മോഹന്‍ലാലിന്റെ കളിക്കൂട്ടുകാരായും കൂടെ പഠിച്ചവരുമായും നിരവധിപേര്‍ ഉണ്ടെങ്കിലും ഒന്നാം ക്ളാസ് മുതല്‍ 10 ാം ക്ളാസ് വരെ ഒന്നിച്ചു പഠിക്കുകയും സിനിമയില്‍ ഒന്നിച്ചു വരുകയും നാലു പതിറ്റാണ്ടായി സിനിമയില്‍ ഒന്നിച്ചു നില്‍ക്കുകകയും ചെയ്യുന്ന ഒരാളെയുള്ളു. ജി സുരേഷ് കുമാര്‍. നിര്‍മ്മാതാവ് , സംഘാടകന്‍, അഭിനേതാവ് എന്നീ റോളുകളൊക്കെ ഭംഗിയായി നിര്‍വഹിച്ച് സിനിമയെ അടിമുടി സ്നേഹിക്കുന്ന കലാകാരന്.
എന്‍ എസ് എസ് കോളേജ് അധ്യാപകനായിരുന്ന എം ഗോപിനാഥന് നായരുടെ മക്കള്‍ പഠിക്കാന്‍ മോശമായിരുന്നില്ല. മൂത്തമകന് മോഹന്‍ കുമാര്‍ പഠിച്ച് ഐഎഎസ് എടുത്തു. മകള്‍ അച്ഛന്റെ പാത തുടര്‍ന്ന് കോളേജ് അധ്യാപികയായി. ഇളയമകന് സുരേഷ് കുമാറിന് വേറിട്ട പാതയായിരുന്നു ഇഷ്ടം. ആദ്യം ഫോട്ടോഗ്രാഫി. പിന്നീട് സിനിമ. പഠനം വിട്ടൊരു പരിപാടിക്കും മക്കള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കാത്ത സാധാരാണ അധ്യാപകരില്നിന്ന വ്യത്യസ്ഥനായിരുന്നു ഗോപിനാഥന് നായര്‍. അതുകൊണ്ടു തന്നെ ഉപ്പളം റോഡിലെ വീട്, മകന് സുരേഷിന്റെ കൂട്ടുകാരുടെ ഒത്തു ചേരല്‍ ഇടമായി. പ്രൊഫസറുടെ വീട്ടില്‍ കമ്പയിന്‍ഡ് സ്റ്റഡിയക്ക് പോകുന്നു എന്ന ബലത്തില്‍ വീട്ടില്‍ നിന്ന് കൂട്ടുകാര്‍ക്കെല്ലാം അനുവാദം കിട്ടുമെന്നത് സൗകര്യവുമായി. മോഹന്‍ലാല്‍, അശോക് കുമാര്‍ എന്നീ കൂട്ടുകാരുടെ സിനിമാ സ്പനങ്ങള്‍ പൂവണിയുന്നതും വാടിക്കൊഴിയുന്നതുമൊക്കെ ഈ വീട്ടിലായി. അന്നത്തെ എല്ലാത്തരം ഉഴപ്പുകളുടേയും മാതൃകകളായ കൂട്ടുകെട്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൗഹൃദ സംഘമാണ് അവിടെ രൂപം കൊള്ളുന്നതെന്ന് ആരു കരുതിയില്ല. മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ സിനിമയിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചപ്പോള്‍ മോഹന്‍ലാലിനോട് അയയ്ക്കാന്‍ കൂട്ടുകാര്‍ നിര്‍ബന്ധിച്ചതും ബയോഡോറ്റ പൂരിപ്പിച്ചതും ഈ വീട്ടിലിരുന്നാണ്.
സൗഹൃദത്തെക്കുറിച്ച് സുരേഷ് കുമാര്‍ ഒരഭിമുഖത്തില്‍ വിശദീകരിച്ചതിങ്ങനെയാണ്.
