ആലപ്പുഴ: പുതുമുഖ സംവിധായകന് അജയ് ജ്ഞാനമുരുകന് അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ ഭാഗമായി നടന്ന താരവിവാഹത്തിനു സാക്ഷ്യം വഹിച്ച് അമ്പലപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധി. തമിഴ് സൂപ്പര്‍സ്റ്റാര്‍ ചിയാന്‍ വിക്രമിന്റെ പേരിട്ടിട്ടില്ലാത്ത പുതിയ സിനിമയിലെ വിവാഹരംഗമാണ് ചിത്രീകരിച്ചത്. രണ്ടു ഭാഗങ്ങളായാണ് ക്ഷേത്ര സന്നിധിയില്‍ ചിത്രീകരണം നടന്നത്. ബോളിവുഡ് നായിക സൃദ്ധി ഷെട്ടിയായിരുന്നു വധു.
ഇന്നലെ രാവിലെ പത്തുമണിക്ക് ആരംഭിച്ച ഷൂട്ടിങ്ങിന്റെ ആദ്യ ഭാഗത്തില്‍ വിവാഹ നിശ്ചയ രംഗങ്ങളാണ് പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് രാത്രിയോടെയാണ് വിവാഹസീനുകളെടുത്തത്. നിരവധി അളുകളാണ് ചിത്രീകരണം കാണാനെത്തിയത്. ഇതിലുപരി ഒട്ടനവധി ജൂനിയര്‍ ആര്ട്ടിസ്റ്റുകള്ക്കൂടിയായപ്പോള് ക്ഷേത്രാങ്കണം ഉത്സവ സമാനമായി. ചുറ്റുവിളക്കുകള്‍ തെളിയിച്ചും പൂക്കള്‍ കൊണ്ട് വിതാനിച്ചും അമ്പല പരിസരം അലങ്കരിച്ചത്തോടെ ചിത്രീകരണം കൂടുതല്‍ ജനശ്രദ്ധ നേടി. മലയാളത്തിന്റെ ഹാസ്യതാരം മാമുക്കോയ ഉള്‍പ്പെടെ വന്താര നിരയാണ് ചിത്രത്തിലുള്ളത്.
അഞ്ച് ദിവസത്തെ ചിത്രീകരണമാണ് ആലപ്പുഴയില്‍ നടക്കുക. കുട്ടനാട്ടിലൂടെ ഹൗസ് ബോട്ട് യാത്രയും കായല്‍ മനോഹാരിതയും പകര്‍ത്താന്‍ വരും ദിവസങ്ങളില്‍ പുന്നമടയിലും ഷൂട്ടിങ് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: