കാസര്‍കോട്: കാസര്‍കോട് മത്സ്യബന്ധന തുറമുഖം തുറന്നു കൊടുക്കുന്നത് കാത്ത് മത്സ്യത്തൊഴിലാളികള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളാകുന്നു. കോടികള്‍ ചെലവഴിച്ച് 10 വര്‍ഷം മുന്‍പാണ് നിര്‍മാണം തുടങ്ങിയത്. എന്നാല്‍ അഞ്ച് വര്‍ഷം മുന്‍പ് നിര്‍മാണം തുടങ്ങിയ മഞ്ചേശ്വരം തുറമുഖം ഡിസംബറില്‍ കമ്മിഷന്‍ ചെയ്‌തേക്കും.
ജില്ലയിലെ ആദ്യത്തെ മത്സ്യബന്ധന തുറമുഖമെന്ന നിലയിലായിരുന്നു കാസര്‍കോട് കസബയില്‍ 2010 ജനുവരി എട്ടിന് ഇതിന്റെ ശിലാസ്ഥാപനം നടത്തിയത്. ഇതേ വര്‍ഷം ഓഗസ്റ്റില്‍ പ്രവൃത്തി തുടങ്ങിയ ചെറുവത്തൂര്‍ തുറമുഖം കമ്മിഷന്‍ ചെയ്ത് 4 വര്‍ഷത്തിലേറെയായി. കാസര്‍കോട് തുറമുഖത്തിന്റെ പ്രവൃത്തി പൂര്‍ത്തിയാക്കിയെങ്കിലും പുലിമുട്ടുകളുടെ അകലം വര്‍ധിപ്പിക്കുന്നതിനു തദേശവാസികളുടെ പരാതി നിലനില്‍ക്കുന്നതിനാല്‍ കമ്മിഷന്‍ ചെയ്തില്ലെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ നിയമസഭയില്‍ പറഞ്ഞത്. അശാസ്ത്രീയമാണ് പുലിമുട്ട് നിര്‍മ്മാണമെന്ന തുടക്കത്തില്‍ തന്നെ മത്സ്യതൊഴിലാളികള്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നു.
പുലിമുട്ടുകളുടെ അകലം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട്. പുലിമുട്ടുകളെ സംബന്ധിച്ചുള്ള പരാതി പഠിക്കാന്‍ ഗോവയില്‍ നിന്നുള്ള സംഘമെത്തി പരിശോധന നടത്തി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റു നടപടികള്‍ സ്വീകരിക്കും. 29.85 കോടി രൂപയാണ് കാസര്‍കോട് തുറമുഖം പ്രവൃത്തിക്കായി ഇതിനകം ചെലവഴിച്ചത്. എന്നാല്‍ തുറമുഖത്തിന്റെ അനുബന്ധ പ്രവൃത്തികള്‍ പൂ!ര്‍ത്തിയായി വര്‍ഷം ഏറെയായി. കവാടത്തിന്റെ ഗേറ്റുകളും ലൈറ്റുകളും പാടെ തകര്‍ന്നിട്ടുണ്ട്. കെട്ടിടത്തിന്റെ പല ഭാഗങ്ങളും പൊട്ടിപൊളിഞ്ഞു.
മഞ്ചേശ്വരം തുറമുഖത്തിന്റെ പ്രവൃത്തി 99% പൂര്‍ത്തിയായി. ഡിസംബറില്‍ ഇതു കമ്മിഷന്‍ ചെയ്യാനാണ് ആലോചിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
കസബയിലെ മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ച് കമ്മിഷന്‍ ചെയ്തില്ലെങ്കില്‍ പ്രക്ഷോഭം നടത്താന്‍ തുറമുഖ ആക്ഷന്‍ കമ്മറ്റി യോഗം തീരുമാനിച്ചു. കാസര്‍കോട് കുറുംബ ഭഗവതി ക്ഷേത്ര മൂത്തോതി ആയത്താര്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്ര സ്ഥാനികന്‍മാരും കാസര്‍കോട്, കീഴുര്‍, കുമ്പള എന്നീ പ്രദേശങ്ങളില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളും, രാഷ്ടീയ പാര്‍ട്ടി പ്രതിനിധികളും ക്ഷേത്ര കമ്മറ്റി ഭാരവാഹികളും പങ്കെടുത്തു. കാസര്‍കോട് നഗരസഭാംഗങ്ങളായ കെ.ജി.മനോഹരന്‍, രഹ്ന, കെ.ഉമ, ക്ഷേത്രം കമ്മറ്റി മുന്‍ പ്രസിഡന്റ് കെ.മാധവന്‍, വിവിധ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളായ ആര്‍.ഗംഗാധരന്‍, ജി.നാരായണന്‍, കെ.നാരായണന്‍, രാജന്‍, രാജേഷ്, മഹമൂദ്, കെ.വിജേഷ്, കെ.സുരേശന്‍ എന്നിവര്‍ പ്രസംഗിച്ചു.
















