വാഷിങ്ടണ്‍: ബാഗ്ദാദിയെയും അയാളുടെ പിന്‍ഗാമിയെയും വീഴ്‌ത്തിയ ശേഷം ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ തലവനിലാണ് അമേരിക്കയുടെ ദൃഷ്ടിയെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്കിലെ ഇക്കണോമിക് ക്ലബിലെ അഭിസംബോധന പ്രസംഗത്തിനിടെയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ തലവനെ സംബന്ധിച്ച് ട്രംപിന്റെ പ്രതികരണം. ‘ ബാഗ്ദാദിയെ യുഎസ് വീഴ്‌ത്തി.. അയാളുടെ ‘രണ്ടാമനെയും’ ഇപ്പോള്‍ മൂന്നാമത്തെ ആളിലാണ് ഞങ്ങളുടെ കണ്ണ്.. ബാഗ്ദാദിയുടെ മൂന്നാമന്‍ പ്രശ്‌നങ്ങള്‍ക്ക് നടുവിലാണ് കാരണം അയാള്‍ എവിടെയുണ്ടെന്ന് ഞങ്ങള്‍ക്കറിയാം’.. എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 26ന് സിറിയയില്‍ യുഎസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തിലാണ് ബാഗ്ദാദി കൊല്ലപ്പെടുന്നത്. സൈന്യത്തിന്റെ പിടിയിലാകുമെന്നുറപ്പായ ബാഗ്ദാദി സ്വയം പെട്ടിത്തെറിച്ച് ജീവനൊടുക്കുകയായിരുന്നു. യുഎസ് ഇപ്പോള്‍ ലക്ഷ്യം വച്ചിരിക്കുന്നതാരെയാണെന്ന് ട്രംപ് വെളിപ്പെടുത്തിയില്ലെങ്കിലും ബാഗ്ദാദിയുടെ പിന്‍ഗാമിയായി വിശേഷിപ്പിക്കപ്പെട്ട അബു ഇബ്രാഹിം അല്‍ ഹാഷിമി അല്‍ ഖുറേഷിയെക്കുറിച്ചാണിതെന്നാണ് സൂചന.
ഖുറേഷിയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ആര്‍ക്കും തന്നെയില്ല. സാധാരണയായി ഗോത്രവര്‍ഗ ബന്ധത്തെയും വംശത്തെയും സൂചിപ്പിക്കുന്ന അപരനാമങ്ങള്‍ ഉപയോഗിച്ചാണ് ഇസ്ലാമിക് സ്റ്റേറ്റ് പോരാളികള്‍ തങ്ങളുടെ തലവന്‍മാരെ തിരിച്ചറിയുന്നത്. അതുകൊണ്ട് തന്നെ തലപ്പത്തുള്ളവരെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ അങ്ങനെ പരസ്യമാകാറില്ല. പ്രസംഗത്തില്‍ ട്രംപ് പരാമര്‍ശിച്ച് ബാഗ്ദാദിയുടെ രണ്ടാമന്‍ അബു ഹസന്‍ അല്‍ മുജാഹിര്‍ ആണെന്നാണ് സൂചന. ബാഗ്ദാദിയുടെ അടുത്ത അനുയായിയും ഇസ്ലാമിക് സ്റ്റേറ്റ് വക്താവുമായിരുന്ന ഇയാള്‍ ബാഗ്ദാദി കൊല്ലപ്പെടുന്നതിന് മണിക്കൂറുകളുകള്‍ മാത്രം മുന്‍പാണ് അമേരിക്ക-കുര്‍ദ് സംയുക്ത സൈനിക ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
