‘എന്റെ അച്ഛനൊഴികെ മറ്റാര്‍ക്കും ഞങ്ങള്‍ സിനിമയുമായി പോകുന്നതിനോട് യോജിപ്പില്ലായിരുന്നു. അനിശ്ചിതത്വവും വെല്ലുവിളിയും നിറഞ്ഞ സിനിമ ലോകത്തേക്ക് ഞാന്‍ ചെല്ലുന്നത് അച്ഛന് എതിര്‍പ്പില്ലായിരുന്നു. ഞാന്‍ തിരഞ്ഞെടുത്ത വഴിയേ ഞാന്‍ പോകട്ടെ എന്നായിരുന്നു അച്ഛന്. പഠിക്കുന്ന സമയത്തേ സിനിമ പ്രൊഡ്യൂസ് ചെയ്ത ആളാണ് ഞാന്‍. അത് പൊട്ടി പാളീസായി വീട്ടില്‍ ഇരിപ്പായപ്പോള്‍ അച്ഛനാണ് പറഞ്ഞത്, ‘നീ എന്തിനാ വിഷമിക്കുന്നേ. പൈസ പോയി എന്നല്ലേയുള്ളൂ. ഇതൊക്കെ ഈ രംഗത്ത് സ്വാഭാവികമാണ്. നീ പഠിക്ക് അതു കഴിഞ്ഞ് സിനിമയ്ക്കു പൊക്കോ’. ഇതായിരുന്നു അച്ഛന്റെ ലൈന്‍.
ലാലുവിന്റെ അച്ഛന് സെക്രട്ടേറിയറ്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു. നിയമ സെക്രട്ടറി ആയിട്ടാണ് വിരമിച്ചത്. അച്ഛന് ലാലു ഒരു ബാങ്ക് ഉദ്യേഗസ്ഥന് ആകണമെന്നൊക്കെയായിരുന്നു ആഗ്രഹം. അച്ഛനും അമ്മയും വളരെ സ്നേഹമുള്ളവരായിരുന്നു. അന്നു തൊട്ടെ പിള്ളേര്‍ക്കൊക്കെയുള്ള പരിപാടിയാണല്ലോ കമ്പൈന്‍ഡ് സ്റ്റഡി എന്ന ഉഡായിപ്പ്. ഞങ്ങള്‍ അതിന്റെ ഉസ്താദുമാരായിരുന്നു. ഓരോ ദിവസവും ഓരോ വീട്ടിലാണ് ഒത്തുകൂടല്‍. പഠിത്തം ഒഴികെ ബാക്കിയെല്ലാ അലമ്പുകളും അവിടെ നടക്കും. അമ്മമാര്‍ കട്ടന്‍ ചായയും പലഹാരവും ഉണ്ടാക്കി തന്ന് ഒരു പരുവമാകും. ലാലുവിന്റെ അമ്മ എപ്പോഴും വഴക്കു പറയുമായിരുന്നു. നീയൊക്കെ ഇങ്ങനെ നടന്നോ, ഓരോ പിള്ളേര് പഠിക്കുന്ന കണ്ടില്ലേ. കാള കളിച്ച് സിനിമ സിനിമ എന്ന് പറഞ്ഞ് നടന്നോ എന്നൊക്കെ പറയും. പക്ഷേ അമ്മയ്ക്കു ഞങ്ങളോട് അത്രമേല്‍ സ്നേഹമായിരുന്നു അന്നും ഇന്നും.
മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം അടുത്തുനിന്ന് കാണാന്‍ ഭാഗ്യമുണ്ടായവരാണ് ഞാനും മറ്റു കൂട്ടുകാരും. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ‘കംപ്യൂട്ടര്‍ ബോയ്’ എന്ന ഒരു നാടകം സ്കൂളില്‍ യുവജനോത്സവത്തിന് ലാല്‍ ചെയ്തു. അന്ന് കളിയും യുവജനോത്സവുമാണ്് ഞങ്ങളുടെ ലോകം. അന്ന് മണിയന്‍പിള്ള രാജു ആയിരുന്നു മോഹന്‍ലാലിനെ മേക്കപ്പ് ചെയ്തത്. രാജുവിന്റെ വീട് മോഡല്‍ സ്കൂളിനു താഴെയായിരുന്നു. രാജു മേക്കപ്പ് ചെയ്തു കൊടുത്തു മോഹന്‍ലാല്‍ തട്ടില്‍ കയറി. 90 വയസ്സുകാരനായിട്ടായിരുന്നു ലാല്‍ അഭിനയിച്ചത്. നിറഞ്ഞ കയ്യടി ആയിരുന്നു. ലാല്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു . ഞാനും ചെയ്തു നാടകം. അത് ആളുകള്‍ കൂവി തോല്‍പ്പിച്ചു. നാടകത്തിന്റെ അവസാനം എന്നെ കുത്തി കൊല്ലുന്നതായിട്ടാണ് കാണിക്കുന്നത്. മുട്ടയില്‍ ചുവന്ന വെള്ളം നിറച്ച് പോക്കറ്റില്‍ വച്ചിരുന്നു. അവിടെത്തന്നെ കുത്തണമായിരുന്നു. പക്ഷേ പാളിപ്പോയി. മുട്ട തെറിച്ച് വീണു. വേറെ നിവൃത്തിയില്ലാതെ ഞാന്‍ അതിലേക്കു വീണു. ആളുകള്‍ കൂവിയില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ. അഭിനയത്തിന് അതോടെ കര്ട്ടന് വീണു. പക്ഷേ സിനിമ എന്ന സ്വപ്നത്തിന് ഒരു കോട്ടവും തട്ടിയില്ല.
കോളജില്‍ വച്ചാണ് ഞങ്ങളുടെ സിനിമക്കാലം പൂത്തുലഞ്ഞത്. എല്ലാവര്ക്കും അങ്ങനെ തന്നെയല്ലേ. നമ്മുടെ സ്വപ്നങ്ങള്‍ ഒന്നുകൂടി തളിര്‍ത്തു വരുന്നത് അന്നേരമാണല്ലോ. ഞാന്‍ ആര്‍ട്സ് കോളജിലും ലാലു എംജിയിലും. പക്ഷേ ഞങ്ങളന്നും ഒന്നിച്ചായിരുന്നു. സനല്‍ ആയിരുന്നു എം ജി കോളജിലെ മോഹന്‍ലാലിന്റെ ക്ലാസ്മേറ്റ്. ലാലു അന്ന് നാടകം ചെയ്യുമായിരുന്നു. ഞങ്ങളെല്ലാവരും ഒരുമിച്ചാണ് നാടകത്തിന് പോകുന്നത്. സന്തോഷിന്റെ അച്ഛന് ബ്രിട്ടാനിയ ബിസ്കറ്റ് ഏജന്‍സി ഉണ്ട.് അതിനു വേണ്ടി ഒരു ഗുഡ്സ് വണ്ടി വാങ്ങിയിരുന്നു. അതിലാണ് ഞങ്ങളുടെ നാടക യാത്ര.
സിനിമ അനുഗ്രഹിച്ച കുട്ടികള്‍ തന്നെയാണ് ഞങ്ങള്‍. അന്ന്് ഞങ്ങള്‍ക്ക് ഒരു തലതൊട്ടപ്പന് ഉണ്ടായിരുന്നു, ശശി. അദ്ദേഹം ഇന്ന് സന്യാസ ജീവിതം നയിക്കുകയാണ്. സ്വാമി അശ്വതി തിരുനാല്‍. അദ്ദേഹത്തിന്റെ അച്ഛന് തിരുവനന്തപുരം മേയറായിരുന്നു. ശശി ഞങ്ങളെ ചെങ്കോട്ടുകോണത്തുള്ള ഒരു സ്വാമിയുടെ അടുത്തു കൊണ്ടുപോയി. സിനിമയുടെ കാര്യം പറയാനായിരുന്നു അത്. സ്വാമി പറഞ്ഞു, നിങ്ങള്‍ എല്ലാവരും രക്ഷപ്പെടും മക്കളെ എന്ന്. അതുപോലെ തന്നെ സംഭവിച്ചു. അത് ഒരുനിമിത്തം ആയിട്ടാണ് എനിക്ക് തോന്നുന്നത്.
അതുപോലെ തിരുവനന്തപുരത്ത് വന്നിരുന്ന സംവിധായകരുടെയെല്ലാം അടുത്ത് ഞങ്ങള്‍ സുഹൃത്തുക്കള്‍ ലാലിനെ കൊണ്ടുപോവുകയായിരുന്നു. വേഷം ചോദിച്ചുള്ള പോക്കാണ്. അന്ന് റൊമാന്റിക് മുഖമുള്ള ചോക്ലേറ്റ് നായകന്മാരെയാണ് വേണ്ടിയിരുന്നത്. മോഹന്‍ലാലിനെ കണ്ടിട്ട് അവര്‍ പറയുമായിരുന്നു ഈ രൂപത്തിന് എങ്ങനെ ഒരു വേഷം കൊടുക്കാനാണ് എന്ന്. ആ ആളാണ് ഇന്ത്യയിലെ തന്നെ മികച്ച നടനായി വളര്‍ന്നതെന്ന് ഓര്‍ക്കണം.
പിന്നീടാണ് നവോദയയുടെ ഒു കാസ്റ്റിങ് കാള്‍ കാണാനിടയായത്. മോഹന്‍ലാലിനെ കൊണ്ടുപോയി ഫോട്ടോ എടുത്തു. ആ ഫോട്ടോ എന്റെ വീട്ടില്‍ കളഞ്ഞിട്ടുപോയി ലാല്‍. സിനിമ എന്നൊക്കെ പറഞ്ഞ് നടക്കുന്നെങ്കിലും അത്രയ്ക്ക് കാര്യഗൗരവമേയുള്ളൂ. എന്റെ അമ്മയാണ് അത് കണ്ടുപിടിച്ചത്. കാര്യം തിരിക്കിയ അമ്മ അത് അയ്ക്കാനുള്ള കാര്യങ്ങളെല്ലാം ശരിയാക്കിത്തരുന്നു, ഞാന്‍ കൊണ്ടുപോയി പോസ്റ്റ് ചെയ്യുന്നു, കുറച്ചുദിവസം കഴിഞ്ഞ് ടെലഗ്രാം വരുന്നു. അങ്ങനെയാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമ സാധ്യമാകുന്നത്. മോഹന്‍ലാല്‍ എന്ന നടനും വരുന്നത്.
അതിനു മുന്‍പേ ഞങ്ങള്‍ സുഹൃത്തുക്കള്‍ എല്ലാവരും ചേര്‍ന്ന് തിരനോട്ടം എന്ന സിനിമ എടുത്തു. ഞങ്ങളുടെ ഗ്യാങ്ങിലെ അശോക് ആയിരുന്നു സംവിധാനം. ആ സിനിമയുടെ പ്രൊഡ്യൂസര്‍ക്ക് സിനിമയെപ്പറ്റി ഒന്നും അറിയാത്തതുകൊണ്ട് മാത്രം സംഭവിച്ചതാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അല്ലെങ്കില്‍ ആരെങ്കിലും ഞങ്ങള്‍ പയ്യന്മാരെ വച്ച് സിനിമയെടുക്കാന്‍ തയാറാകുമോ. മഞ്ഞില്‍വിരിഞ്ഞ പൂക്കള്‍ ഇറങ്ങിയതിനു ശേഷമാണ് ലാലുവിന്റെ മാത്രമല്ല ഞങ്ങള്‍ എല്ലാവരുടെയും വീട്ടുകാര്‍ക്ക് ഒരു പ്രതീക്ഷ വന്നത്. അതുവരെ ഞങ്ങളെ കുറിച്ച് അവര്‍ക്ക് ടെന്‍ഷനായിരുന്നു.
സിനിമയുടെ ചര്‍ച്ചയ്ക്കും മറ്റുമായി ഞങ്ങള്‍ ഒത്തു കൂടുന്ന സ്ഥലം കോഫിഹൗസ് ആയിരുന്നു. ആദ്യമെത്തുന്ന ആരുടെ കയ്യിലും പത്തുപൈസ കാണില്ല കോഫി ഓര്‍ഡര്‍ ചെയ്തിട്ട് പൈസയുള്ള ഒരാള്‍ വരുന്നത് കാത്തിരിക്കും. പൈസ വന്നു കഴിയുമ്പോഴേക്കും പിന്നെ തീറ്റയായി. അന്ന് നമുക്ക് വാങ്ങാവുന്ന ഏറ്റവും ആഡംബരമായ കാര്യം ഒരു മസാലദോശയും മട്ടന്‍ ഓംലെറ്റും ആയിരുന്നു. അതും കഴിച്ചു കൊണ്ടായിരുന്നു ബാക്കി ചര്‍ച്ചകളും.
ലാലുവിനൊപ്പം ആദ്യമായിട്ട് മദ്രാസിലേക്ക് പോകുന്നത് തിരനോട്ടത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്കുവേണ്ടിയാണ്. മൂന്നാം ക്ലാസ് ടിക്കറ്റ് എടുത്താണ് പോകുന്നത്. എനിക്ക് ഇന്നും മറക്കാനാകാത്ത യാത്ര. ഞങ്ങള്‍ക്കെല്ലാവര്‍ക്കും വീട്ടില്‍നിന്ന് പൊതിച്ചോറ് തന്നിരുന്നു. ഓരോ വീട്ടിലെ രുചിയും അമ്മമാരുടെ സ്നേഹവുമുള്ള പൊതിച്ചോര്‍.
മദ്രാസ് അന്ന് ഞങ്ങള്‍ക്കൊരു സ്വപ്നമായിരുന്നു സിനിമകളുടെ ലോകം ആണല്ലോ. ഞങ്ങള്‍ അന്ന് സ്വാമീസ് ലോഡ്ജിലാണ് താമസം. സത്യന് മാഷ്, പ്രേം നസീര്‍, തിക്കുറിശ്ശി അങ്ങനെ പ്രതിഭാധനര്‍ താമസിക്കുന്ന ലോഡ്ജ്. ഞങ്ങള്‍ ഒരു മുറി വാടകയ്ക്ക് എടുത്തു. ഞാനും ലാലും ഒരു കട്ടിലില്‍, പ്രിയനും അശോകും മറ്റൊന്നില്‍. അശോകിന് ഒരു കട്ടില് തികയാത്തതു കൊണ്ട് അടിയും തൊഴിയും കഴിഞ്ഞ് പ്രിയന് ഷീറ്റും വിരിച്ച് താഴെ കിടക്കും. അന്ന് സൈക്കിളിലാണ് യാത്ര. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് പോകും. അവിടെ ഒരുപാട് സിനിമ തിയേറ്ററുകള്‍ ഉണ്ടായിരുന്നു. വര്‍ക്ക് കഴിഞ്ഞ് വൈകുന്നേരം സിനിമ കാണലാണ് പരിപാടി. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്ന സ്റ്റുഡിയോകളുടെ ഫ്ലോറുകളിലൊക്കെ ശിവാജി ഗണേശനെ പോലുള്ള വലിയ താരങ്ങളെ കാണാം. അവരുടെ ഷൂട്ടിങ് കാണലാണ് വേറൊരു ഹോബി. പിന്നീട് അവിടെ ഞങ്ങള്‍ ഒരു വീട് വാടകയ്ക്കെടുത്തു. ഇപ്പോഴും ഓര്‍മയുണ്ട് ആ വീട്. നമ്പര്‍ 11 ഭരണി സിങ് ലൈന്‍. ഇനി ഒരിക്കലും ആ കാലം വരില്ല എന്ന് ഓര്‍ക്കുമ്പോള്‍ മാത്രമാണ് സങ്കടം”.
കൂട്ടുകാരുടെ സിനിമായാത്രയ്ക്ക് കരുത്തായി എന്നും സുരേഷകുമാര് നാലു പതിറ്റാണ്ടിലേറെയായി നിലകൊള്ളുന്നു.
അമ്മാവന് നോര്‍വെയില്‍നിന്ന് വന്നപ്പോള്‍ സമ്മാനിച്ച 80 എം എം ക്യാമറയായിരുന്നു സുരേഷിന്റെ സിനിമാ പ്രേമത്തിന്റെ കവാടം തുറന്നത്. ക്യാമറയും കഴുത്തില്‍ തൂക്കി സെക്രട്ടറിയേറ്റിനു മുന്നിലും പുളിമൂട് ജംഗ്ഷനിലും ഒക്കെ കറങ്ങും. ഇന്ത്യന്‍ കോഫി ഹൗസിലെ കൂട്ടുകാരുടെ കാപ്പികുടി കൂട്ടായ്മയില്‍ അവിഭാജ്യഘടകമായി. സിനിമ എടുക്കുക എന്ന ചര്‍ച്ചകള്‍ ഈ സൗഹൃദ കൂട്ടായ്മയിലാണ് ഉണ്ടായത്. തിരനോട്ടം എന്ന സിനിമ ഉണ്ടാകുന്നതങ്ങനെയാണ്. മോഹന്‍ലാലും അശോക് കുമാറും സുരേഷ് കുമാറും ഗൗരവത്തില്‍ സിനിമ എടുക്കുന്ന കാര്യം പറയുമ്പോള്‍ പ്രിയദര്ശന് കളിയാക്കുമായിരുന്നു. നടക്കാത്തകാര്യം എന്നായിരുന്നു പ്രിയന്റെ നിലപാട്. ആകാശവാണിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്കു പോകുമായിരുന്ന സീനിയര്‍ എന്ന ഭാവം പുലര്‍ത്തിയത് കൂട്ടുകാര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ തിരനോട്ടം സിനിമ യാഥാര്‍ത്ഥ്യമായപ്പോള്‍ പ്രിയദര്‍ശനും ഒപ്പം കൂടി. അശോക് കുമാര്‍ സംവിധാനം, മോഹന്‍ലാല്‍ അഭിനയം, പ്രിയദര്ശന് അസിസ്റ്റന്റ് ് ഡയറക്ടര്‍, സുരേഷ്കുമാര്‍ അസോസിയേറ്റ് ഡയറക്ടര്‍ കൂട്ടുകാര്‍ക്കെല്ലാം സിനിമയില്‍ റോളും നിശ്ചയിച്ചു. പാച്ചല്ലൂര്‍ ശശി എന്ന കോണ്ട്രാക്ടര് നിര്‍മ്മാതാവായി വന്നതോടെ അന്നത്ത പ്രമുഖ നടന്മാരിലൊരാലായ രവികുമാറിനെ നായകനാക്കി ചിത്രീകരണം തുടങ്ങി. അര ലക്ഷം രൂപയായിരുന്നു ബജറ്റ്. പടം പകുതിയായപ്പോഴേക്കും മുടങ്ങി. നിര്‍മ്മാതാവ് അസുഖമായി ആശുപത്രിയില്‍. കൊല്ലത്തെ തിരുവെങ്കിടം മുതലാളിയാണ് അന്ന് സിനിമാക്കാര്‍ക്കെല്ലാം പണം കടം നല്‍കുന്നത്. പലതവണ ചെന്ന് അപേക്ഷിച്ചപ്പോള്‍ മുതലാളിയുടെ മനസ്സലിഞ്ഞു. സിനിമ പൂര്‍ത്തിയാക്കാന്‍ സഹായിക്കാമെന്നേറ്റു. പണം കയ്യില്‍ തരില്ല. പകരം ചെന്നെയിലെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളൊക്കെ തീര്‍ക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് പണം നേരിട്ടുകൊടുക്കും അതായിരുന്നു തിരുവെങ്കിടം മുതലാളിയുടെ കരാര്‍. പണമില്ലാതിരുന്നതില് മദ്രാസ് മെയിലില്‍ മൂന്നാം ക്ളാസ് ടിക്കറ്റെടുത്ത് തറയില്‍ പേപ്പറിട്ട് കിടന്നാണ് സുരേഷ് കുമാറും മോഹന്‍ലാലും ചെന്നയിലേക്ക് പോയത്. സിനിമയുടെ വിശാല ലോകത്തേയ്ക്കുള്ള ദുരിതപൂര്ണ്ണമായ് പ്രവേശം. സിനിമ പേരിനിറങ്ങി എന്നതല്ലാതെ ഒന്നും നടന്നില്ല.
എന്നാല്‍ കൂട്ടുകാരുടെ സിനിമാ കമ്പത്തിന് കുറവൊന്നും വന്നില്ല. കോളേജ് പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ ഭാനുമതി ഫിലിംസ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി രൂപീകരിച്ചു. തമിഴ് ചിത്രമെടുക്കുന്നതാണ് ലാഭം എന്ന് ആരോ ഉപദേശിച്ചതുസരിച്ച് കരൈ തൊടാതെ അലൈകള്‍ എന്ന സിനിമ നിര്‍മ്മിച്ചു. അശോക് കുമാറായിരുന്നു സംവിധാനം. പ്രിയദര്ശന് കഥയും. സിനിമ കരതൊടാതെ പൊട്ടി. പണം വെള്ളത്തിലായത് മിച്ചം. സിനിമയിലെ നായികയായിരുന്ന മേനക മലയാള സിനിമയിലെത്തുകകയും സ്വന്തം ഭാര്യയായി മാറുകയും ചെയ്തു എന്നതായിരുന്നു സുരേഷ് കുമാറിനുണ്ടായ ഭാഗ്യം.
അശോക് കുമാറിനെ തന്നെ സംവിധായകനാക്കി കൂലി എന്ന സിനിമ നിര്‍മ്മിച്ചു കൊണ്ട് സുരേഷ് വീണ്ടും എത്തി. സുഹൃത്ത് സനല്‍കുമാറിനെയും കൂട്ടി ് സൂര്യോദയ ക്രിയേഷന്‍സ് എന്ന കമ്പനി ഉണ്ടാക്കി മമ്മൂട്ടിയെ നായകനാക്കയിട്ടും കൂലിയും വിജയമായിരുന്നില്ല.
മുന്നാമത്തെ സിനിമയായിരുന്നു സുരേഷ് കുമാര്‍ എന്ന നിര്‍മ്മാതാവിനെ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാക്കിയത്. ‘പൂച്ചക്കൊരു മൂക്കുത്തി’. പ്രിയദര്ശന് ആദ്യമായി സംവിധാനം ചെയ്ത പഠം. ശങ്കറിനും മേനകയ്ക്കും ഒപ്പം മോഹന്‍ലാലും പ്രധാനവേഷത്തിലെത്തിയ ചിത്രം. പഠം സൂപ്പര്‍ ഹിറ്റായി. പ്രിയദര്‍ശനും മോഹന്‍ലാലും പി്ന്നീട് സിനിമയില്‍ തിരിഞ്ഞു നേക്കേണ്ടി വന്നിട്ടില്ല. ഓടരുതമ്മാവാ ആളറിയാം,അയല്‍വാസി ഒരു ദരിദ്രവാസി ,രാക്കുയിലിന്‍ രാഗ സദസ്സില്‍ , വെട്ടം എന്നീ പ്രിയദര്ശന് സിനിമകളും നിര്‍മ്മിച്ചത് സുരേഷാണ്. മലയാളസിനിമയിലെ എക്കാലത്തെയും ഹിറ്റു ചിത്രങ്ങളില്‍ ഒന്നായ ഷാജി കൈലാസ് ചിത്രം ആറാം തമ്പുരാന് ,വിഷ്ണു ലോകം, ബട്ടര്‍ ഫ്ളയിസ്, മഹാ സമുദ്രം എന്നിവയാണ് സുരേഷ് കുമാര്‍ നിര്‍മ്മിച്ച മറ്റ് മോഹന്‍ ലാല്‍ ചിത്രങ്ങള്‍. അക്കരെ നിന്നൊരു മാരന് (ഗിരീഷ്), വിഷ്ണുലോകം (കമല്‍), ബട്ടര്‍ ഫ്ളൈസ് (രാജീവ് അഞ്ചല്‍), കാശ്മീരം(രാജീവ് അഞ്ചല്‍), തക്ഷശില ( കെ ശ്രീകുട്ടന്), കവര്‍സ്റ്റോറി(രാജീവ് അഞ്ചല്‍), കണ്ണെഴുതി പൊട്ടുംതൊട്ട് ( ടി കെ രാജീവ്കുമാര്‍), പൈലറ്റ്സ് (ടി കെ രാജീവ് കുമാര്‍), അച്ഛനെയാണെനിക്കിഷ്ടം (സുരേഷ് കൃഷ്ണന്), കഥ(സുന്ദര്‍ദാസ്), കുബേരന് (സുന്ദര്‍ദാസ്), ശിവം (ഷാജി കൈലാസ്), മഹാസമുദ്രം( ഡോ എസ് ജനാര്ദ്ദനന്), നീലത്താമര ( ലാല്‍ ജോസ്), രതിനിര്‍വ്വേദം ( ടി കെ രാജീവ് കുമാര്‍), ചട്ടക്കാരി (സന്തോഷ് സേതുമാധവന്), മാച്ച് ബോക്സ് (ശിവറാം മണി), സീതാകല്യാണം ( ടി കെ രാജീവ് കുമാര്‍) തുടങ്ങി 36 സിനിമകള്‍ നിര്‍മ്മിച്ചു.
സിനിമയില്‍ ആദ്യം ദിലീപിന് ശമ്പളം കൊടുക്കുന്നതും സുരേഷ് കുമാറാണ്. ആയിരം രൂപ. കമല്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ച വിഷ്ണുലോകം ആയിരുന്നു ചിത്രം. മിമിക്രിയില്‍ നിന്ന് ദിലീപ് സഹസംവിധായകനായി മാറുന്നത് ഈ ചിത്രത്തിലൂടെയാണ്. അസിസ്റ്റന്റ്സ് കൂടുതലായതിനാല്‍ ദിലീപിനെ ഉള്‍ക്കൊള്ളിക്കാന്‍ കമലിന് ആദ്യം കഴിഞ്ഞിരുന്നില്ല. പിന്നീട് ഒരുബന്ധു ശുപാര്‍ശ ചെയ്തതിനെതുടര്‍ന്ന് സുരേഷ് നിര്‍ബന്ധിച്ചപ്പോള്‍ കമല്‍ സമ്മതിക്കുകയായിരുന്നു. മികച്ച നടിക്കുള്ള ദേശിയ അവാര്‍ഡ് നേടിയ കീര്‍ത്തി സുരേഷ് ആദ്യമായി അഭിനയിച്ച ചിത്രം അച്ഛന് നിര്‍മ്മിച്ച പൈലറ്റിലാണ്. കീര്ത്തിയെകൂടാതെ ഒരു മകള്‍ കൂടിയാണ് സുരേഷ്- മേനക ദമ്പതികള്‍ക്കുള്ളത്. രേവതി. മികച്ച നര്‍ത്തകിയും പ്ത്മാസുബ്രമണ്യത്തിന്റെ ശിഷ്യയുമായ രേവതിയുടെ പേരാണ് സിനിമാ കമ്പനിക്ക് ഇട്ടിരിക്കുന്നത്. രേവതി കലാ മന്ദിര്‍. ഇതേ പേരില്‍ കിന്‍ഫ്ര പാര്‍ക്കില്‍ ഫിലിം അക്കാദമിയും സുരേഷ് കുമാര്‍ നടത്തുന്നു.
മികച്ച സംഘാടകനായ സുരേഷ് കുമാര്‍ വര്‍ഷങ്ങളോളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. കേരള ഫിലിം വെല്‍ഫെയര്‍ ബോര്‍ഡിന്റെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിര്‍മ്മാണത്തിനു പുറമെ അഭിനയത്തീലും അരക്കൈ നോക്കുകയാണ് സുരേഷ് കുമാര്‍. ഞാന്‍ സംവിധാനം ചെയ്യും സിനിമയില്‍ എന്ന ബാലചന്ദ്രമേനോന് സിനിമയി്ല്‍ ചെറിയ വേഷം ചെയ്തു.രാമലീലയിലെ രാഷ്ട്രീയനേതാവിലൂടെയാണ് സുരേഷ് കുമാര്‍ എന്ന നടനെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി. കൂട്ടുകെട്ടിന്റെ ചിത്രമായ ‘മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം’ ത്തില്‍ കൊച്ചിരാജാവ് എന്ന കഥാപാത്രമായി സുരേഷ് കുമാര്‍ അഭിനയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: