കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഭീഷണി മുഴക്കി മാവോയിസ്റ്റുകള്‍. വടകര പോലീസ് സ്റ്റേഷനിലേക്കാണ് ഭീഷണി സന്ദേശവും കത്തും എത്തിയത്. മുഖ്യമന്ത്രിയെ വകവരുത്തുമെന്നും മഞ്ചിക്കണ്ടിക്ക് പകരം ചോദിക്കുമെന്നുമാണ് കത്തിലെ ഉള്ളടക്കം.
പേരാമ്പ്ര എസ്.ഐ ഹരീഷിന്റെ നിലപാട് നാടിന് അപമാനമാണെന്നും സാധാരണ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് മനുഷ്യരെ നായയെ പോലെ തല്ലിച്ചതയ്‌ക്കാന്‍ ഭരണഘടനയുടെ ഏത് നിയമമാണ് ഇതിന് അനുവദിക്കുന്നതെന്നും കത്തില്‍ ചോദിക്കുന്നു. ഈ നരാധമനെ അര്‍ബന്‍ ആക്ഷന്‍ ടീം കാണേണ്ടതുപോലെ വൈകാതെ തന്നെ കാണുമെന്നും കത്തില്‍ വ്യക്തമാക്കുന്നു. ഇന്നു ഉച്ചയോടെയാണ് മാവോയിസ്റ്റ് ലഘുലേഖഉള്‍പെടുന്ന കത്ത് വടകര പോലീസ് സ്റ്റേഷനില്‍ കിട്ടിയത്.
മഞ്ചിക്കണ്ടി ഏറ്റുമുട്ടിലിന്റെ പശ്ചാത്തലത്തില്‍ മാവോയിസ്റ്റ് ഭീഷണിയുടെ സാഹചര്യത്തില്‍ നേരത്തെ തന്നെ മുഖ്യമന്ത്രിക്ക് സുരക്ഷ ശക്തമാക്കിയിരുന്നു. കത്തിനെ അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഭീഷണി സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.
















