കൊച്ചി: ചെറുവള്ളി എസ്റ്റേറ്റ് അടക്കം, സംസ്ഥാനത്തിന്റെ അഞ്ചരലക്ഷം ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള, സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം നടപ്പാക്കുന്നതിന് തടസം മുഖ്യമന്ത്രിയുടെ ഓഫീസ്! ചെറുവള്ളി എസ്റ്റേറ്റ് ഏതുവിധേനയും വാങ്ങിക്കുകയെന്ന ലക്ഷ്യമാണിതിനു പിന്നില്‍.
റവന്യൂ വകുപ്പിന്റെ പ്രത്യേക പ്ലീഡറായിരിക്കെ അഡ്വ. സുശീലാ ഭട്ട് നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് കേരളത്തിന് അവകാശപ്പെട്ട അഞ്ചര ലക്ഷം ഏക്കര്‍ ഭൂമി, കൈയേറ്റക്കാരില്‍നിന്ന് തിരിച്ചു പിടിക്കാമെന്ന് ഹൈക്കോടതി വിധിച്ചത്. ഇതിനുള്ള സിവില്‍ നടപടിക്ക് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, വര്‍ഷങ്ങളോളം ഇടത്-വലത് മുന്നണികള്‍ ഇക്കാര്യത്തില്‍ നടപടിയൊന്നുമെടുത്തില്ല. ഒടുവില്‍, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടേയും മറ്റും നിരന്തര പരിശ്രമങ്ങള്‍ക്കൊടുവില്‍ നിയമനടപടി കൈക്കൊള്ളാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മെയ് മാസത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗം നടപടിക്ക് തീരുമാനിച്ചു. 2019 ജൂണ്‍ ആറിന് സര്‍ക്കാര്‍ ഉത്തരവും (സ.ഉ ) നം 172/2019 റവ.) ഇറങ്ങി. ജില്ലാ കളക്ടര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങളായിരുന്നു അത്. എന്നാല്‍, ഇന്നുവരെ നടപടിയൊന്നും ഉണ്ടായില്ല. കൈയേറിയ ഭൂമിയില്‍ ”സര്‍ക്കാരിന്റെ ഉടമസ്ഥത സ്ഥാപിക്കാന്‍ പ്രസ്തുത ഭൂമി സ്ഥിതിചെയ്യുന്ന സ്ഥലങ്ങളുടെ അധികാര പരിധിയില്‍ വരുന്ന കോടതികളില്‍ സര്‍ക്കാരിനു വേണ്ടി കേസുകള്‍ ഫയല്‍ ചെയ്യാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കുന്നു”വെന്നാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വേണു. വി യുടെ ഉത്തരവ്.
കളക്ടര്‍മാര്‍ ആറുമാസത്തിനിടെ ഒന്നും ചെയ്തില്ല. തുടര്‍ന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് കോട്ടയം ജില്ലാ കളക്ടറോട് നടപടികള്‍ ആരംഭിക്കാന്‍ നേരിട്ട് നിര്‍ദേശം നല്കി. വിവാദമായ ചെറുവള്ളി എസ്റ്റേറ്റിനെതിരേ കോട്ടയത്തുനിന്ന് ആദ്യ കേസ് ഫയല്‍ ചെയ്യാനും നിര്‍ദേശിച്ചു. പത്തനംതിട്ട അതിര്‍ത്തിയിലാണെങ്കിലും കാഞ്ഞിരപ്പള്ളി താലൂക്കിലാണ് ചെറുവള്ളി എസ്റ്റേറ്റ്. മന്ത്രിയുടെ നിര്‍ദേശവും നടപ്പാക്കാന്‍ തയാറായില്ല. ലാന്‍ഡ് ബോര്‍ഡില്‍നിന്ന് പല രേഖകളും പലപ്പോഴായി ആവശ്യപ്പെട്ട് നടപടികള്‍ നീട്ടിക്കൊണ്ടുപോയി. ഒടുവില്‍ ഫയല്‍ചെയ്യേണ്ട ഹര്‍ജിവരെ തയാറാക്കിക്കൊടുത്തിട്ടും കോട്ടയം കളക്ടര്‍ അനങ്ങിയിട്ടില്ല.
കേസ് ഫയല്‍ ചെയ്യാന്‍ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലിന്റെയും ആഭ്യന്തര-നിയമ വകുപ്പുകളുടെയും അനുമതി വേണം. അത് കിട്ടാന്‍ വൈകുന്നതും മുകളില്‍നിന്നുള്ള നിര്‍ദേശവും മൂലമാണ് എല്ലാം തയാറായിട്ടും കേസ് ഫയല്‍ ചെയ്യാത്തതെന്നാണ് കോട്ടയം കളക്ടറേറ്റില്നിന്നറിയുന്നത്.
ചെറുവള്ളി ഭൂമി വിലയ്ക്ക് വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനവും അവിടെ ശബരിമല വിമാനത്താവളം പണിയാനുള്ള നിര്‍ബന്ധവുമായി മുന്നോട്ടു പോകുന്നത് മുഖ്യമന്ത്രിയാണ്. സിഎംഒയിലെ ചിലരാണ് ഇതു സംബന്ധിച്ച് എല്ലാം നിയന്ത്രിക്കുന്നത്. ശബരി വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കാന്‍ പ്രത്യേക ഓഫീസറെ ചുമതലപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ചെറുവള്ളി എസ്റ്റേറ്റിനെതിരേ കേസുകള്‍ ഒന്നും ഇല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന, സ്ഥലം സര്‍ക്കാര്‍ വാങ്ങുംവരെ ശരിയാണെന്ന് സ്ഥാപിക്കാനാണ് മന്ത്രിസഭാ യോഗ തീരുമാനം നടപ്പാക്കാതെ നീട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: