ദശരഥന് പൂജചെയ്തിരുന്ന മഹാവിഷ്ണു വിഗ്രഹത്തെ ഭീമപുത്രനായ ഘടോല്കചന് പ്രതിഷ്ഠ നടത്തിയ അതിമനോഹരമായ ക്ഷേത്രമാണ് കടവല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം. രാവിലെ വനവാസത്തിനു പുറപ്പെടുന്ന ശ്രീരാമനായും, ഉച്ചയ്ക്ക് സേതുബന്ധനത്തില്‍ വരുണനോട് കോപിച്ച ഭാവത്തോടും, സന്ധ്യക്ക് അയോധ്യാധിപതിയായി പട്ടാഭിഷേകം കഴിഞ്ഞ ശ്രീരാമനായും രാത്രിയില്‍ ശങ്കരനാരായണ ഭാവത്തിലുമാണ് ഇവിടുത്തെ പ്രതിഷ്ഠ. വൃശ്ചികം ഒന്നിനാരംഭിച്ച് എട്ട് സാധ്യായ ദിവസങ്ങളിലായി വേദപ്രയോക്താക്കളുടെ മഹാപരീക്ഷയാണ് കടവല്ലൂര്‍ ക്ഷേത്രത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ആരംഭിച്ച കടവല്ലൂര്‍ അന്യോന്യം.
ചരിത്രം
ശങ്കരാചാര്യരാല്‍ പ്രതിഷ്ഠിതമായ മഠങ്ങളില്‍ പ്രധാനമായ മധ്യകേരളത്തിലെ തൃശ്ശൂര്‍ ബ്രഹ്മസ്വം മഠത്തില്‍ ആദ്യകാലംമുതല്‍ തന്നെ വേദപഠനം നിലനിന്നിരുന്നു. ദീര്‍ഘകാല വേദപഠനത്തിന് ശേഷം വേദപഠിതാക്കള്‍ അവരുടെ കഴിവ് മാറ്റുരച്ചിരുന്നത് തൃശ്ശൂര്‍ ശ്രീവടക്കുംനാഥ ക്ഷേത്രത്തിലെ വടക്കുംനാഥന്റെ മുഖമണ്ഡപത്തിലായിരുന്നു. ഒരിക്കല്‍ വേദാലാപനത്തിനിടെ ‘ദേവാ
ദേവാ ‘എന്ന പദം പ്രസിദ്ധ വേദജ്ഞനായ മടങ്ങര്‍ളി നമ്പൂതിരി ചൊല്ലിയപ്പോള്‍ ക്ഷേത്രത്തിനകത്തു നിന്ന് വടക്കുംനാഥന്റെ അശരീരി ഉണ്ടായത്രെ. അപ്പോള്‍ തന്നെ ശ്രീരാമന്റെ ശ്രീകോവിലില്‍ നിന്നും ‘ശങ്കരന് ക്ഷമയില്ല ഇങ്ങോട്ടു പോന്നോളൂ’ എന്ന് അശരീരി ഉണ്ടായി. അന്നുമുതല്‍ ശ്രീരാമന്റെ മുഖമണ്ഡപത്തിലാണ് വേദജ്ഞരുടെ കഴിവ് മാറ്റുരച്ചിരുന്നത്. ഇതില്‍ പങ്കെടുത്തിരുന്നവരില്‍ ഒരു വിഭാഗം ബ്രഹ്മസ്വം മഠത്തില്‍ തന്നെയും രണ്ടാമത്തെ വിഭാഗക്കാര്‍ തൃശ്ശൂരിലെ ഭക്ത
പ്രിയം ക്ഷേത്രത്തിലുമായി ഓത്ത് ചൊല്ലുകയും വടക്കുംനാഥനിലെ ശ്രീരാമപ്രതിഷ്ഠക്ക് മുന്പില് ‘കിഴക്കുപടിഞ്ഞാറ് ‘എന്ന പേരില്‍ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുകയും ചെയ്തുപോന്നു. തുടര്‍ന്ന് ബ്രഹ്മസ്വം മഠത്തിലെ അധ്യാപകര്‍ തമ്മിലുണ്ടായ ശീതസമരത്തിന്റെ ഭാഗമായി ഒരു വിഭാഗം അധ്യാപകര്‍ കോഴിക്കോട് സാമൂതിരിരാജാവിനെ മുഖംകാണിക്കുകയും സാമൂതിരി അനുവദിച്ച തവനൂരില്‍ തിരുനാവായ ബ്രഹ്മസ്വംമഠം സ്ഥാപിക്കുകയും അവിടെ വേദപഠനം നടത്തിപ്പോരുകയും ചെയ്തു.
തിരുനാവായയില്‍ വന്നതിന് ശേഷം ശ്രീവടക്കുംനാഥനിലേക്ക് മത്സരത്തിന് അവര്‍ വരാതെയായി. അതിനെ തുടര്‍ന്ന് തൃശ്ശൂരിന് വടക്ക് മുളങ്കുന്നത്തുകാവ് ധര്‍മ്മശാസ്താക്ഷേത്രത്തില്‍ തൃശ്ശൂര്‍-തിരുനാവായ യോഗക്കാര് തമ്മില്‍ വേദപരീക്ഷ രൂക്ഷമായ മത്സരാടിസ്ഥാനത്തിലായി. അന്നുമുതല്‍ ‘കിഴക്ക് പടിഞ്ഞാറ്’ എന്നതിന് പകരം ‘വേദോപാസന’ എന്നപേര് നിലവില്‍ വന്നു. ‘കൊച്ചിന്‍മാന്വല്‍’ എന്ന പുസ്തകത്തില്‍ ഇതിനെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. മുളങ്കുന്നത്തുകാവ് ക്ഷേത്രത്തില്‍ വേദ പരീക്ഷയില്‍ ശ്രീവടക്കുംനാഥനെ നിത്യവും ഭജിച്ചുവന്നിരുന്ന തൃശ്ശൂര്‍യോഗക്കാര്‍ക്കായിരുന്നു വിജയം. തുടര്‍ന്ന് നടന്ന സമവായ ചര്‍ച്ചകളില്‍ തൃശ്ശൂരിനും തിരുനാവായയ്ക്കും മധ്യത്തില്‍ സ്ഥിതിചെയ്യുന്ന കടവല്ലൂര്‍ ശ്രീരാമക്ഷേത്ര സന്നിധി വേദോപാസനയ്ക്ക് വേദിയാവുകയും അന്യോന്യം എന്ന പേര് വരുകയും ചെയ്തു.
കടവല്ലൂര്‍ ശ്രീമരാമക്ഷേത്ര ഊരാളനായ പാറമേല്‍ മനയ്ക്കല്‍ നമ്പൂതിരിയുടെയും കൊച്ചിമഹാരാജാവിന്റെയും മേല്‍നോട്ടത്തില്‍ കടവല്ലൂര്‍ ദേശത്തിലെ എല്ലാവിഭാഗം ആളുകള്‍ക്കും സദ്യയടക്കം അന്യോന്യം നടന്നുപോന്നു. ഇത്തരത്തില്‍ കടവല്ലൂര്‍ ശ്രീരാമക്ഷേത്രത്തില്‍ 1947 വരെ നടന്നുവന്ന അന്യോന്യം ചൊവ്വന്നൂര്‍ സഭാമഠത്തില്‍ ഏതാനും വര്‍ഷം നടക്കുകയുണ്ടായി. തുടര്‍ന്ന് 1989 മുതല്‍ കടവല്ലൂര്‍ ശ്രീരാമക്ഷേത്രത്തില്‍ അന്യോന്യം പുനരാരംഭിച്ചു. അത് പൂര്‍വ്വാധികം ഭംഗിയായി ഇന്നും നടന്നുവരുന്നു.
(തുടരും)
9495026834
പ്രതികരിക്കാൻ ഇവിടെ എഴുതുക: