ന്യൂദല്‍ഹി: അയോധ്യ വിധിയെ തുടര്‍ന്ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ഭീകരാക്രമണത്തിനു സാധ്യതയെന്ന് ഇന്റലിജന്‍സ് ബ്യൂറോ. പാകിസ്ഥാനില്‍ നിന്നുള്ള ഭീകര സംഘമായ ജെയ്ഷെ മുഹമ്മദാണ് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്ന് മിലിട്ടറി ഇന്റലിജന്‍സും, റോയും, ഐബിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്നു ഏജന്‍സികളും ഒരേ വിവരം നല്‍കിയതിനാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അതീവ ഗൗരവത്തോടെ സാഹചര്യത്തെ കണക്കാക്കുന്നത്.
ന്യൂദല്‍ഹി, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെയാണ് ഭീകരര്‍ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ജെയ്ഷെ മുഹമ്മദ് പുറത്തു വിട്ട വീഡിയോയില്‍ അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ആയുധങ്ങള്‍ എടുക്കണമെന്ന് ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ ഭീഷണി മുഴക്കിയിരുന്നു.
നമ്മുടെ ഭീരുത്വവും, പാപങ്ങളും കാരണമാണ് അയോദ്ധ്യയിലെ പള്ളി നമുക്ക് നഷ്ടപ്പെട്ടത്. ഇപ്പോള്‍ ആ സ്ഥലത്ത് ക്ഷേത്രം നിര്‍മ്മിക്കാന്‍ ഇസ്ലാമുകള്‍ അല്ലാത്തവര്‍ ഒത്തുകൂടിയിരിക്കുകയാണ്. അതിനു അനുവദിക്കരുത്. നമുക്ക് വേണ്ടത് പള്ളിയാണ്. ഇസ്ലാം സമൂഹത്തിന്റെ അഭിമാനമാണത്. അള്ളാഹു നമുക്ക് വെളിച്ചം കാട്ടിത്തരും, ക്ഷേത്രം നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ആയുധങ്ങള്‍ എടുക്കണം. രക്തച്ചൊരിച്ചില്‍ ഉണ്ടാകണം. ക്ഷേത്രം നിര്‍മ്മിക്കാന്‍ ശ്രമിച്ചാല്‍ അപകടം ഉണ്ടാകുമെന്ന് മോദിയും, ഉദ്ധവ് താക്കറെയും അറിയണമെന്നും അസ്ഹര്‍ വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു.
അതേസമയം വിധിയെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് രാജ്യത്തില്‍ ഏര്‍പെടുത്തിരിക്കുന്നത്. യുപി ഉള്‍പ്പെടുന്ന രാജ്യത്തെ പ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷാ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരുന്നു.
















