സന്ദര്‍ശനം നടത്തിയതും വിവാദമായിരുന്നു. ഉദ്യോഗസ്ഥരെയും പ്രദേശത്തേയ്ക്ക് ക്ഷണിച്ചിരുന്നെങ്കിലും ഗവര്‍ണറെ കാണാന്‍ ചില ക്ലാര്ക്കുമാരല്ലാതെ ആരും എത്തിയില്ല. തൃണമൂല്‍ കോണ്‍ഗ്രസ്സും ഗവര്‍ണറുടെ ഈ സന്ദര്‍ശനത്തില്‍ പ്രതിഷേധിക്കുകയുണ്ടായി. ഒരു സന്ദര്‍ശനം ഇത്രയധികം പ്രശ്നമുണ്ടാക്കുന്നുവെങ്കില്‍ സിംഗൂരിലും നന്ദിഗ്രാമിലും കൂടുതല്‍ സമയം ചെലവിടാന്‍ തന്റെ ഹൃദയം പറയുന്നുണ്ടെന്നാണ് ഗവര്‍ണര്‍ ഇതിനോട് പ്രതികരിച്ചത്. ബംഗാള്‍ ഗവര്‍ണറെന്ന നിലയില്‍ എനിക്ക് എല്ലാമറിയാന്‍ ആഗ്രഹമുണ്ട്. ആരെങ്കിലും എന്തെങ്കിലും ഒളിപ്പിക്കാന്‍ ശ്രമിച്ചാല്‍ എനിക്കത് കാണണമെന്നു തോന്നുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: