ആലപ്പുഴ: പിഎസ്‌സിയുടെ ഇരുപതോളം നിയമന ഉത്തരവുകള്‍ ലഭിച്ച മഞ്ജുവിന്റെ ആഗ്രഹം സഫലമായി. പോലീസ് വേഷം എത്തിപ്പിടിക്കാന്‍ ഏറെനാള്‍ ക്ഷമയോടു കാത്തിരുന്ന മഞ്ജുവിനെ തേടി ഒടുവില്‍ പോലീസ് നിയമന ഉത്തരവും എത്തി. താമരക്കുളം വേടരപ്ലാവ് കൊട്ടാരത്തില്‍ വീട്ടില്‍ വാസുദേവന്‍ നായര്‍-ഇന്ദിര ദമ്പതികളുടെ മകളാണ് പോലീസ് സബ് ഇന്‍സ്‌പെക്ടറായി നിയമിതയായ മഞ്ജു വി.നായര്‍.
കുട്ടിക്കാലത്ത് അച്ഛന്‍ തന്റെ പെട്ടിക്കടയില്‍ നിന്നു ലഭിച്ചിരുന്ന തുച്ഛമായ വരുമാനത്തില്‍നിന്ന് സ്വരുക്കൂട്ടിയ തുകകൊണ്ടാണ് മഞ്ജുവിന്റെ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. അമ്മ ഇന്ദിര കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയാണ്. ചെറുപ്പം മുതല്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയ മഞ്ജുവിനെ മാതാപിതാക്കള്‍ ആഗ്രഹപ്രകാരം പഠിപ്പിച്ചു. മകളെ നല്ല നിലയില്‍ എത്തിക്കണമെന്ന ആഗ്രഹമാണ് ഇന്ന് എസ്‌ഐ ആയതിന് പിന്നിലെന്ന് അച്ഛന്‍ വാസുദേവന്‍ പറയുന്നു.
നിയമന ഉത്തരവുകള്‍ പലപ്പോഴായി കൈയില്‍ കിട്ടിയ മഞ്ജു റെയില്‍വേയില്‍ എസ്‌സിപിഒ, പത്തനംതിട്ട പിആര്‍ഡിയില്‍ ലാസ്റ്റ് ഗ്രേഡ്, ചെങ്ങന്നൂര്‍ നഗരസഭയില്‍ എല്‍ഡി ക്ലാര്‍ക്ക് എന്നീ ജോലികള്‍ നോക്കി. എങ്കിലും ചെറുപ്പകാലം മുതല്‍ മനസില്‍ കൊണ്ടുനടന്ന ആഗ്രഹം എത്തിപ്പിടിക്കാന്‍ സഹായിച്ചത് മാതാപിതാക്കളും ഭര്‍ത്താവുമാണെന്ന് മഞ്ജു ഓര്‍ക്കുന്നു. താമരക്കുളം വേടരപ്ലാവ് കൊട്ടാരത്തില്‍ വീട്ടില്‍ ആഹ്ലാദത്തിന്റെ തിരമാലകളാണ് അലയടിക്കുന്നത്.
കേരള പോലീസില്‍ നേരിട്ടു നിയമനം ലഭിച്ച 37 വനിതകളില്‍ ജില്ലയില്‍നിന്നുള്ള ആകെ രണ്ടു വനിതകളില്‍ ഒരാളാണ് മഞ്ജു. ആലപ്പുഴ മണ്ണഞ്ചേരി നേതാജി തോപ്പുവിളയില്‍ വന്ദനയാണ് മറ്റൊരാള്‍. മഞ്ജുവിന്റെ കുടുംബവീട് വേടരപ്ലാവിലാണെങ്കിലും വിവാഹശേഷം ഭര്‍ത്താവ് ജയകുമാറിന്റെ നൂറനാട് പള്ളിക്കലുള്ള വീട്ടിലാണ് താമസിക്കുന്നത്. രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ് മഞ്ജു. രണ്ടു കുട്ടികളുടെ അമ്മയായ മഞ്ജുവിന് സബ് ഇന്‍സ്പക്ടര്‍ പോസ്റ്റില്‍ എത്തിയപ്പോള്‍ നിറഞ്ഞ സന്തോഷമാണ്.
സമൂഹത്തില്‍ സ്ത്രീകള്‍ക്ക് എതിരായി നടക്കുന്ന അതിക്രമങ്ങള്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കാന്‍ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് മഞ്ജുവും വീട്ടുകാരും.
















