കട്ടപ്പന : മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു അന്തരിച്ച ദിവസമാണ് ശിശു ദിനമെന്ന് മന്ത്രി എം.എം. മണി. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി കട്ടപ്പനയില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് മണിയുടെ ഈ വെള്ളി.
ശിശുദിനത്തില്‍ സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം നടത്തുന്നതു പരാമര്‍ശിച്ചായിരുന്നു പ്രസംഗം. ഇന്നൊരു മഹത്തായ ദിനമാണെന്നും, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു അന്തരിച്ച ഒരു സുദിനമാണെന്നായിരുന്നു മണിയുടെ പ്രസ്താവന. ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിനും അതിനെ മുന്നോട്ടു നയിക്കുന്നതിനും നല്ല പങ്കുവഹിച്ച ആദരണീയനായ മുന്‍ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹമെന്നും മണി പറഞ്ഞു.
ദീര്‍ഘനാള്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടി. ദീര്‍ഘനാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന നിലയില്‍ നമ്മെ നയിച്ച അദ്ദേഹത്തിന്റെ സ്മരണയ്‌ക്കു മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് ഈ മഹാസമ്മേളനം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















