മൂന്നാം അദ്ധ്യായം നാലാം പാദം
ബഹിരധികരണം
ഇതില്‍ ഒരു സൂത്രം മാത്രമാണ് ഉള്ളത്.
സൂത്രം- ബഹി സ്തൂഭയഥാപി സ്മൃതേരാചാരാച്ച
എന്നാല്‍ രണ്ട് തരത്തിലായാലും അവര്‍ ആശ്രമധര്‍മ്മങ്ങളില്‍ നിന്ന് പുറത്താകുന്നു. എന്തെന്നാല്‍ സ്മൃതിയും ശിഷ്ടാചാരവും അങ്ങനെയാണ്.
സംന്യാസം, വാനപ്രസ്ഥം എന്നീ ഉയര്‍ന്ന ആശ്രമങ്ങളില്‍ നിന്നുള്ള പതനം ബ്രഹ്മവിദ്യയ്ക്കുള്ള അധികാരത്തെ ഇല്ലാതാക്കും. അത് മഹാപാതകമായാലും ഉപപാതകമായാലും പ്രായശ്ചിത്തം ചെയ്താലും ഇല്ലെങ്കിലും അങ്ങനെ സംഭവിക്കും.
ഇത്തരത്തിലായാല്‍ ബ്രഹ്മവിദ്യയ്ക്കുള്ള അധികാരം ഇല്ലാതാക്കുമെന്ന് സ്മൃതിവാക്യങ്ങളില്‍ നിന്നും ശിഷ്ടാചാരങ്ങളില്‍ നിന്നും വ്യക്തമാക്കുന്നുണ്ട്. വീഴ്ച പറ്റിയവരെ ആശ്രമധര്‍മ്മങ്ങളില്‍ നിന്ന് ബഹിഷ്കരിക്കണം എന്ന് പറയുന്നു. ഇതിനെ കാണിക്കുന്ന സ്മൃതിവാക്യങ്ങളുണ്ട്.പ്രായശ്ചിത്തം ചെയ്യുന്നത് എന്താവശ്യത്തിന് വേണ്ടിയാണോ അത് നടക്കുന്നില്ല. അതു കൊണ്ട് പ്രായശ്ചിത്തമുണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല.
സ്വാമ്യധികരണം
ഇതില്‍ മൂന്ന് സൂത്രങ്ങളുണ്ട്.
സൂത്രം – സ്വാമിനഃ ഫലശ്രുതേരിത്യാത്രേയഃ
ഉപാസനങ്ങളുടെ കര്‍ത്തൃത്വം യജമാനന്തന്നെയാണ് എന്തെന്നാല്‍ ഫലം യജമാനന് ഉണ്ടാകുമെന്നാണ് ശ്രുതിയില്‍ പറയുന്നത് എന്ന് ആത്രേയനെന്ന ആചാര്യന് പറയുന്നു.ഉദ്ഗീഥ ഉപാസനയുമായി ബന്ധപ്പെട്ടതാണിത്.
സാംഗോപാസനകളുടെ കര്‍ത്തൃത്വം യജമാനനാണോ അതോ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്ന ഋത്വിക്കിനാണോ എന്നാണ് സംശയം.യജമാനനാണ് എന്നാണ് ആത്രേയന് എന്ന ആചാര്യന്റെ അഭിപ്രായം.ഫലസങ്കല്പനത്തില്‍ യജമാനനെയാണ് ശ്രുതി പറഞ്ഞിരിക്കുന്നത്.ഛാന്ദോഗ്യത്തിലെ ഒരു മന്ത്രം ഇതിന് പ്രമാണമായി പറയുന്നു.വര്‍ഷ ഉപാസനത്തെ ചെയ്ത് മഴ പെയ്യിക്കുന്നുവെന്ന് ഇതില്‍ കാണാം.
‘വര്‍ഷതി ഹാസ്മൈ വര്ഷയതി ഹ യ ഏതദേവം വിദ്വാന്‍സൃഷ്ടൗപഞ്ചവിധം സാമോപാസ്തേ’ഇപ്രകാരമറിഞ്ഞ്. വൃഷ്ടി ദൃഷ്ടിയോടെ പഞ്ചവിധമായ സാമത്തെ ഉപാസിക്കുന്നയാള്‍ക്ക് അയാളുടെ ഇച്ഛയനുസരിച്ച് മഴ ഉണ്ടാവുകയും മഴ ഇല്ലാത്ത സമയത്തും മഴ പെയ്യിക്കുവാന്‍ കഴിയുകയും ചെയ്യും. ഇവിടെ സ്വാമിയായ ഉപാസകന് ആണ് ഫലമുണ്ടാകുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സൂത്രം- ആര്‍ത്വിജ്യമിത്യൗഡുലോമിസ്തസ്മൈ ഹി പരിക്രീയതേ
(ആര്‍ത്വിജ്യം ഇതി ഔഡുലോമി തസ്മൈ ഹി പരിക്രീയതേ)
ഉപാസനയുടെ കര്‍ത്തൃത്വം ഋത്വിക്കിനാണെന്നാണ് ഔഡുലോമി എന്ന ആചാര്യന് പറയുന്നത്. എങ്കിലും ഫലം യജമാനന് വന്നു ചേരുന്നതില്‍ വിരോധമൊന്നുമില്ല. എന്തെന്നാല്‍ ഋത്വിക് യജമാനനില്‍ നിന്ന് ദക്ഷിണ വാങ്ങുന്നുണ്ട്. അത് ഒരു തരത്തില്‍ ഋത്വിക്കിന്റെ കര്‍മ്മഫലത്തെ യജമാനന് വിലയ്ക്ക് വാങ്ങുകയാണ്. കര്‍തൃത്വം ഋത്വിക്കിനാണ്. അദ്ദേഹമാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഫലം യജമാനനില്‍ വന്നു ചേരാം.
സൂത്രം – ശ്രുതേശ്ച
ശ്രുതിയുടെ അഭിപ്രായവും അങ്ങനെയാണ്. ശ്രുതി പ്രമാണങ്ങള്‍ ഔഡുലോമിയുടെ അഭിപ്രായത്തെ പിന്തുണയ്ക്കുന്നു. എന്തെന്നാല്‍ ഋത്വിക് എന്തൊരു സങ്കല്പം ചെയ്യുന്നതും യജമാനന് വേണ്ടിയാണ് എന്ന് ശതപഥബ്രാഹ്മണത്തില്‍ പറയുന്നു. ഛാന്ദോഗ്യത്തില്‍ നിന്റെ ഏത് ആഗ്രഹം സാധിപ്പിക്കാനാണ് ഞാന്‍ സാമഗാനം ചെയ്യേണ്ടത് എന്ന് ചോദിച്ച് യജമാനന് വേണ്ടി ഉദാഗാതാവ് സാമഗാനം ചെയ്യുന്നത് കാണാം. അതിനാല്‍ ഋത്വിക് കര്‍മ്മങ്ങളുടെ കര്‍ത്താവും യജമാനന് ഫലഭോക്താവുമാണ്.
9495746977
പ്രതികരിക്കാൻ ഇവിടെ എഴുതുക: