റഫാല്‍ വിമാന ഇടപാടില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ കുറ്റവിമുക്തമാക്കി നേരത്തെയുള്ള വിധി പുനഃപരിശോധിക്കേണ്ട യാതൊരു ആവശ്യവുമില്ലെന്ന സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ് പ്രതിപക്ഷ പാര്‍ട്ടികളുടെ, പ്രത്യേകിച്ച് കോണ്‍ഗ്രസ്സിന്റെ അധാര്‍മിക രാഷ്ട്രീയത്തെ തുറന്നുകാട്ടിയിരിക്കുകയാണ്. പ്രതിരോധ ഇടപാടില്‍ അഴിമതിയില്ലെന്നും, കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും 2018ല്‍ സുപ്രീംകോടതി വിധിച്ചിരുന്നു. ഇതിനെതിരെ മുന്‍മന്ത്രി യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, പ്രശാന്ത് ഭൂഷണ് തുടങ്ങിയവരാണ് പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കിയിരുന്നതെങ്കിലും ഈ ആവശ്യം കോണ്‍ഗ്രസ്സിന്റേതായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, മോദി സര്‍ക്കാരിനെതിരെ ഉന്നയിച്ച മുഖ്യ ആരോപണം ഇതാണ്. കോണ്‍ഗ്രസ്സിന്റെ പ്രചാരണ വിഭാഗമായി അധഃപതിച്ച ചില മാധ്യമങ്ങള്‍ റഫാല്‍ ഇടപാട് വന്‍ പ്രതിരോധ കുംഭകോണമായി ചിത്രീകരിക്കുകയും, ഇടപാടിന്റെ സങ്കീര്‍ണ സ്വഭാവത്തെക്കുറിച്ച് അറിയാത്ത സാധാരണക്കാരെ വലിയ തോതില്‍ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. പ്രതിപക്ഷം കുത്തിപ്പൊക്കിയ അനാവശ്യ വിവാദം ഇപ്പോഴത്തെ കോടതി വിധിയോടെ അടഞ്ഞ അധ്യായമായി മാറിയിരിക്കുകയാണ്.
ഇന്ത്യ-ഫ്രഞ്ച് സര്‍ക്കാരുകള്‍ തമ്മിലെ ഇടപാടില്‍ 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനാണ് കരാറുണ്ടാക്കിയത്. ഇതിനെതിരെ ഹര്‍ജിക്കാര്‍ ഉന്നയിച്ച ഒരൊറ്റ ആരോപണം പോലും കോടതി അംഗീകരിച്ചില്ല. യുപിഎ ഭരണകാലത്തെ കരാറിനെക്കാള്‍ വിമാനങ്ങള്‍ക്ക് വില കൂടുതല്‍ കൊടുത്തു, വിമാനങ്ങളുടെ എണ്ണം കുറച്ചു, റഫാല്‍ വിമാന നിര്‍മാണ കമ്പനിയായ ദസ്സോ അവരുടെ ഭാരത പങ്കാളിയായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ തെരഞ്ഞെടുത്തതില്‍ പ്രധാനമന്ത്രി അവിഹിതമായി ഇടപെട്ടു എന്നൊക്കെയാണ് ഹര്‍ജിക്കാര്‍ ആരോപിച്ചത്. എന്നാല്‍, ഇവയിലൊന്നും യാതൊരു കഴമ്പുമില്ലെന്ന് പരമോന്നത നീതിപീഠം കണ്ടെത്തി. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ദുരുപദിഷ്ടമായ ഹര്‍ജികള്‍ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുകയാണ് കോടതി ചെയ്തത്. വിമാനത്തിന്റെ വില നിര്‍ണയത്തോട് പ്രതികരിക്കുമ്പോള്‍ ആപ്പിളും ഓറഞ്ചും തമ്മില്‍ താരതമ്യം ചെയ്യാനാവില്ലെന്ന വിധിയിലെ നിരീക്ഷണത്തില്‍നിന്നുതന്നെ കോടതിയുടെ മനോഭാവം വ്യക്തമാണ്.
യഥാര്‍ഥത്തില്‍ രാഷ്ട്രീയ ദുഷ്ടലാക്കോടെ ശൂന്യതയില്‍നിന്ന് ഉയര്‍ത്തിക്കൊണ്ടുവന്നതായിരുന്നു റഫാല്‍ വിവാദം. നോട്ട് റദ്ദാക്കലിനുശേഷം നടന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപി ഉജ്ജ്വലവിജയം നേടിയതോടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിയെ നേരിടാന്‍ പുതിയ ആയുധം വേണ്ടിവരുമെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞു. മോദിയെ വ്യക്തിഹത്യ നടത്തുന്ന ഒന്നായിരിക്കണം അതെന്ന് അവര്‍ തീരുമാനിച്ചു. ബിജെപിയുടെ നിരന്തരമായ രാഷ്ട്രീയ മുന്നേറ്റത്തില്‍ തിരിച്ചടി നേരിട്ടവരൊക്കെ കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്നു. രാജീവ് ഗാന്ധിയെ വീഴ്ത്തിയ ബൊഫോഴ്സ് അഴിമതിയുടെ മാതൃകയില്‍ റഫാല്‍ മോദിയെ തറപറ്റിക്കുമെന്നാണ് ബിജെപി വിരുദ്ധര്‍ കരുതിയത്. എന്നാല്‍, അഴിമതിയുടെ കറപുരളാത്ത വിശുദ്ധ വ്യക്തിത്വമാണ് മോദിയെന്ന് ഉറച്ചു വിശ്വസിക്കുന്ന ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ ഐതിഹാസിക പിന്തുണയാണ് ബിജെപിക്ക് നല്‍കിയത്.
ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതിപക്ഷം റഫാല്‍ ആരോപണത്തെക്കുറിച്ച് മിണ്ടാതായി. രാഷ്ട്രീയപ്രേരിതമായിരുന്നു വിവാദമെന്നതിന് മറ്റ് തെളിവുകള്‍ ആവശ്യമില്ല. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഫ്രാന്‍സില്‍ ചെന്ന് ആദ്യ വിമാനം ശസ്ത്രപൂജ ചെയ്ത് ഏറ്റുവാങ്ങിയപ്പോഴും കോണ്‍ഗ്രസ് നിശ്ശബ്ദത പാലിച്ചു. പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളിയതോടെ കോണ്‍ഗ്രസ്സിന് ഇരട്ട പ്രഹരമാണ് ഏറ്റത്. 2018-ലെ സുപ്രീംകോടതിവിധിയുടെ മറവില്‍ മോദിക്കെതിരെ അസത്യപ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിനെ സുപ്രീംകോടതി താക്കീതു ചെയ്തിരിക്കുകയാണ്. മേലില്‍ ഇപ്രകാരം നിരുത്തരവാദപരമായി സംസാരിക്കരുതെന്ന് ഈ അപക്വ യുവാവിന് നീതിപീഠം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. റഫാല്‍ വിവാദത്തിലൂടെ ആരെ അപകീര്‍ത്തിപ്പെടുത്താനാണോ പ്രതിപക്ഷം ശ്രമിച്ചത് അത് തിരിച്ചടിച്ചു. ഇപ്പോഴത്തെ വിധിയോടെ നരേന്ദ്ര മോദി അഗ്നിശുദ്ധിയോടെ ജനമധ്യത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: