ന്യൂദല്‍ഹി: രാജ്യം അയോധ്യ വിധിയെ പൂര്‍ണ മനസ്സോടെ സ്വീകരിച്ചെന്നും നവംബര്‍ ഒമ്പത് ചരിത്രദിനമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതിന്യായ വ്യവസ്ഥയിലെ സുവര്‍ണ്ണ അധ്യായമാണ് ഇന്ന് രചിക്കപ്പെട്ടത്. ദശാബ്ദങ്ങള്‍ പഴക്കമുള്ള തര്‍ക്കം ഇന്ന് അവസാനിച്ചു. ഇന്ത്യന്‍ ജനത പുതിയ ചരിത്രം എഴുതി. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള നീതിന്യായ വ്യവസ്ഥയുടെ ശക്തി തെളിയിക്കുന്നതാണ് വിധിയെന്നും മോദി പറഞ്ഞു.
നാനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ സവിശേഷത. തെറ്റായ സന്ദേശങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ല. ഇനി പുതിയ ഇന്ത്യയെ രചിക്കാം. ഇനി പുതിയ ചരിത്രം രചിക്കാമെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.
ബര്‍ലിന്‍ മതില്‍ തകര്‍ന്നതിന്റെ വാര്‍ഷിക ദിനമായ ഇന്ന് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുണ്ട്. കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടനം, വര്‍ഷങ്ങളായി ഇന്ത്യ കാത്തിരുന്ന വിധി ഇവയാണ് ഇന്ന് ഉണ്ടായത്.
സമാധാനപൂര്‍വമായ സഹവര്‍ത്തിത്വം നിലനിര്‍ത്താനുള്ള ഇന്ത്യന്‍ ജനതയുടെ സഹജമായ പ്രതിജ്ഞാബദ്ധതയാണ് കോടതിവിധിയെത്തുടര്‍ന്ന് കാണുന്നത്. ഈ നവംബര്‍ ഒമ്പത് നമുക്ക് കാട്ടുന്നത് പുരോഗതിയിലേയ്‌ക്ക് കുതിക്കാനുള്ള മാര്‍ഗമാണ്. ഇവിടെ ഭയത്തിനു സ്ഥാനമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
















