നെടുങ്കണ്ടം: സര്‍ക്കാര്‍ ഭൂമി കൈയേറുന്നതില്‍ ഗ്രാമപഞ്ചായത്തും പള്ളിയും ഒറ്റക്കെട്ട്. വൈദ്യുതി ബോര്‍ഡിന്റെ ഭൂമി കൈയേറി പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് കെട്ടിടം നിര്‍മിച്ചു. മുണ്ടിയെരുമ പടിഞ്ഞാറേ കവലയില്‍ ആണ് കൈയേറ്റം.
കല്ലാര്‍ ഡൈവേഷന്‍ ഡാം നിര്‍മിച്ച സമയത്ത് വെള്ളം കയറി നില്‍ക്കുന്നതിന് വേണ്ടി മാറ്റിയിട്ട വൈദ്യുതി ബോര്‍ഡിന്റെ കൈത്തോട്ടിലാണ് കൈയേറ്റം. നെടുങ്കണ്ടം പഞ്ചായത്തിന്റെ പരിധിയിലാണ് സ്ഥലമെങ്കിലും പാമ്പാടുംപാറ പഞ്ചായത്താണ് അനധികൃതമായി കോടികള്‍ മുടക്കി കെട്ടിടം നിര്‍മിച്ചത്. നിരവധി ആക്ഷേപങ്ങളുണ്ടായി കെട്ടിടത്തിന് വൈദ്യുതി കണക്ഷന് നല്കാന് ബോര്‍ഡ് വിസ്സമ്മതിച്ചപ്പോള്‍ സ്ഥലം എംഎല്‍എയായ വൈദ്യുതി മന്ത്രി തന്നെ ഇടപെട്ട് വൈദ്യുതി കണക്ഷന് നല്‍കിയതായും ആരോപണമുണ്ട്. ഈ നിര്‍മാണത്തില്‍ വന്‍ സാമ്പത്തിക അഴിമതിയെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.
പഞ്ചായത്ത് ഭൂമി കൈയേറിയതിന്റെ മറവില്‍, ഒരു സെന്റ് ഭൂമിക്ക് പട്ടയമുണ്ടെന്ന് അവകാശമുന്നയിച്ച് ക്ര്യസ്ത്യന്‍ മിഷണറി അവിടെ മണ്ണിട്ട് നികത്തി കെട്ടിടം നിര്‍മിക്കുന്നുണ്ട്. ഇതിന് പഞ്ചായത്ത് പലതവണ സ്റ്റേ നല്‍കിയെങ്കിലും സമ്മര്‍ദ ഫലമായി അവിടെ നിര്‍മാണം പുരോഗമിക്കുന്നു. ഈ കൈത്തോട് എതാണ്ട് പൂര്‍ണമായും നികത്തി നീരൊഴുക്ക് ദിശ മാറ്റി വിട്ട നിലയിലാണ്.
ഡാം നിര്‍മാണം സമയത്ത് കൈത്തോടിന്റെ വശങ്ങളിലുണ്ടായിരുന്ന രണ്ട് വീടുകള്‍ക്ക് നഷ്ടപരിഹാരം നല്കി ഒഴിപ്പിച്ചിരുന്നു. എന്നാല്‍, ഇതേ വീട്ടുകാര്‍ തന്നെ സ്ഥലം കൈയേറി അവിടെ താമസിക്കുന്നു. മറ്റൊരാള്‍ വീട് വാടകയ്ക്ക് കൊടുത്തു. ഇതോടൊപ്പം വീട്ടില്‍ വെള്ളം കയറുന്നുവെന്ന് കാട്ടി നിരവധി തവണ നഷ്ടപരിഹാരം വാങ്ങിയെടുത്തെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: