ന്യൂദല്‍ഹി: രാജ്യം അതിവേഗം പുരോഗമിക്കുകയാണെന്നും അടുത്ത 15 വര്‍ഷത്തിനുള്ളില്‍ പത്ത് ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥയെന്ന ലക്ഷ്യം കൈവരിക്കുമെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച ‘ഡെഫ് കണക്ട്’ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2024നുള്ളില്‍ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥ കൈവരിക്കുകയെന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ലക്ഷ്യം. എന്നാല്‍ നിലവിലെ പുരോഗതി സൂചിപ്പിക്കുന്നത് വളരെ വേഗത്തില്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ സാധിക്കുമെന്നാണ്. സമ്പദ് വ്യവസ്ഥിയിലെ ഈ അതിവേഗ നേട്ടത്തില്‍ പ്രതിരോധ മേഖലയ്‌ക്ക് വലിയ പങ്കാണുള്ളത്. ഇന്ത്യന്‍ പ്രതിരോധ മേഖലയെ 2025 ഓടെ 26 ബില്ല്യണ്‍ അമേരിക്കന്‍ ഡോളറാക്കി മാറ്റുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം.
ലോകോത്തര നിലവാരമുള്ള യുദ്ധോപകരണങ്ങള്‍ നിര്‍മിച്ച് കയറ്റുമതി ചെയ്യുന്ന സ്വയം പര്യാപ്തമായ പ്രതിരോധ മേഖലയാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും ഇതിനായി സ്വകാര്യ മേഖലയുടെ സജീവ പങ്കാളിത്തം വേണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
















