യുദ്ധം ചെയ്യാന്‍ പറ്റാത്തിടം എന്നാണ് അയോധ്യയെക്കുറിച്ച് പറയുന്നത്. അതുകൊണ്ടുതന്നെയാണ് ആ പേര് വന്നതും. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഫലഭൂയിഷ്ഠമായ ഭൂമിയാണ് അയോധ്യ. അതിനൊത്ത ഒരു സാംസ്കാരികധാര അയോധ്യയെ ചുറ്റിപ്പുണര്‍ന്നു കിടപ്പുണ്ട്. അതിന്റെ ഉള്ളറകള്‍ കണ്ടെത്തിയ നിലപാടാണ് പരമോന്നത ന്യായാലയത്തിന്റെ വിധിയിലൂടെ ഉണ്ടായിരിക്കുന്നത്. തികച്ചും സ്വാഗതാര്‍ഹവും ഹൃദയത്തിലേറ്റാവുന്നതുമായ വിധിയാണത്. ഇതിന്റെ ഗുണാത്മക സന്ദേശം ഇന്ത്യന്‍ സ്വത്വത്തിന്റെ പ്രൗഢിയും പകിട്ടും ഉത്തരോത്തരം വര്‍ധിപ്പിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
ശ്രീരാമജന്മഭൂമിയില് എന്താണ് ഉയര്‍ന്നു വരേണ്ടത് എന്ന ചോദ്യം പോലും അപ്രസക്തമാണ്. കാരണം ഈ നാടിന്റെ അസ്തിത്വം തന്നെയാണ് ശ്രീരാമന്. രാമസങ്കല്‍പ്പവും രാമസംസ്കാരവും ഇവിടുത്തെ ഓരോ മണ്‍തരിയിലും തുടിച്ചു തുള്ളുന്നതാണ്. ശ്രീരാമനില്ലാതെ എന്ത് അയോധ്യ, എന്ത് ഭാരതം? ഏത് മതാത്മക പാത പിന്തുടര്ന്നാലും ഏത് സംസ്കാര പാതയിലൂടെ ചരിച്ചാലും രാമചരിതവും രാമനാമവും അവര്‍ക്കുള്ളില്‍ മിടിച്ചു കൊണ്ടിരിക്കും എന്നതത്രേ ചിരന്തന സത്യം. ശ്രീരാമജന്മഭൂമിയെന്ന് അനാദികാലം മുതല്‍ ഉയര്‍ന്നു കേട്ട പരിപൂതമായ ഒരു സ്ഥലത്തെക്കുറിച്ച് വിവാദം ഉയര്‍ത്തുകയെന്നതു പോലും സംഭവിക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ അങ്ങനെയുണ്ടായി. അതിന് ഒരു പാട് മാനങ്ങളുണ്ട്; ബോധപൂര്‍വം പരുവപ്പെടുത്തിയ മാനങ്ങള്‍.
ഈ മണ്ണും ഇതിന്റെ ചൂരും ചൂടും അനുഭവിക്കാന്‍ കഴിയുകയെന്നതാണ് ആദ്യം വേണ്ട സംസ്കാരം. ആ വഴിയിലൂടെ നീങ്ങിയെങ്കില്‍ മാത്രമേ മഹിത പാരമ്പര്യത്തിന്റെ തുടിപ്പാര്‍ന്ന മുഖം ദര്‍ശിക്കാനാവൂ. അതിനാദ്യം ഈ നാടിനെ അറിയണം. നിര്‍ഭാഗ്യവശാല്‍ അതിനല്ല ആരും തുനിഞ്ഞിറങ്ങുന്നത്. നമ്മെപ്പറ്റി മറ്റുള്ളവര്‍ പറഞ്ഞതും ചൂണ്ടിക്കാണിച്ചതുമായ സംഭവഗതികളിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത്. ഒരു നാടിന്റെ തനിമയും ഗരിമയും അന്യ നാട്ടുകാര്‍ പറഞ്ഞു തരണമെന്ന രീതിയിലേക്ക് താഴുമ്പോള്‍ യഥാര്‍ഥത്തില്‍ ഈ നാടിന്റെ അസ്തിത്വം തന്നെയാണ് ഇടിഞ്ഞു വീഴുന്നത്. ശ്രീരാമജന്മഭൂമിയുടെ കാര്യത്തിലും സംഭവിച്ചത് ഇതു തന്നെയാണ്. ഭാരതത്തിന്റെ നിസ്തുലവും പ്രൗഢഗംഭീരവുമായ പാരമ്പര്യത്തെ തള്ളിപ്പറയുന്ന ഒരു രീതിയിലേക്ക് തലമുറകളെ നയിച്ചതിന്റെ ദുരന്തഫലമാണ് നാമിന്നനുഭവിക്കുന്നത്. ഏത് സംസ്കാരമായാലും നാടിന്റെ പാരമ്പര്യം ഉള്‍ക്കൊള്ളുക എന്നതല്ല കാണുന്നത്. തങ്ങളുടെ വിശ്വാസപ്രമാണത്തിലേക്ക് നാടിനെ വലിച്ചുകൊണ്ടു
പോവുന്ന പ്രവണതയാണ്. ശ്രീരാമജന്മസ്ഥാനില്‍ മറ്റെന്തൊക്കെയോ ഉയരണമെന്ന തീവ്രമത ചിന്താഗതിയും അതിനെ പരിപോഷിപ്പിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്കുമാണ് ഇതപ്പര്യന്തമുള്ള പ്രശ്നങ്ങള്‍ക്ക് വഴിമരുന്നിട്ടത്.
ശ്രീരാമന് ജനിച്ചതിനും വളര്‍ന്നതിനും തെളിവു ചോദിക്കുന്ന ബാലിശനിലപാടിലേക്ക് ചിലര്‍ എത്തിച്ചേര്‍ന്നത് അവരുടെ സംസ്കാരത്തിന്റെ അഭാവമാണ്. ബ്രിട്ടീഷ് നിലപാടിന്റെ അനന്തരഫലമായാണ് ഇത്തരം നിഷേധാത്മക സമീപനങ്ങള്‍ ഉയര്‍ന്നു വന്നത്. ഉത്ഖനനത്തില്‍ ഉള്‍പ്പെടെ രാമജന്മസ്ഥാനില്‍ നിന്ന് ലഭിച്ച അതിശക്തമായ തെളിവുകള്‍ യുക്താനുസരണം വക്രീകരിച്ച് വ്യാഖ്യാനിക്കുകയും ഇരുളിലേക്ക് വലിച്ചെറിയുകയും ചെയ്തു ക്ഷുദ്രശക്തികള്‍. അത്തരം കുത്സിത തന്ത്രങ്ങളുടെ പുറംപൂച്ചാണ് ഇപ്പോള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു തരിപ്പണമായിരിക്കുന്നത്. ഒരു രാജ്യത്തിന്റെ സാംസ്കാരിക ധാരയെ അട്ടിമറിക്കാന്‍ പലതരത്തിലുള്ള നീക്കങ്ങള്‍ നടത്തിയവര്‍ ഒരിക്കല്‍ പോലും യാഥാര്‍ഥ്യത്തിന്റെ അംശം കണക്കിലെടുത്തില്ല എന്നറിയണം.
ശ്രീരാമനും രാമജന്മഭൂമിയും ജനമനസ്സുകളില്‍ കോറിയിടുന്ന വികാരത്തെ ലോകത്തുള്ള ഒരു ശക്തിക്കും അട്ടിമറിക്കാനാവില്ല എന്നതിന് ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലുമുണ്ട്. രാമജന്മഭൂമിക്കു മുകളില്‍ വോട്ടു രാഷ്ട്രീയത്തിന്റെ മ്ലേച്ഛമേലാപ്പിട്ട് മൂടാനാണ് രാജ്യത്തെ ബഹുഭൂരിപക്ഷം രാഷ്ട്രീയ കക്ഷികളും ശ്രമിച്ചത്. ഒരു വിഭാഗത്തെ കൂടെ നിര്‍ത്താനായി അടിസ്ഥാന സങ്കല്‍പ്പങ്ങളെ പോലും മാറ്റിമറിച്ചുകൊണ്ട് അവര്‍ പ്രചാരണങ്ങള്‍ സംഘടിപ്പിച്ചു. രാമജന്മഭൂമിക്കു വേണ്ടി ത്യാഗനിര്‍ഭരമായ പോരാട്ടം നടത്തിയവരെ ശത്രുപക്ഷത്ത് നിര്‍ത്തി വെടിവച്ചു വീഴ്ത്തി. അവരുടെ മൃതദേഹങ്ങള്‍ മണല്‍ച്ചാക്കുകെട്ടി നദിയിലേക്ക് വലിച്ചെറിയുക വരെ ചെയ്തു. രാമജന്മസ്ഥാനിലെ പവിത്ര ക്ഷേത്രത്തിനു വേണ്ടി ജീവത്യാഗം ചെയ്ത കോത്താരി സഹോദരങ്ങള്‍ ഉള്‍പ്പെടെയുള്ള അനേകം ആത്മാക്കള്‍ക്ക് മോക്ഷം ലഭിക്കുന്ന വിധിയാണ് ഉണ്ടായിരിക്കുന്നത്. ആത്യന്തികമായി അത്തരമൊരു വിധിക്കേ സാംഗത്യമുള്ളൂ.
രാമജന്മസ്ഥാനില്‍ നിന്നുയരുന്ന സന്ദേശം ലോകസമാധാനത്തിന്റേതാണ്. മഹാത്മാഗാന്ധിയുള്‍പ്പെടെയുള്ള മഹാത്മാക്കള്‍ ഉയര്‍ത്തിക്കാട്ടിയ സന്ദേശം അതിന്റെ എല്ലാ ഗരിമയോടും കൂടി ഉയര്‍ന്നു നില്‍ക്കുകയാണ്. രാമരാജ്യം എന്ന സുന്ദരവും സുതാര്യവുമായ ഒരു ഭരണക്രമത്തിന്റെ ഉദ്ഘോഷമാണ് സുപ്രിംകോടതി വിധിയിലൂടെ നമുക്ക് ശ്രവിക്കാനാവുന്നത്. അനേക വര്‍ഷമായി വരണ്ട് തപിച്ചു കിടക്കുന്ന ഭൂമിയില്‍ മഴ പെയ്യുമ്പോഴുണ്ടാകുന്ന ആ കുളിര്‍മയാണ് ജനകോടികള്‍ ഏറ്റുവാങ്ങുന്നത്. രാമജന്മസ്ഥാനും അതുയര്‍ത്തിവിടുന്ന ആത്മശുദ്ധീകരണ സന്ദേശവും ആവോളം ഉള്‍ക്കൊണ്ട് മുന്നോട്ടു പോകാനാണ് ശ്രമിക്കേണ്ടത്. ഇതൊരു വിജയ-പരാജയപ്രശ്നമോ ആരുടെയെങ്കിലും മേല്‍ക്കോയ്മയുടെ കാര്യമോ അല്ല. ഭാരതത്തിന്റെ തനിമയെ അതിന്റെ വിശാലാര്‍ഥത്തില്‍ കാണാനുള്ള ഉള്‍ക്കാഴ്ച ജനങ്ങള്‍ക്കു കൈമാറുകയാണ്. ഇവിടുത്തെ ജനതതി അത് നെഞ്ചേറ്റുകയും ലോകത്തിന് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രകാശമാനമായ മുഖം കാണിച്ചു കൊടുക്കുകയുമാണ്. പ്രഭാവശാലിയായ ഭാരതത്തിന്റെ കുതിച്ചു ചാട്ടത്തിന് എന്നെന്നും ശ്രീരാമസന്ദേശം തന്നെയാണ് കരുത്ത്. അത് സംശയാതീതമായി വ്യക്തമാക്കപ്പെടുകയാണ് ചരിത്ര വിധിയിലൂടെ. അതിന്റെ തെളിമ നമ്മെ പുരോഗതിയിലേക്ക് നയിക്കുമെന്നതില്‍ തര്‍ക്കമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: